ആഴക്കടൽ മത്സ്യബന്ധന കരാർ: തീരത്ത് പ്രതിഷേധ തിര
text_fieldsപൊന്നാനി: കേരളത്തിെൻറ മത്സ്യസമ്പത്ത് അമേരിക്കൻ കുത്തക കമ്പനിക്ക് തീറെഴുതാനും മത്സ്യത്തൊഴിലാളികളെ വയറ്റത്തടിക്കാനുമുള്ള കരാറിനെതിരെ പൊന്നാനിയിൽ മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയെൻറയും ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെയും കോലം ആഴക്കടലിൽ കെട്ടിത്താഴ്ത്തിയായിരുന്നു പ്രതിഷേധം.
പൊന്നാനി ഹാർബറിൽനിന്ന് ബോട്ടിൽ പുറപ്പെട്ട ഇരുപതോളം മത്സ്യത്തൊഴിലാളികളാണ് കിലോമീറ്ററുകൾ ദൂരെ കടലിൽ കോലം കെട്ടി താഴ്ത്തിയത്. സംസ്ഥാന സർക്കാറിനെതിരെ പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കിയ മത്സ്യത്തൊഴിലാളികൾ കരാർ മത്സ്യത്തൊഴിലാളികളോടുള്ള സർക്കാർ വഞ്ചനയാണെന്ന് കുറ്റപ്പെടുത്തി. പ്രതിഷേധത്തിന് പറമ്പിൽ അത്തീക്ക്, എച്ച്. കബീർ, എ.എം. സിറാജ്, സി.കെ. കബീർ, ബദറു, ഷാഫി, സാദിഖ് എന്നിവർ നേതൃത്വം നൽകി.
പൊന്നാനി: പൊന്നാനി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവാദ കരാർ കടലിൽ ഒഴുക്കി പ്രതിഷേധിച്ചു. പൊന്നാനി ടൗണിൽനിന്നു പ്രകടനമായി എത്തിയാണ് കടലിൽ ഒഴുക്കിയത്. യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. വി. സെയ്ദ് മുഹമ്മദ് തങ്ങൾ, എം.വി ശ്രീധരൻ, വി. ചന്ദ്രവല്ലി, ടി.കെ. അഷ്റഫ്, എ. പവിത്രകുമാർ, യു. മുഹമ്മദ് കുട്ടി, പുന്നക്കൽ സുരേഷ്, ജെ.പി. വേലായുധൻ, എം. അബ്ദുൽ ലത്തീഫ് എന്നിവർ സംസാരിച്ചു.
തീരദേശ ഹർത്താൽ ബാധിക്കാതെ പൊന്നാനി തുറമുഖം
പൊന്നാനി: വിവിധ മത്സ്യത്തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത തീരദേശ ഹർത്താലിലും പൊന്നാനി തുറമുഖത്ത് മത്സ്യബന്ധനം സജീവം. ഹർത്താൽ ദിനങ്ങളിലും പതിവുപോലെ മത്സ്യബന്ധനവും വിപണനവും സജീവമാകാറുള്ള പൊന്നാനി ഹാർബറിനെ ഈ ഹർത്താലും ബാധിച്ചില്ല. പുലർച്ച മുതൽതന്നെ ബോട്ടുകൾ അടുക്കുകയും, മത്സ്യവിപണനം സജീവമാവുകയും ചെയ്തു.
കരാർ റദ്ദാക്കിയതിനാൽ അനാവശ്യ ഹർത്താലാണ് നടക്കുന്നതെന്നും ഇതിനാൽ ഹർത്താലിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും ചില മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കരാർ റദ്ദാക്കിയതിനാൽ മൂന്ന് ഇടത് സംഘടനകൾ ഹർത്താലിൽനിന്ന് വിട്ടുനിന്നു.
എന്നാൽ, പൊന്നാനിയിൽ എല്ലാ ഹർത്താലുകളിലും ഹാർബർ മുടക്കം കൂടാതെ പ്രവർത്തിക്കാറുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ഒറ്റക്കെട്ടായാണ് ഈ തീരുമാനവുമായി മുന്നോട്ട് പോകുന്നതെന്നും മറ്റൊരു വിഭാഗം മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.