ആരോഗ്യപ്രവർത്തകരിലെ കോവിഡ് ബാധ കുറയുന്നു
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് ആേരാഗ്യപ്രവർത്തകരിലെ കോവിഡ് ബാധ കുറയുന്നതായി ആരോഗ്യവകുപ്പ് റിപ്പോർട്ട്. ജൂലൈയിൽ മൊത്തം രോഗബാധിതരുടെ 3.6 ശതമാനം പേർ ആരോഗ്യ പ്രവർത്തകരായിരുന്നുവെങ്കിൽ ഒക്ടോബർ പിന്നിടുേമ്പാൾ ഇത് 1.7 ശതമാനമായി കുറഞ്ഞു. ആഗസ്റ്റിൽ കോവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകർ 3.1 ശതമാനമായിരുന്നു. സംസ്ഥാനത്ത് രോഗബാധിതരാകുന്നതിൽ കൂടുതലും നഴ്സുമാരാണ്. കോവിഡ് ഇതര വാർഡുകളിൽ ഡ്യൂട്ടിയെടുക്കുന്നവരിൽ വരെ വൈറസ് പടർന്നുപിടിച്ചത് കഴിഞ്ഞമാസങ്ങളിൽ ആരോഗ്യസംവിധാനത്തെ പ്രതിസന്ധിയിലാക്കിയിരുന്നു.
രോഗിയുമായുള്ള നേരിട്ടുള്ള സമ്പർക്കത്തിന് പുറെമ ഒ.പി ഡ്യൂട്ടി, ഗൈനക്ക് വാർഡ്, പൊതുശൗചാലയം ഉപയോഗിച്ചത് വഴി, പോസിറ്റിവായ കാൻറീൻ ജീവനക്കാരിൽ നിന്നുള്ള രോഗപ്പകർച്ച എന്നിങ്ങനെ നിരവധി കാരണങ്ങളാണ് രോഗപ്പകർച്ചക്ക് ഇടയാക്കിയിരുന്നത്. ഡോക്ടർമാരും നഴ്സുമാരും കൂട്ടത്തോടെ ക്വാറൻറീനിലാകുന്നത് മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനത്തെയും സാരമായി ബാധിച്ചിരുന്നു. ഇൗ സാഹചര്യത്തെ ക്രമേണ മറികടക്കാനായി എന്നതാണ് പുതിയ സ്ഥിതിഗതികൾ വ്യക്തമാക്കുന്നത്. 26-35 പ്രായപരിധിയുള്ളവരാണ് രോഗബാധിതരിൽ അധികവും.
ഇതിനുപുറെമ, സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇരട്ടിയാകാനെടുക്കുന്ന സമയം 59 ദിവസമായി ഉയർന്നുവെന്നതും ശുഭസൂചനയാണ്. ഒക്ടോബർ അവസാനവാരം 41 ദിവസവും നവംബർ ആദ്യവാരത്തിൽ 41 ഉം ദിവസമായിരുന്നു കേസുകളുടെ എണ്ണം ഇരട്ടികാനെടുത്തിരുന്ന സമയം. കാസർകോട് ജില്ലയിലാണ് മികച്ച നില. പുതിയ കണക്ക് പ്രകാരം 130 ദിവസമെടുത്താണ് ഇവിടെ കേസുകൾ ഇരട്ടിയാകുന്നത്. തിരുവനന്തപുരത്ത് 93 ഉം പത്തനംതിട്ടയിൽ 72 ഉം എറണാകുളം, കോഴിക്കോട് ജില്ലകളിൽ 52 ഉം ദിവസങ്ങളാണ് ഇരട്ടിപ്പിനെടുക്കുന്നത്.
അതേസമയം, 10 ലക്ഷം പേരിൽ എത്രയാളിൽ പരിേശാധന നടത്തി എന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ടെസ്റ്റ് പെർ മില്യൺ തൊട്ടുമുന്നിലെ ആഴ്ചയെ അപേക്ഷിച്ച് കഴിഞ്ഞയാഴ്ച കുറഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ഒഴികെ ജില്ലകളിലെല്ലാം ടെസ്റ്റ് പോസിറ്റിവിറ്റി കുറഞ്ഞിട്ടുണ്ട്. തലസ്ഥാനത്ത് തൊട്ട് മുൻ ആഴ്ചയിലെ 6.3ൽ നിന്ന് 6.7 ലേക്കാണ് വർധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.