പാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങൾ സി.പി.എം ശരിവെച്ചെന്ന് 'ദീപിക'
text_fieldsകോഴിക്കോട്: പാലാ ബിഷപ്പ് ഉന്നയിച്ച കാര്യങ്ങൾ സി.പി.എം ശരിവെച്ചെന്ന് ചൂണ്ടിക്കാട്ടി സീറോ മലബാർ സഭ മുഖപത്രം ദീപികയിൽ ലേഖനം. സി.പി.എം ആക്ടിങ് സെക്രട്ടറിയുടെ പ്രതികരണവും മന്ത്രി വി.എൻ. വാസവന്‍റെ പാലാ ബിഷപ്പ് ഹൗസ് സന്ദർശനവും എല്ലാം യാഥാർഥ്യം ഉൾക്കൊള്ളുന്നു എന്നതിന്‍റെ സൂചനയാണ്. മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ ഉന്നതലയോഗത്തിൽ നിന്നും അദ്ദേഹത്തിന് കാര്യങ്ങൾ ബോധ്യമായി കാണണം. ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചതും സി.പി.എം ശരിവെച്ചതുമായ പ്രശ്നങ്ങളിൽ സർക്കാർ മുൻവിധികളില്ലാതെ അന്വേഷണം നടത്തി സമുദായങ്ങളുടെ ആശങ്കകൾക്ക് അറുതി വരുത്തുകയല്ലേ വേണ്ടതെന്നും 'യാഥാർഥ്യം തിരിച്ചറിഞ്ഞവരും അജ്ഞത നടക്കുന്നവരും' എന്ന തലക്കെട്ടിൽ സി.കെ. കുര്യാച്ചൻ എഴുതിയ ലേഖനത്തിൽ പറയുന്നു.
കോൺഗ്രസിനെയും യു.ഡി.എഫിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ക്ലീൻ ഇമേജ് സൃഷ്ടിക്കാൻ പാടുപെടുന്ന സതീശന് ചങ്ങനാശേരിയിൽ നിന്ന് കാര്യങ്ങൾ വ്യക്തമായി കാണുമെന്നും ലേഖനത്തിൽ പറയുന്നു. അതുകൊണ്ടാവാം അദ്ദേഹം പാലായ്ക്ക് പോകാതിരുന്നത്. എന്നാൽ, തന്‍റെ ഇമേജ് കാത്തുസൂക്ഷിക്കാൻ സതീശൻ ചില പൊടിക്കൈകൾ കോട്ടയത്ത് കാട്ടുകയും ചെയ്തു. കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ പാലായിലെത്തി ബിഷപ്പിനെ കണ്ട് കാര്യങ്ങൾ മനസിലാക്കിട്ടുണ്ടാവാമെന്ന് കരുതുന്നു. യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ് ലിം ലീഗിന് ബിഷപ്പ് പറഞ്ഞ കാര്യങ്ങൾ മുമ്പേ അറിയാവുന്നതാണ്. എന്നാൽ, അറിയാത്തവരും അജ്ഞത നടിക്കുന്നവരും ഏറെയുണ്ടെന്നും ലേഖനത്തിൽ പറയുന്നു.
ബി.ജെ.പിയെയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ബിഷപ്പിന് ബി.ജെ.പി സംരക്ഷണം ഒരുക്കുന്നുവെന്ന പ്രചാരണം വരെ നടത്തുകയാണ്. കേന്ദ്രം ഭരിക്കുന്ന പാർട്ടി എന്ന നിലയിൽ ദേശസുരക്ഷയെ പോലും ബാധിക്കാവുന്ന തരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ബോധ്യമുണ്ടെങ്കിൽ ശക്തമായ അന്വേഷണവും നടപടികളും എടുക്കുകയാണ് വേണ്ടത്. അല്ലാതെ, ബിഷപ്പിന്‍റെ പ്രസ്താവനയെ മറയാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുകയും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുകയുമല്ല വേണ്ടതെന്നും ലേഖനത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.