ശ്രദ്ധയുടെ മരണം: സ്വാശ്രയ സ്ഥാപനങ്ങളടക്കം പരാതി പരിഹാര സെൽ രൂപീകരിക്കാൻ തീരുമാനം
text_fieldsതിരുവനന്തപുരം: സ്വാശ്രയ സ്ഥാപനങ്ങളടക്കം മുഴുവൻ അഫിലിയേറ്റഡ് കോളജുകളിലും സർവകലാശാല പഠനവിഭാഗങ്ങളിലും ഒരു മാസത്തിനകം വിദ്യാർഥി പരാതി പരിഹാര സെൽ രൂപവത്കരിക്കാൻ സർക്കാർ ഉത്തരവ്. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജ് വിദ്യാർഥിനി ശ്രദ്ധ ജീവനൊടുക്കിയ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ.ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുഴുവൻ കോളജുകളിലും പ്രഫഷനൽ സൈക്കോളജിസ്റ്റുകളുടെ സേവനം നിർബന്ധമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോളജ് പ്രിൻസിപ്പൽ/സർവകലാശാല പഠന വകുപ്പ് മേധാവി ചെയർപേഴ്സണായാണ് സെൽ വരിക. പ്രിൻസിപ്പൽ/വകുപ്പ് മേധാവി ശിപാർശ ചെയ്യുന്ന രണ്ട് അധ്യാപകർ (അതിലൊരാൾ വനിത) സമിതിയിലുണ്ടാകും. കോളജ് യൂനിയൻ/ഡിപ്പാർട്മെന്റൽ സ്റ്റുഡന്റസ് യൂനിയൻ ചെയർപേഴ്സൺ, വിദ്യാർഥികൾ തെരഞ്ഞെടുക്കുന്ന രണ്ടു പ്രതിനിധികൾ (ഒരാൾ വനിത), പ്രിൻസിപ്പൽ/സർവകലാശാല വകുപ്പുമേധാവി നാമനിർദേശം ചെയ്യുന്ന ഭിന്നശേഷി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥി, എസ്.സി-എസ്.ടി വിഭാഗത്തിൽ നിന്നുള്ള വിദ്യാർഥി എന്നിവരും സമിതിയിലുണ്ടാകും. പുറമെ, പി.ടി.എ പ്രതിനിധി, സർവകലാശാല പ്രതിനിധിയായി സിൻഡിക്കേറ്റ് നാമനിർദേശം ചെയ്യുന്ന അധ്യാപകൻ/അധ്യാപിക എന്നിവരും ചേരുന്നതാണ് സെല്ലിന്റെ ഘടന.
വിദ്യാർഥി പ്രതിനിധികൾക്കും പി.ടി.എ പ്രതിനിധിക്കും, നാമനിർദേശം ചെയ്യുന്ന അധ്യാപകർക്കും ഒരുവർഷവും, സർവകലാശാല പ്രതിനിധികൾക്ക് രണ്ട് വർഷവുമായിരിക്കും കാലാവധി. സർവകലാശാല പ്രതിനിധികൾ സ്ഥാപനത്തിന് പുറത്തുനിന്നുള്ളവരായിരിക്കും. വിദ്യാർഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പിനോടൊപ്പം നടത്താൻ ഉത്തരവിട്ടു. അടുത്ത പ്രതിനിധി വരുംവരെ അംഗങ്ങളായ വിദ്യാർഥികൾ സെൽ അംഗമായി തുടരും.
ആവശ്യമായ ഘട്ടങ്ങളിൽ ചെയർപേഴ്സൺ യോഗം വിളിക്കും. ആറ് അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാലും യോഗം വിളിക്കണം. ക്വാറം ഏഴായിരിക്കും. ഭൂരിപക്ഷാടിസ്ഥാനത്തിൽ സെൽ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കാൻ ചെയർപേഴ്സണ് നിയമപരമായ ഉത്തരവാദിത്തമുണ്ടാകും. സെൽ കൺവീനറെ സമിതിക്ക് തെരഞ്ഞെടുക്കാം.
സമിതി അംഗങ്ങളുടെ പേരും ബന്ധപ്പെടേണ്ട നമ്പറും സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇത് സർവകലാശാലയെയും അറിയിക്കും. ലഭിക്കുന്ന പരാതിയും പരാതിയിൽ എടുക്കുന്ന തീരുമാനങ്ങളും സർവകലാശാലയിൽ അറിയിക്കും. ഇതിനായി എല്ലാ സർവകലാശാലകളിലും ഒരു പ്രത്യേക ഓഫിസർക്ക് ചുമതല നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.