തെരുവിലെ സമരങ്ങളാണ് അന്തസ്സുറ്റ ജീവിതത്തിന് പിറകിൽ; ജോജു വിവാദത്തിൽ സമരത്തെ പിന്തുണച്ച് ദീപാ നിശാന്ത്
text_fieldsഇന്ധനവില വർധനക്കെതിരെ എറണാകുളത്ത് കോൺഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനിടെ സിനിമ നടൻ ജോജുവും പ്രവർത്തകരും തമ്മിലുണ്ടായ തർക്കത്തിൽ നിലപാട് വ്യക്തമാക്കി അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. അരാഷ്ട്രീയതയെ താലോലിക്കുന്നതിൽ ചില അപകടങ്ങൾ കൂടിയുണ്ട് എന്ന ബോധ്യത്തിൽ പെട്രോൾവിലവർദ്ധനവിനെതിരെ തെരുവിൽ നടത്തിയ സമരത്തെ പിന്തുണക്കുന്നുവെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
നടൻ ജോജുവിന്‍റെ പേര് പറയാതെയായിരുന്നു ദീപാ നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. റോഡ് ഉപരോധിച്ചുള്ള സമരത്തെ 'പോക്രിത്തരമെന്ന്' വിശേഷിപ്പിച്ച ജോജുവും സമരക്കാരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ജോജുവിനെ പിന്തുണച്ചും എതിർത്തും സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുകൾ നിറയുന്നതിനിടെയാണ്, സാമൂഹിക മാധ്യമങ്ങളിൽ ഏറെപേർ പിന്തുടരുന്ന ദീപാ നിശാന്ത് നിലപാട് വ്യക്തമാക്കിയത്.
തെരുവിൽ സമരം ചെയ്തവരുടെ ചെറുത്തുനിൽപ്പുതന്നെയാണ് നമ്മുടെയൊക്കെ ഇന്നത്തെ അന്തസ്സുറ്റ സാമൂഹിക ജീവിതമെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ധന വിലക്കയറ്റത്തിന്‍റെ സൂക്ഷ്മാനുഭവങ്ങൾ 'പ്രിവിലേജഡ്' ആയവർക്ക് അറിയില്ല. സ്വന്തം കാൽച്ചുവടുകളാണ് ലോകത്തിന്‍റെ അളവുകോലെന്ന് തെറ്റിദ്ധരിക്കുന്നവരാണ് ഇങ്ങനെ പ്രിവിലേജഡ് ആയവരെന്ന് അവർ ചൂണ്ടികാട്ടി. ഡി.വൈ.എഫ്.ഐ അടക്കമുള്ള ഇടതു സംഘടനകൾ ജോജുവിന് പിന്തുണ അറിയിച്ചതിന് ശേഷമാണ്, ഇടത് ആഭിമുഖ്യമുള്ള ദീപാ നിശാന്ത് വ്യത്യസ്തമായ അഭിപ്രായം പ്രകടിപ്പിച്ചതെന്നതും ശ്രദ്ധേയമാണ്.
ദീപാ നിശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
പെട്രോൾ വിലക്കയറ്റത്തിന്‍റെ സൂക്ഷ്മാനുഭവങ്ങളെപ്പറ്റി 'പ്രിവിലേജ്ഡ്' ആയ നമ്മളിൽ പലരും അജ്ഞരാണ്. സ്വന്തം കാൽച്ചുവടുകളാണ് ലോകത്തിൻ്റെ അളവുകോലെന്ന് തെറ്റിദ്ധരിക്കുന്നവരാണ്...
മക്കളെ രണ്ടു പേരെയും സ്കൂളിൽ കൊണ്ടുപോയിരുന്ന ഓട്ടോക്കാരൻ ഇനി ഓട്ടോ എടുക്കുന്നില്ലത്രേ... അയാൾക്കീ പെട്രോൾവില താങ്ങാൻ പറ്റുന്നില്ല.. "ആയിരം രൂപയ്ക്ക് ഓടിയാൽ 600 രൂപയ്ക്ക് പെട്രോളടിക്കേണ്ട അവസ്ഥയാ ടീച്ചറേ.. വേറെ വല്ല പണിക്കും പോവാണ് നല്ലത് ..ഇത് നിർത്തി" എന്ന് പറഞ്ഞത് അതിശയോക്തിയാണോ എന്നെനിക്കറിയില്ല.. എന്തായാലും പത്തു മുപ്പത് വർഷമായി ചെയ്തിരുന്ന തൊഴിലാണ് അയാൾ ഇക്കാരണം കൊണ്ട് ഉപേക്ഷിക്കുന്നത്. വാർദ്ധക്യത്തോടടുക്കുന്ന ഈ സമയത്ത് മറ്റു തൊഴിലന്വേഷിക്കേണ്ടി വരുന്ന ഗതികേടിലെത്തി നിൽക്കുന്നത്.. അയാൾ മാത്രമല്ല മറ്റു പലരും ആ അവസ്ഥയിലെത്തിയിട്ടുണ്ട് എന്നത് ഒരു സാമൂഹികയാഥാർത്ഥ്യം തന്നെയാണ്.
നമ്മളിൽ പലരും പ്രിവിലേജുകളിലൂടെ കടന്നു വന്ന് , ഒരു സമരത്തിലും പങ്കെടുക്കാതെ, മേലുനോവുന്നിടത്തു നിന്നെല്ലാം ഒഴിഞ്ഞുമാറി, വ്യക്തിപരമായ സംഘർഷത്തിനപ്പുറം ഒരു സാമൂഹിക സംഘർഷത്തിലും ഭാഗഭാക്കാകാതെ നിഷ്പക്ഷമതികളായ അധ്യാപകരുടെ കണ്ണിലുണ്ണികളായി വിദ്യാഭ്യാസം പൂർത്തിയാക്കി കടന്നു പോന്നപ്പോഴും തെരുവിലിറങ്ങി നമുക്കു വേണ്ടി ശബ്ദമുയർത്തുന്ന മനുഷ്യരുണ്ടായിരുന്നു... നമുക്കു പോകേണ്ട ബസ്സിൽ നമ്മളെ കയറ്റാതിരുന്നാൽ, ബസ്സ് കൂലി വർദ്ധിപ്പിച്ചാൽ ഫീസ് വർദ്ധിപ്പിച്ചാൽ, അവകാശങ്ങൾ നിഷേധിച്ചാൽ നമുക്കു വേണ്ടി അവർ ഓടി വരുമായിരുന്നു. ശബ്ദമുയർത്തുമായിരുന്നു.
മുന്നോട്ടു നടന്നതും, ജയിച്ചു മുന്നേറിയതും, തോൽക്കാനും ഇടയ്ക്ക് വീണുപോകാനും അടിയേൽക്കാനും സമരം ചെയ്യാനും കുറേപ്പേരുണ്ടായതു കൊണ്ടു തന്നെയാണെന്ന തിരിച്ചറിവ് ഇന്നുണ്ട്.. തെരുവിൽ സമരം ചെയ്തവരുടെ ചെറുത്തുനിൽപ്പുതന്നെയാണ് നമ്മുടെയൊക്കെ ഇന്നത്തെ അന്തസ്സുറ്റ സാമൂഹിക ജീവിതം..അരാഷ്ട്രീയതയെ താലോലിക്കുന്നതിൽ ചില അപകടങ്ങൾ കൂടിയുണ്ട് എന്ന ബോധ്യത്തിൽ ഇന്നലെ പെട്രോൾവിലവർദ്ധനവിനെതിരെ തെരുവിൽ നടത്തിയ സമരത്തെ പിന്തുണക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.