ആകാശവാണി, ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ പൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണം - ഡോ. വി. ശിവദാസന്‍ എം.പി
text_fieldsകണ്ണൂര്‍: ആകാശവാണി, ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ വ്യാപകമായി അടച്ചുപൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ഡോ. വി. ശിവദാസന്‍ എം.പി ആവശ്യപ്പെട്ടു. ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിന്‍റെ ഭാഗമായി ആകാശവാണിയിലും ദൂരദര്‍ശനിലും നീണ്ട കാലമായി നിയമനങ്ങള്‍ തടയപ്പെട്ടിരിക്കുകയാണ്. പുതുതായി ജീവനക്കാരെ നിയമിക്കാതെയും നിലവിലുള്ള ജീവനക്കാര്‍ക്ക് പ്രമോഷന്‍ കൊടുക്കാതെയും ആകാശവാണി, ദൂരദര്‍ശന്‍ നിലയങ്ങളെ പ്രതിസന്ധിയിലാക്കിയ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ അവ അടച്ചു പൂട്ടാനാണ് ശ്രമിക്കുന്നത്.
അഭ്യസ്തവിദ്യരായ പതിനായിരക്കണക്കിന് ആളുകളുടെ തൊഴില്‍ പ്രതീക്ഷാകേന്ദ്രമായിരുന്ന ഇവ രണ്ടും കേന്ദ്രസര്‍ക്കാരിന്‍റെ പൊതുസ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുക എന്ന നയത്തിന്‍റെ ഭാഗമായാണ് അടച്ചു പൂട്ടുന്നത്. നിരവധി ആളുകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള ഉറവിടങ്ങളായ ആകാശവാണിയുടേയും ദൂരദര്‍ശന്‍റെയും കേരളത്തില്‍ നിന്നുള്ള 11 സ്റ്റേഷനുകളടക്കം 400ലധികം സ്റ്റേഷനുകള്‍ അടച്ചു പൂട്ടുന്നത് വലിയ സാമൂഹ്യ പ്രത്യാഘാതമാണ് ഉണ്ടാക്കുക.
പൊതുജന താല്‍പര്യാര്‍ഥം പ്രവര്‍ത്തിക്കേണ്ടുന്ന വാര്‍ത്താ പ്രക്ഷേപണ സംവിധാനമാണ് ആകാശവാണിയും ദൂരദര്‍ശനും. ഇന്നത്തെ സാമൂഹ്യാന്തരീക്ഷത്തില്‍ വളരെ വലിയ പ്രാധാന്യമാണ് ഇവയ്ക്കുള്ളത്. പ്രാദേശിക നിലയങ്ങള്‍ അടച്ചുപൂട്ടി തദ്ദേശീയ വാര്‍ത്തകളും സംഭവവികാസങ്ങളും ജനങ്ങളെ അറിയിക്കുന്നതില്‍നിന്നും ഒളിച്ചോടുകയാണ് കേന്ദ്ര സര്‍ക്കാര്‍.
പ്രാദേശികനിലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് കേവലം ഒന്നോ രണ്ടോ സ്റ്റേഷനുകളുടെ റിലേ സ്റ്റേഷന്‍ മാത്രമായി പ്രാദേശിക സ്റ്റേഷനുകളെ മാറ്റുന്നത് അംഗീകരിക്കാന്‍ കഴിയില്ല. രാജ്യത്തിന്‍റെ വൈവിധ്യമാര്‍ന്ന സംസ്‌കാരം പ്രതിഫലിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായിരിക്കണം ഇവയൊക്കെ. അതിനായി കൂടുതല്‍ വികേന്ദ്രീകൃത സംവിധാനം നിലനിര്‍ത്തേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും ആകാശവാണി ദൂരദര്‍ശന്‍ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്നും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിക്ക് നല്‍കിയ കത്തില്‍ ഡോ. വി. ശിവദാസന്‍ എം.പി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.