ഒരുത്തനിട്ട് പൊട്ടിച്ചപ്പോഴേക്കും എത്ര പേർക്കാണ് കൊണ്ടത്; നാല് തല്ല് കൂടുതൽ കിട്ടേണ്ടതായിരുന്നു-ദീപ നിശാന്ത്
text_fieldsസ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയ യൂട്യൂബർ വിജയ് പി.നായരെ ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തിൽ മർദിക്കുകയും കരി ഓയിൽ ഒഴിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത്. തല്ല് കിട്ടുന്ന വിഡിയോ ആദ്യം കണ്ടപ്പോൾ സാധുവാണെന്നാണ് കരുതിയത്. അയാളുടെ വിഡിയോ കണ്ടപ്പോൾ നാല് തല്ല് കൂടുതൽ കിട്ടേണ്ടതായിരുന്നു എന്നേ ഇപ്പോൾ തോന്നുന്നുള്ളൂവെന്ന് ദീപ നിശാന്ത് പറഞ്ഞു.
സ്വന്തം മനസ്സിലെ വൃത്തികേട് യൂട്യൂബ് ചാനലിലും ഫേസ്ബുക്കിലും വിളമ്പി നാല് നേരോം മൃഷ്ടാന്നമുണ്ണുന്നവന്മാർക്കൊക്കെ അടി കിട്ടിയാൽ അതിൽ സന്തോഷിക്കുകയേ ഉള്ളൂ. കൊച്ചുകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന പീഡോകൾക്കും അവരെ പിന്തുണക്കുന്നവർക്കും കൂടി ആ അടി കിട്ടേണ്ടതുണ്ടെന്നു വിചാരിക്കത്തക്ക പൊളിറ്റിക്കൽ കറക്റ്റ്നെസേ തൽക്കാലം കയ്യിലുള്ളൂവെന്നും ദീപാ നിഷാന്ത് ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം...
അയാൾക്ക് തല്ല് കിട്ടുന്ന വീഡിയോയാണ് ആദ്യം കണ്ടത്. കാണുമ്പോൾ സാധുവാണെന്നു തോന്നുന്ന രൂപമൊക്കെത്തന്നെയായതുകൊണ്ടും ചുറ്റുമുള്ള ബഹളം കൊണ്ടും സംഗതി കൃത്യമായി പിടി കിട്ടിയില്ല. അയാളുടെ മുഖത്തിലൂടെ ഒഴുകുന്നത് രക്തമാണെന്നു കരുതി അത്തരം അക്രമത്തോട് താൽപ്പര്യമില്ലാത്തതിനാൽ അയാളോട് അനുഭാവം തോന്നുകയും ചെയ്തു.നിയമവ്യവസ്ഥയുള്ള ഒരു നാട്ടിൽ ഇവരെന്താണീ കാട്ടുന്നതെന്ന ചിന്ത വന്നു. ആ അനുഭാവം അയാൾടെ വീഡിയോകൾ കണ്ടപ്പോ മാറിക്കിട്ടി.നാല് തല്ല് കൂടുതൽ കിട്ടേണ്ടതായിരുന്നു എന്നേ ഇപ്പോ തോന്നുന്നുള്ളൂ.
സ്വന്തം മനസ്സിലെ വൃത്തികേട് യൂ ട്യൂബ് ചാനലിലും ഫേസ്ബുക്കിലും വിളമ്പി നാല് നേരോം മൃഷ്ടാന്നമുണ്ണുന്നവന്മാർക്കൊക്കെ അടി കിട്ടിയാൽ അതിൽ സന്തോഷിക്കുകയേ ഉള്ളൂ. കൊച്ചുകുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന പീഡോകൾക്കും അവരെ പിന്തുണക്കുന്നവർക്കും കൂടി ആ അടി കിട്ടേണ്ടതുണ്ടെന്നു വിചാരിക്കത്തക്ക പൊ.ക.( പൊളിറ്റിക്കൽ കറക്റ്റ്നെസ്)യേ തൽക്കാലം കയ്യിലുള്ളൂ.
തെറിച്ചു പോകുന്നതാണ് തെറി.അവരുടെ അമർഷം, സങ്കടം ഒക്കെ അതിലൂടെ പുറത്തുചാടും.
സന്ദർഭമാണ് ശരിതെറ്റുകളെ നിർണയിക്കുന്നത്. മാറിനിന്നു നോക്കി രസിക്കുന്നവരുടെ സംയമനമൊന്നും അനുഭവിച്ചവർക്ക് ഉണ്ടായിക്കൊള്ളണമെന്നില്ല.മഞ്ഞപ്പത്രങ്ങളിൽ വാർത്ത വന്നതിൻ്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വന്ന പെൺകുട്ടികൾ ഇന്നാട്ടിലുണ്ടായിട്ടുണ്ട്.
ദേഷ്യം വരുമ്പോ " വത്സ സൗമിത്രേ കുമാരാ മനോഹരാ.. " ന്ന് പാടി ദേഷ്യം തീർക്കാനൊന്നും എല്ലാവർക്കും പറ്റില്ല. കിളിപ്പാട്ടല്ല,തെറിപ്പാട്ടേ വരൂ. അതുകൊണ്ട് ഉത്തമമനുഷ്യർ ശബ്ദതാരാവലിയോ മറ്റോ നോക്കി
മലയാളത്തിൽ സ്ത്രീവിരുദ്ധമല്ലാത്ത ദളിത് വിരുദ്ധമല്ലാത്ത കുറച്ച് തെറികൾ കണ്ടു പിടിച്ച് കൊടുക്കണം.അവര് പ്രയോഗിക്കട്ടെ.
ശ്ശെടാ ! ഒരുത്തനിട്ട് പൊട്ടിച്ചപ്പോഴേക്കും എത്ര പേർക്കാണ് കൊണ്ടത്!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.