പ്രഖ്യാപനം കടലാസിൽ; മാലിന്യവാഹിനിയായി മണിമലയാർ
text_fieldsമുണ്ടക്കയം: മണിമലയാർ സംരക്ഷണ പദ്ധതിയെല്ലാം കടലാസിൽ ഒതുങ്ങിയതോടെ മാലിന്യം നിറഞ്ഞ് പുഴ. നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽനിന്ന് ഉൾപ്പെടെ മലിനജലം ഓടവഴി ഒഴുകിയെത്തി മണിമലയാറ്റിലേക്കാണ് പതിക്കുന്നത്. കടുംനിറത്തിലെ മലിനജലം ആറ്റിലെ വെള്ളത്തിലേക്ക് കലരുന്നതോടെ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു സാധ്യതയേറി.
മുണ്ടക്കയത്തെ നൂറുകണക്കിനു വ്യാപാര സ്ഥാപനങ്ങളിലെ മലിനജലം ടൗണിലെ ഓടയിലൂടെ ലത്തീൻ പള്ളി പുരയിടത്തിലൂടെ ഒഴുകിയെത്തുന്നത് മണിമലയാറ്റിലാണ്. ഇതിൽ വിവിധ സ്ഥാപനത്തിലെ ശൗചാലയ മാലിന്യം ഉൾപ്പെടെയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
ബൈപാസ് നിർമാണ സമയം മുതൽ, ടൗണിൽനിന്ന് എത്തുന്ന മാലിന്യപ്രശ്നം പരിഹരിക്കാനുള്ള പദ്ധതികൾ ചർച്ചയിലുണ്ടായിരുന്നു. എന്നാൽ, ഇവയെല്ലാം ജലരേഖയായി മാറി. വലിയ കുഴലിലൂടെ എത്തുന്ന വെള്ളം സംസ്കരിച്ച് വീണ്ടും ഉപയോഗപ്പെടുത്താം എന്നതായിരുന്നു ഒരു പദ്ധതി. വലിയ കുഴി കുത്തി വെള്ളം അതിലേക്കു വിടാം എന്നും പദ്ധതിയുണ്ടായിരുന്നു.
ഇവയൊന്നും നടപ്പായില്ല. ഇപ്പോൾ നാട്ടുകാർ പ്രതിഷേധിക്കുമ്പോൾ, പൈപ്പിൽനിന്ന് വെള്ളം വന്നു വീഴുന്ന കോസ്വേക്കു സമീപത്തെ സ്ഥലത്ത് ആറ്റിൽ കുഴി ഉണ്ടാക്കുന്നതു മാത്രമാണ് ഏകനടപടി. തടയണ തുറന്നതോടെ മണിമലയാറ്റിൽ ജലനിരപ്പ് പൂർണമായും താഴ്ന്നിരിക്കുകയാണ്.
ആറ്റിലെ വെള്ളമാണ് പ്രദേശവാസികൾ ആശ്രയിക്കുന്നത്. മണിമലയാറ്റിലെ ഉപ്പുനീറ്റുകയത്തിൽനിന്ന് വെള്ളം പമ്പുചെയ്ത് ടൗണിലും പരിസരങ്ങളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ജലവിതരണ വകുപ്പ് വെള്ളം എത്തിക്കുന്നത്. ഇത് മലിനമാകുന്നത് ജനജീവിതത്തെ കാര്യമായി ബാധിക്കും. താൽക്കാലികമായി മലിനജലം ആറ്റിലെ വെള്ളത്തിലേക്ക് കലരാതിരിക്കാനെങ്കിലും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.