ദീപയുടെ നിരാഹാരം: ഡയറക്ടറെ ചുമതലയിൽ നിന്ന് മാറ്റി
text_fieldsകോട്ടയം: എം.ജി സർവകലാശാല ഇൻറർനാഷനൽ ആൻഡ് ഇൻറർ യൂനിവേഴ്സിറ്റി സെൻറർ ഫോർ നാനോസയൻസ് ആൻഡ് നാനോ ടെക്നോളജിയുടെ (ഐ.ഐ.യു.സി.എൻ.എൻ) ചുമതല ഡോ. നന്ദകുമാർ കളരിക്കലിൽനിന്ന് വൈസ് ചാൻസലർ ഡോ. സാബു തോമസ് ഏറ്റെടുത്തു. സർവകലാശാലക്കു മുന്നിൽ നിരാഹാരം തുടരുന്ന ഗവേഷക വിദ്യാർഥിനി ദീപ പി. മോഹെൻറ പരാതി ചർച്ച ചെയ്യാൻ ശനിയാഴ്ച ചേർന്ന യോഗമാണ് തീരുമാനമെടുത്തത്.
എന്നാൽ, പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന കുറിപ്പാണ് സർവകലാശാല പുറത്തുവിട്ടിരിക്കുന്നതെന്നും നന്ദകുമാറിനെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്നുമാണ് ദീപയുടെ നിലപാട്. ദീപ ഉന്നയിച്ച പ്രശ്നങ്ങൾ ചർച്ച െചയ്യാൻ നാലംഗ കമ്മിറ്റി രൂപവത്കരിച്ചതായി സർവകലാശാല അറിയിച്ചു. സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട്സ് ആൻഡ് െഡവലപ്മെൻറ് സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. എം.എച്ച്. ഇല്യാസ്, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കെ.എം. സുധാകരൻ, ഡോ. ഷാജില ബീവി, ഡോ. ആർ. അനിത എന്നിവർ ഉൾപ്പെട്ടതാണ് കമ്മിറ്റി. ദീപ പി. മോഹെൻറ ഗവേഷണ പുരോഗതി അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനും മാർഗനിർേദശങ്ങൾ നൽകുന്നതിനും അഞ്ചംഗ കമ്മിറ്റിയും രൂപവത്കരിച്ചു. വി.സി ഡോ. സാബു തോമസ്, പ്രോ-വി.സി ഡോ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. കേരളവർമ, പ്രഫ. പി. ഹരികൃഷ്ണൻ, ഡോ. ഷാജില ബീവി എന്നിവരാണ് ശനിയാഴ്ച ചേർന്ന യോഗത്തിൽ പങ്കെടുത്തത്.
നന്ദകുമാർ കളരിക്കലിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റുക, ദീപക്ക് അനുകൂലമായ കോടതി ഉത്തരവും പട്ടികജാതി പട്ടികഗോത്രവർഗ കമീഷെൻറ ഉത്തരവും നടപ്പാക്കുക, ലാബ് അനുവദിച്ചു നൽകുകയും ആവശ്യമായ മെറ്റീരിയലുകൾ ലഭ്യമാക്കുകയും ചെയ്യുക, ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കുക, തടഞ്ഞുവെച്ച ഫെലോഷിപ് തുക ലഭ്യമാക്കുക, എക്സ്റ്റൻഷൻ ഫീസ് ഈടാക്കാതെ തന്നെ വർഷം നീട്ടി അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്ടോബർ 29നാണ് ദീപ നിരാഹാരം ആരംഭിച്ചത്. തുടർന്ന് നവംബർ ഒന്നിന് വി.സി വിളിച്ച യോഗം നന്ദകുമാർ കളരിക്കലിനെതിരായ ആവശ്യം ഒഴിച്ച് ബാക്കിയെല്ലാം അംഗീകരിച്ചിരുന്നു.
എന്നാൽ, നന്ദകുമാർ കളരിക്കലിനെ വകുപ്പിെൻറ ചുമതലയിൽനിന്ന് മാറ്റാത്തതിനാൽ ദീപ നിരാഹാരം തുടരുകയായിരുന്നു. ഇതിനിടെ ശനിയാഴ്ച ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ആരോപണവിധേയനായ അധ്യാപകനെ പദവിയിൽനിന്ന് മാറ്റിനിർത്താൻ എന്താണ് തടസ്സമെന്ന് സർവകലാശാലയോട് ആരാഞ്ഞു. തുടർന്നാണ് വിദ്യാർഥിനി ഗവേഷണം നടത്തുന്ന വകുപ്പിെൻറ ചുമതല വി.സി ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.