ദീൻദയാൽ ഉപാധ്യായ ജന്മശതാബ്ദി: സർക്കാറിന് വിനയായത് ഉദ്യോഗസ്ഥതല തീരുമാനം
text_fieldsതിരുവനന്തപുരം: ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി സ്കൂളുകളിൽ ആഘോഷിക്കാനുള്ള നിർദേശം വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത് സർക്കാർ തലത്തിൽ ആലോചന നടത്താതെ. ജൂൺ 29ന് കേന്ദ്ര മാനവശേഷി മന്ത്രാലയം പുറപ്പെടുവിച്ച സർക്കുലർ സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറിക്കാണ് ലഭിച്ചത്.
കേന്ദ്രസർക്കാർ മാനവശേഷി മന്ത്രാലയം വഴി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ഒളിച്ചുകടത്തുന്ന വർഗീയ അജണ്ടകളുടെ ഭാഗമായാണ് സ്കൂളുകളിൽ ജന്മശതാബ്ദി ആഘോഷത്തിനുള്ള നിർദേശവും സംസ്ഥാനങ്ങൾക്ക് അയച്ചത്. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാറിന് വിവേചനാധികാരവുമുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച നിർദേശമടങ്ങിയ കേന്ദ്രസർക്കാറിെൻറ സർക്കുലർ വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് പകരം ജൂലൈ 20ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി തുടർനടപടിക്കായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറുകയായിരുന്നു. ആഗസ്റ്റ് 31നാണ് ഡി.പി.െഎക്ക് വേണ്ടി സർക്കുലർ പുറപ്പെടുവിച്ചത്. ഡി.ഡി.ഇ/ഡി.ഇ.ഒ/എ.ഇ.ഒമാർക്കാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽനിന്ന് സർക്കുലർ അയച്ചത്.
ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യു.പി ക്ലാസുകളിലും സെക്കൻഡറി ക്ലാസുകളിലും നടത്തുന്നത് സംബന്ധിച്ച സർക്കുലറും മാർഗരേഖയും ഇൗ കത്തിനോടൊപ്പം അയക്കുന്നു, ആവശ്യമായ തുടർനടപടി സ്വീകരിക്കാൻ പ്രഥമാധ്യാപകർക്ക് നിർദേശം നൽകണമെന്നുമാണ് സർക്കുലറിലെ നിർദേശം. മന്ത്രിതലത്തിൽ ചർച്ചചെയ്ത് തുടർനടപടി സ്വീകരിക്കേണ്ട വിഷയത്തിൽ ഉദ്യോഗസ്ഥതല തീരുമാനമാണ് സർക്കാറിന് വിനയായത്. നേരേത്ത ദീൻദയാൽ ഉപാധ്യായയുടെ ജന്മശതാബ്ദിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം തൽസമയം കോളജുകളിലും സർവകലാശാലകളിലും വിദ്യാർഥികളെ കാണിക്കാൻ യു.ജി.സി നിർദേശിച്ചിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നിലപാട് സ്വീകരിച്ചതുമില്ല. ചില സർവകലാശാലകളും കോളജുകളും യു.ജി.സി നിർദേശം നടപ്പാക്കാൻ ശ്രമിച്ചത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിനുമിടയാക്കി.
കോഴിക്കോട് കൊയിലാണ്ടിയിലെ സർക്കാർ സ്കൂളിൽ ആർ.എസ്.എസിെൻറ വിഭ്യാഭ്യാസ വിഭാഗത്തിെൻറ പുസ്തകം കുട്ടികൾക്ക് വിതരണം ചെയ്ത വിവാദത്തിനിടെ തന്നെയാണ് സമാനമായ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പിെൻറ സർക്കുലർ വിവാദവും പുറത്തുവരുന്നത്. ഇതാകെട്ട വിദ്യാഭ്യാസ വകുപ്പിനെയും സർക്കാറിനെയും പ്രതിരോധത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരം വിഷയങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദേശം നൽകി. താൻ അറിയാതെയാണ് സർക്കുലർ അയച്ചതെന്നും മന്ത്രി വിശദീകരിക്കുന്നുണ്ട്. സർക്കുലർ അയച്ചെങ്കിലും എവിടെയും ജന്മശതാബ്ദി ആഘോഷ പരിപാടികൾ നടത്തിയിട്ടില്ലെന്നാണ് സർക്കാർ വാദം. സർക്കുലർ താഴെതലത്തിലേക്ക് അയച്ചത് സി.പി.എമ്മിനകത്തും എതിർപ്പിനിടയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.