കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsമലപ്പുറം: പൊതുരംഗത്തെ ഏറ്റവുമടുത്ത സുഹൃത്തിനെയാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ആരോഗ്യപരമായ രാഷ്ട്രീയ വിമർശനങ്ങൾക്കിടയിലും നല്ല രീതിയിലുള്ള വ്യക്തിബന്ധമായിരുന്നു ഞങ്ങളുടേത്. എല്ലാ വിഷയങ്ങളിലും കൃത്യമായ നിലപാടുകളുള്ള നേതാവായിരുന്നു കാനം. മൂർച്ചയുള്ള വാക്കുകളിൽ പോലും നർമം ഒളിച്ചുവെക്കാനുള്ള സിദ്ധി അദ്ദേഹത്തിനുണ്ടായിരുന്നു. കാലഘട്ടത്തിന് അനുസൃതമായി തന്റെ പ്രസ്ഥാനത്തെ നയിക്കാൻ അദ്ദേഹത്തിനായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോഴിക്കോട്: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ ഐ.എൻ.എൽ (അബ്ദുൽ വഹാബ് വിഭാഗം) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനായി പൂർണമായി സമർപ്പിച്ച ജീവിതത്തിനാണ് തിരശ്ശീല വീണത്. അതുല്യനായ സംഘാടകനും പക്വമതിയായ നേതാവുമായിരുന്നു അദ്ദേഹമെന്ന് വർക്കിങ് പ്രസിഡന്റ് കെ.പി. ഇസ്മായിലും ഓർഗനൈസിങ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസും പറഞ്ഞു.
കോട്ടയം: അധ്വാനിക്കുന്ന ജനവിഭാഗത്തിന്‍റെ ജീവിത പ്രശ്നങ്ങൾ പരിഹരിക്കാൻ സന്ധിയില്ലാത്ത നിലപാടുകൾ സ്വീകരിച്ച മനുഷ്യസ്നേഹിയായ കമ്യൂണിസ്റ്റായിരുന്നു കാനം രാജേന്ദ്രനെന്ന് കേരള കോൺഗ്രസ് -എം ചെയർമാൻ ജോസ് കെ. മാണി.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കേരളത്തിൽ അടിത്തറ കെട്ടിപ്പടുത്ത മികച്ച സംഘാടകനും തൊഴിലാളിവർഗ നേതാവുമായിരുന്നു കാനം രാജേന്ദ്രനെന്ന് ഗവ. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് പറഞ്ഞു.
ഇടത് ഐക്യം ശക്തിപ്പെടുത്തിയ നേതാവ് -എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഇടത് ഐക്യം ശക്തിപ്പെടുത്തി ശരിയായ പാതയിലൂടെ നയിക്കുന്നതിന് നേതൃത്വം നല്‍കിയ നേതാവിനെയാണ് കാനം രാജേന്ദ്രന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇടത് പ്രസ്ഥാനത്തിന്റെ ഐക്യവും ഇടപെടലും കൂടുതല്‍ ആവശ്യപ്പെടുന്ന കാലത്താണ് കാനം നമ്മെ വിട്ടുപിരിയുന്നത്. സി.പി.ഐക്കും ഇടതുപക്ഷത്തിനും മാത്രമല്ല പൊതുസമൂഹത്തിനും ഇത് തീരാനഷ്ടമാണ്. ആ വിടവ് ഇടതുപക്ഷ ശക്തികളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ നികത്തുകയാണ് ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം.സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള ദൃഢമായ ഐക്യത്തിന് നേതൃത്വപരമായ പങ്ക് കാനം വഹിച്ചിരുന്നു. ഇടതുപക്ഷത്തിനെതിരായ വിമര്‍ശനങ്ങളെ ശക്തമായി നേരിടുന്നതില്‍ കാനം മുന്‍പന്തിയില്‍ നിലകൊണ്ടു. ഇടതുവിരുദ്ധ പ്രചാരങ്ങളുടെ മുനയൊടിക്കുന്ന ഇടപെടലായിരുന്നു അവയെല്ലാം.
പ്രതികൂല സാഹചര്യങ്ങള്‍ രൂപപ്പെടുമ്പോഴെല്ലാം ശരിയായ ദിശാബോധത്തോടെ ഇടതുപക്ഷത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ നേതൃത്വപരമായ പങ്ക് നിര്‍വഹിച്ചു. ആഗോളവത്കരണ നയങ്ങള്‍ക്കെതിരായി ഇടതുപക്ഷ ബദല്‍ മുന്നോട്ടുവെക്കുന്നതിന് സജീവമായ പങ്കാളിത്തം കാനം വഹിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.