80:20; ന്യൂനപക്ഷ സ്കോളർഷിപ്പിന് ഇനി ജനസംഖ്യാനുപാതം
text_fieldsതിരുവനന്തപുരം: സച്ചാർ കമീഷൻ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ നിലവിൽ വന്ന സ്കോളർഷിപ് ന്യൂനപക്ഷ സമുദായങ്ങളിൽ ജനസംഖ്യാനുപാതികമായി വീതംെവക്കാൻ മന്ത്രിസഭ തീരുമാനിച്ചു. നിലവിൽ സ്കോളർഷിപ്പിന് സ്വീകരിച്ചിരുന്ന അനുപാതം അവസാനിപ്പിച്ചു. മുസ്ലിംകൾക്ക് 80 ശതമാനം, ക്രൈസ്തവർക്ക് 20 ശതമാനമെന്ന അനുപാതം ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിൽ അപ്പീൽ പോലും പോകാതെയാണ് ജനസംഖ്യാനുപാതത്തിൽ നടപ്പാക്കാൻ തീരുമാനിച്ചത്.
ഒാരോ സമുദായത്തിനും ഏത് തോതിലാണ് സ്കോളർഷിപ്പെന്ന് സർക്കാർ വ്യക്തമാക്കിയില്ല. ജനസംഖ്യാടിസ്ഥാനത്തിലാക്കാൻ തീരുമാനിച്ചതോടെ പിന്നാക്കാവസ്ഥയെന്ന മുഖ്യമാനദണ്ഡവും ഫലത്തിൽ ഇല്ലാതായി. സച്ചാർ കമ്മിറ്റി റിപ്പോർട്ടിെൻറ അന്തഃസത്ത തന്നെ ചോദ്യം ചെയ്യുന്നതാണ് സർക്കാർ തീരുമാനമെന്ന് വിമർശമുണ്ട്. ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളർഷിപ് അനുവദിക്കുമെന്ന് സർക്കാർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ക്രിസ്ത്യന്‍ 18.38 ശതമാനം, മുസ്ലിം 26.56 ശതമാനം, ബുദ്ധര്‍ 0.01ശതമാനം, ജൈനർ 0.01 ശതമാനം, സിഖ് 0.01 ശതമാനം എന്നിങ്ങനെയാണ് ജനസംഖ്യാടിസ്ഥാനത്തിൽ വരിക. ന്യൂനപക്ഷ സമുദായങ്ങളിെല അപേക്ഷകരിൽ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാകില്ല. സ്കോളര്‍ഷിപ്പിന് 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികം അനുവദിക്കുമെന്നും സർക്കാർ വ്യക്തമാക്കി. ഹൈകോടതി വിധിക്കുപിന്നാലെ, പ്രശ്ന പരിഹാരത്തിന് സർക്കാർ നിയോഗിച്ച സെക്രട്ടറി തല സമിതിയുടെ ശിപാർശ കൂടി പരിഗണിച്ചാണ് തീരുമാനം.
രാജ്യത്തെ മുസ്ലിം പിന്നാക്കാവസ്ഥ പഠിച്ച സച്ചാർ കമ്മിറ്റിയാണ് മുസ്ലിംകൾക്കായി വിവിധ പദ്ധതികൾ ശിപാർശ ചെയ്തത്. ഇത് കേരളത്തിൽ നടപ്പാക്കിയത് പാലോളി സമിതിയുടെ റിപ്പോർട്ട് അനുസരിച്ചായിരുന്നു. മുസ്ലിം കുട്ടികൾക്ക് നടപ്പാക്കിയ സ്കോളർഷിപ്പിൽ 20 ശതമാനം 2011ൽ ലത്തീൻ ക്രൈസ്തവ വിഭാഗങ്ങൾക്കുകൂടി നൽകി ഉത്തരവിറക്കി. ഇങ്ങനെയാണ് 80:20 എന്ന അനുപാതം വന്നത്.
ന്യൂനപക്ഷ പദ്ധതി എന്ന നിലയിൽ സംസ്ഥാനത്ത് വിവാദമുയർന്നപ്പോൾ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ സച്ചാർ റിപ്പോർട്ട് അതേപടി നടപ്പാക്കി വരികയാണ്. ഹൈകോടതി വിധിക്കെതിരെ സർക്കാർ അപ്പീൽ പോകണമെന്ന് മുസ്ലിം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.