ഇറക്കുമതിയും വ്യാപാരികളുടെ കള്ളക്കളിയും മൂലം കറുത്ത പൊന്നിന്റെ വില വീണ്ടും ഇടിഞ്ഞു
text_fieldsകട്ടപ്പന: ഇറക്കുമതിയും വ്യാപാരികളുടെ കള്ളക്കളിയും മൂലം കറുത്ത പൊന്നിന്റെ വില വീണ്ടും ഇടിഞ്ഞു. ഒരു കിലോക്ക് 475-480 രൂപയിലേക്കാണ് വില ഇടിഞ്ഞത്. വിളവെടുപ്പ് സീസണിൽ തുടർച്ചയായി ഉണ്ടാകുന്ന വിലയിടിവിന് കാരണം ഇറക്കുമതിയും വ്യാപാരികളുടെ കള്ളക്കളികളുമാണെന്ന് കർഷകർ ആരോപിക്കുന്നു. കുരുമുളക് പൊടിക്ക് മാർക്കറ്റിൽ 50 ഗ്രാമിന് 50 രൂപയാണ് വില. അതായത് ഒരു കിലോ കുരുമുളക് പൊടിക്ക് 1000 രൂപയോളം വിലയുണ്ട്. കുരുമുളക് ഉൽപാധിപ്പിക്കുന്ന കർഷകർക്ക് ഒരു കിലോക്ക് ലഭിക്കുന്നത് 470 രൂപ.
ഇതേ മുളക് പൊടിയാക്കി വിൽക്കുന്ന വ്യാപാരിക്ക് ലഭിക്കുന്നത് കിലോക്ക് 1000 രൂപ. ഈ വില വ്യത്യാസമാണ് വ്യാപാരികൾ കർഷകരെ ചൂഷണം ചെയ്യുകയാണെന്ന ആരോപണത്തിന് ഒരു കാരണം. ഇറക്കുമതി ചെയ്യുന്ന കുരുമുളക് അരിച്ചു പോളിഷ് ചെയ്തു ഇന്ത്യൻ കുരുമുളകുമായി ഇടകലർത്തി വിൽപന നടത്തിയും കബളിപ്പിക്കുന്നുണ്ട്. അന്തർ ദേശീയ വിപണിയിൽ ഇന്ത്യൻ കുരുമുളകിനുള്ള ഡിമാൻഡ് മുതലെടുക്കാനാണ് വ്യാപാരികളുടെ ഈ കള്ളക്കളി.
ഇതിനെതിരെ സ്പൈസസ് ബോർഡ് ഒരു നടപടിയും സ്വീകരിക്കാറില്ല. കേരളത്തിലെ കുരുമുളക് കർഷകരാണ് ഇതുമൂലം വിഷമിക്കുന്നത്. കേരളത്തിൽ ആറു മാസത്തിനിടെ കുരുമുളക് വിലയിൽ കിലോക്ക് 150 രൂപയുടെ വിലയിടിവാണ് ഉണ്ടായത്. കൊച്ചി മാർക്കറ്റിൽ വ്യാഴാഴ്ച കുരുമുളക് കിലോക്ക് 480 രൂപയിലാണ് അവസാനിച്ചത്. ഗാർബിൾഡ് കുരുമുളകിന് 500 രൂപവരെ വിലയുണ്ട്. എന്നാൽ, കേരളത്തിലെ കുരുമുളക് വിപണിയുടെ പ്രധാന വിപണന കേന്ദ്രമായ കട്ടപ്പന മാർക്കറ്റിൽ വ്യാഴാഴ്ച ഒരു കിലോ കുരുമുളകിന് 475 രൂപമുതൽ 480 രൂപ വരെ മാത്രമാണ് കർഷകർക്ക് ലഭിച്ചത്. വിളവെടുപ്പ് സീസണിൽ ഉണ്ടായ വിലയിടിവ് കർഷകർക്ക് കനത്ത ആഘാതമായി.
വളം, കിടനാശിനി, പണിക്കാരുടെ പണി കൂലി എന്നിവക്കൊന്നും ഈ വില ലഭിച്ചാൽ മതിയാകില്ല. കഴിഞ്ഞ സീസണിൽ കേരളത്തിലടക്കം ഉൽപാദനം കുറഞ്ഞതിനാൽ ഇറക്കുമതി വർധിച്ചതാണ് വിലത്തകർച്ചക്ക് പ്രധാനമായും വഴിയൊരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.