ആഴക്കടൽ മത്സ്യബന്ധന കരാർ: തീരദേശ ഹർത്താൽ തുടങ്ങി
text_fieldsകൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ സംസ്ഥാനത്തെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ തീരദേശ ഹർത്താൽ തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം ആറുമുതൽ 24 മണിക്കൂറാണ് ഹർത്താലിന് ആഹ്വാനം. അമേരിക്കന്‍ കുത്തക കമ്പനികള്‍ക്ക് അനുമതി നൽകാനുണ്ടായ നീക്കം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച ഫിഷറീസ് മന്ത്രി രാജിവെക്കുക, മത്സ്യത്തൊഴിലാളി ദ്രോഹ ഫിഷറീസ് നയം തിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മത്സ്യമേഖല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തുന്നത്. ഹാർബറുകൾ അടച്ചിട്ടും ബോട്ടുകൾ കടലിൽ ഇറക്കാതെയുമാണ് ഹർത്താൽ.
ഹര്‍ത്താല്‍ വിജയമാക്കാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സഹകരിക്കണമെന്നും പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ സാമൂഹിക സംഘടനകളോട് നന്ദിയുണ്ടെന്നും രക്ഷാധികാരികളായ ടി.എന്‍. പ്രതാപന്‍ എം.പി, ചെയര്‍മാന്‍ ജോസഫ് സേവ്യര്‍ കളപ്പുരക്കല്‍, വര്‍ക്കിങ് ചെയര്‍മാന്‍മാരായ അഡ്വ. കെ.കെ. രാധാകൃഷ്ണന്‍, ഉമ്മര്‍ ഒട്ടുമ്മല്‍, ട്രഷറര്‍ നൗഷാദ് തോപ്പുംപടി എന്നിവര്‍ അറിയിച്ചു.
അതേസമയം, ഒരു വിഭാഗം മത്സ്യത്തൊഴിലാളി സംഘടനകൾ ഹർത്താലിൽനിന്ന് വിട്ടുനിൽക്കുകയാണ്. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി, കെ.യു.ടി.സി എന്നീ സംഘടനകളാണ് പിൻമാറിയത്. ധാരണാപത്രങ്ങൾ സർക്കാർ റദ്ദ് ചെയ്ത സാഹചര്യത്തിലാണ് വിട്ടുനിൽക്കുന്നത്. എന്നാൽ, ബോട്ട് ഉടമകൾ ഹർത്താലിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ട്.
വെള്ളിയാഴ്ച സമരത്തിനെ അനുകൂലിക്കുന്നവർ കൊല്ലം തങ്കശ്ശേരിയിൽനിന്ന് പ്രകടനവുമായി വാടി ഹാർബറിലെത്തിയത് സംഘർഷത്തിനിടയാക്കി. എതിർവിഭാഗം സംഘടിച്ചതോടെ നേരിയ സംഘർഷ സാധ്യത ഉടലെടുക്കുകയായിരുന്നു.
ഹർത്താൽ ആഹ്വാനം തള്ളി വാടിയിൽനിന്ന് നിരവധി വള്ളങ്ങൾ കടലിൽ പോയിരുന്നു. തിരികെയെത്തുന്ന വള്ളങ്ങളിൽനിന്ന് മത്സ്യം ലേലംചെയ്യാൻ അനുവദിക്കില്ലെന്നാണ് സമരക്കാരുടെ നിലപാട്. എന്നാൽ പതിവുപോലെ കാര്യങ്ങൾ നടക്കുമെന്ന് പറഞ്ഞ് എതിർവിഭാഗവും രംഗത്തെത്തിയതോടെ കൂടുതൽ പൊലീസ് സ്ഥലത്തെത്തി.
വെള്ളിയാഴ്‌ച വൈകുന്നേരം വാടി, തങ്കശേരി കടപ്പുറത്തുനിന്ന് വള്ളങ്ങൾ കടലിൽ പോയിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരം മത്സ്യം കയറ്റികൊണ്ടുപോകാൻ എത്തിയ വാഹനങ്ങളെ ഉൾപ്പെടെ വാടി ഹാർബറിനുള്ളിൽ സമരാനുകൂലികൾ തടഞ്ഞിട്ട് ഗേറ്റും പൂട്ടിയിരുന്നു. പൊലീസ് എത്തിയാണ് ഗേറ്റ് തുറന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.