കണ്ടക്ടർമാരെ പെട്രോൾ പമ്പ് ജോലിക്ക് നിർബന്ധിക്കില്ല; കെ.എസ്.ആർ.ടി.സി ശമ്പള പരിഷ്കരണ കരാറിലെ വിവാദ വ്യവസ്ഥകൾ റദ്ദാക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം: കണ്ടക്ടർമാരടക്കമുള്ളവർക്ക് പെട്രോൾ പമ്പിൽ നിർബന്ധിത നിയമനം ഉൾപ്പെടെ കെ.എസ്.ആർ.ടി.സി ശമ്പളപരിഷ്കരണ കരാറിലെ വിവാദ വ്യവസ്ഥകൾ റദ്ദാക്കാൻ ഗതഗാതമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ തീരുമാനം. കെ.എസ്.ആർ.ടിസിയിൽ എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി ആന്‍റണി രാജു യോഗത്തിൽ ഉറപ്പു നൽകി.
ശമ്പളപരിഷ്കരണ കരാറിന്‍റെ കരടിൽ യൂനിയനുകളുടെ എതിർപ്പ് മൂലം ഉപേക്ഷിച്ച വ്യവസ്ഥകളും അംഗീകരിക്കാത്ത വിഷയങ്ങളും ഉൾപ്പെട്ടത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കരാർ ഒപ്പിടാൻ വിസമ്മതിച്ച യൂനിയനുകളെ വീണ്ടും സർക്കാർ ചർച്ചക്ക് വിളിച്ചത്. ഇന്നത്തെ ചർച്ചയിൽ തീരുമാനിച്ച മാറ്റങ്ങൾ കരാറിന്‍റെ കരടിൽ ഉൾപ്പെടുത്തും. തുടർന്ന് നാളെ മന്ത്രി തലത്തിൽ ചർച്ച പൂർത്തീകരിച്ച് താമസം കൂടാതെ കരാർ ഒപ്പിടാമെന്നുള്ള തീരുമാനത്തിലാണ് യോഗം അവസാനിച്ചത്.
ഗതാഗത മന്ത്രിയും യൂനിയൻ നേതാക്കളും പങ്കെടുത്ത ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ:
- എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകാൻ നടപടി സ്വീകരിക്കും
- പ്രതിമാസം 20 ഡ്യൂട്ടിയിൽ താഴെയുള്ളവർക്ക് സപ്ലിമെന്‍ററി ആയി മാത്രമേ ശമ്പളം നല്കൂ എന്ന നിബന്ധന ഒഴിവാക്കി. എന്നാൽ, സർവിസ് ആനുകൂല്യങ്ങൾ ലഭിക്കാൻ ഒരു വർഷം മിനിമം 190 ഡ്യൂട്ടി ബാധകമാക്കും. അർഹമായ ലീവ്, മെഡിക്കൽ ലീവ്, അടുത്ത ബന്ധുക്കളുടെ മരണകാരണമുള്ള അവധികൾ എന്നിവ ഉൾപ്പടെയാണിത്.
- ചൈൽഡ് കെയർ അലവൻസ് കാറ്റഗറി ഭേദമന്യേ എല്ലാ വനിതാ ജീവനക്കാർക്കും അനുവദിക്കും.
- പെട്രോൾ പമ്പിൽ ജോലിക്ക് നിർബന്ധിത നിയമനം നടപ്പാക്കില്ല. താൽപര്യമുള്ള വിവിധ വിഭാഗം ജീവനക്കാരുടെ അപേക്ഷ ക്ഷണിക്കും. കാറ്റഗറി ചെയ്ഞ്ച് അപേക്ഷകൾ പരിഗണിച്ച് താത്പര്യം ഉള്ളവർക്ക് പെട്രോൾ പമ്പിൽ നിയമനം നൽകും.
- ജീവനക്കാരുടെ കേഡർ സ്ട്രെങ്ത് സംബന്ധിച്ച നിർദ്ദേശം പൂർണ്ണമായും സംഘടനകൾ തള്ളി. 404ാമത് ഡയറക്ടർ ബോർഡ് തീരുമാനം കരാറിൽനിന്നും ഒഴിവാക്കും
- ആശ്രിത നിയമനം നല്കും. ഒഴിവുള്ള പോസ്റ്റുകളിൽ മാത്രമായിരിക്കും നിയമനം
- കോസ്റ്റ് ഓഫ് ഡാമേജ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട് 31.12.2013 ലെ സർക്കുലർ കരാറിന്‍റെ ഭാഗമാക്കും.
- റാക്ക് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട വിവിധ കേസുകൾ ഒറ്റ തവണ തീർപ്പാക്കൽ വഴി പരിഹരിക്കും.
- പരിഷ്ക്കരിച്ച സ്കെയിൽ സംബന്ധിച്ച പരാതികൾ പരിശോധിച്ച് അപാകത ഉണ്ടെങ്കിൽ തിരുത്തും
- ഇൻകുബെൻസി പൂർത്തീകരിച്ച് തിരികെ മാതൃ യൂണിറ്റിലേക്ക് വിടുതൽ ചെയ്യുന്നവർക്ക് അടുത്ത 5 വർഷം സ്ഥലം മാറ്റത്തിൽ ഇളവ് അനുവദിക്കും.
- പെൻഷൻ സമയബന്ധിതമായി പരിഷ്ക്കരിച്ച് കരാറിന്‍റെ ഭാഗമാക്കും.
- സ്റ്റേ സർവിസുകൾക്ക് സ്റ്റേ റൂം സൗകര്യം നൽകും.
- ഡിപ്പോ ഏകീകരണം, വർക് ഷോപ്പ് കുറക്കൽ കരാറിന്‍റെ ഭാഗമാക്കില്ല
മാറ്റം കടുത്ത എതിർപ്പിനെ തുടർന്ന്
മാസം 20 ഡ്യൂട്ടിയുള്ളവർക്കേ ശമ്പളം നൽകൂ എന്നതടക്കമുള്ള വ്യവസ്ഥകളായിരുന്നു കരടിൽ ഉൾപ്പെടുത്തിയത്. യൂനിയനുകളുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് ഇവ മാറ്റിയത്. 18 ദിവസം ജോലിയെടുത്തയാളിന് രോഗമോ അപകടമോ മൂലം തുടർദിവസങ്ങളിൽ ഡ്യൂട്ടിക്ക് ഹാജരാകാൻ കഴിഞ്ഞില്ലെങ്കിൽ ആ മാസത്തെ ശമ്പളം നഷ്ടപ്പെടുമെന്നായിരുന്നു വിവാദ വ്യവസ്ഥ.
കണ്ടക്ടർമാരടക്കം ജൂനിയറായ ജീവനക്കാരെ പെട്രോൾ പമ്പുകളിലേക്ക് ആവശ്യമെങ്കിൽ നിർബന്ധിത സ്വഭാവത്തിൽ നിയമിക്കാമെന്നതായിരുന്നു മറ്റൊരു വിവാദ വ്യവസ്ഥ. നിലവിൽ താൽപര്യമുള്ളവരെയാണ് ഈ ഡ്യൂട്ടിയിലേക്ക് മാറ്റുന്നത്. ഈ 'താത്പര്യം തേടൽ' പരിഗണിക്കാതെ പി.എസ്.സി വഴി കണ്ടക്ടർമാരായി എത്തിയവരെ പമ്പുകളിൽ നിയമിക്കാനായിരുന്നു നീക്കം.
ആശ്രിത നിയമനത്തിനു പകരം കോമ്പൻസേഷൻ നൽകാനുള്ള നീക്കമായിരുന്നു മറ്റൊന്ന്. ഇതും ഇന്ന് നടന്ന ചർച്ചയിൽ പിൻവലിക്കാൻ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.