സഭയുടെ പേരിൽ വർഗീയവിഷം വിളമ്പരുതെന്ന് ദീപിക മുഖപ്രസംഗം: ‘സ്വന്തം മതത്തിലെ തീവ്രവാദിക്കൂട്ടങ്ങളെ തള്ളിപ്പറയാൻ സഭക്ക് മടിയില്ല’
text_fieldsകോട്ടയം: കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിമ്പാൻ ആരും ഇലയിടേണ്ടെന്ന് കത്തോലിക്കാ സഭ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം. കേരള സ്റ്റോറിയെന്ന വിവാദ വിദ്വേഷ സിനിമ രൂപതകളിൽ പ്രദർശിപ്പിക്കുന്നതിന്റെയും കാസ അടക്കമുള്ള തീവ്ര ക്രൈസ്തവ വർഗീയ സംഘടനകളുടെ വിദ്വേഷ പ്രചാരണത്തിന്റെയും പശ്ചാത്തലത്തിലാണ് ‘പാനപാത്രമേതായാലും വിഷം കുടിക്കരുത്’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗം ശ്രദ്ധേയമാകുന്നത്.
ക്രൈസ്തവരെ രക്ഷിക്കാനെന്ന മുഖംമൂടിയിട്ട് ഇതര മതസ്ഥരെ അവഹേളിക്കുന്ന ക്രിസ്ത്യൻ നാമധാരികൾ ആരായാലും സഭയുടെ തോളിലിരുന്നു ചെവി തിന്നേണ്ട. അന്ത്യത്താഴവേളയിൽ ക്രിസ്തു കാസയിലെടുത്തു കൊടുത്തത് സ്വന്തം രക്തമാണ്, അപരന്റെയല്ല. ആടുകളാണെങ്കിലും ഇടയന്മാരാണെങ്കിലും ഇതര മതവിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ നുണപ്രചാരണങ്ങളിൽ കുടുങ്ങി സോഷ്യൽ മീഡിയയിൽ വൈകാരിക പ്രതികരണത്തിനിറങ്ങരുത്. പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർഥിക്കണമെന്നും എഡിറ്റോറിയലിൽ അഭ്യർഥിച്ചു.
ചിലരുടെ വിദ്വേഷപ്രചാരണം ക്രൈസ്തവരെയാകെ തെറ്റിദ്ധരിപ്പിക്കും വിധമാണ്. തെറ്റുപറ്റിയാൽ ന്യായീകരിക്കാതെ കുരിശിൽപിടിച്ച് ലോകത്തോടു മാപ്പു പറയാൻ മടിച്ചിട്ടില്ലാത്തവരാണ് കത്തോലിക്കാ സഭയെ നയിക്കുന്നത്. സ്വന്തം മതത്തിലെ അതിന്യൂനപക്ഷമായ തീവ്രവാദിക്കൂട്ടങ്ങളെ തള്ളിപ്പറയാൻ സഭയ്ക്കു മടിയില്ല -മുഖപ്രസംഗം തുടർന്നു.
മുഖപ്രസംഗത്തിൽനിന്ന്:
‘സ്വന്തം മതമൗലികവാദത്തെ ഓമനിച്ചു വളർത്തിക്കൊണ്ട് മറ്റെല്ലാ മതങ്ങളുടെയും തീവ്രവാദത്തെയും വർഗീയവാദത്തെയും പ്രതിരോധിക്കാനിറങ്ങുന്ന കാപട്യത്തെ കേരളം ഏറ്റെടുക്കില്ല. സ്വന്തം മതത്തിനുവേണ്ടി മാത്രം ഇരവേഷം കെട്ടിയാടി സമാധാനത്തിന്റെ കഴുത്തറക്കുന്നവരെയും, സമുദായസ്നേഹത്തിന്റെ വീഞ്ഞെന്ന വ്യാജേന ഇതര മതവിദ്വേഷത്തിന്റെ പാനപാത്രവുമായെത്തുന്നവരെയും, സ്വന്തം മതത്തിൽ പെടാത്ത സഹപൗരന്മാരെ രണ്ടാം തരക്കാരായി വിചാരിക്കുന്ന ഹിംസയുടെ ധാരകളെ തള്ളിപ്പറയാതെ മതേതര ജനാധിപത്യത്തെ മതവേഷം കെട്ടിക്കാൻ ശ്രമിക്കുന്നവരെയും നാം തിരിച്ചറിയേണ്ടതുണ്ട്.
ദൈവത്തിനുള്ളതു ദൈവത്തിനും സീസറിനുള്ളതു സീസറിനും കൊടുത്ത് ഒരു ജനതയായി നമുക്കു ജീവിക്കണം. മതത്തെ രക്ഷിക്കാനിറങ്ങിയിരിക്കുന്നവരെക്കൊണ്ടു മറ്റുള്ളവർക്കു ജീവിക്കാനാകാത്ത സ്ഥിതി വളരുകയാണ്. രാജ്യത്തെ തൊഴിലില്ലായ്മയും സാന്പത്തിക അസമത്വങ്ങളും അഴിമതിയും അഴിമതിവിരുദ്ധ നിഴൽയുദ്ധങ്ങളും ജനാധിപത്യ ധ്വംസനവും മതധ്രുവീകരണവും ഉൾപ്പെടെ നൂറായിരം നീറ്റലുകളെ മറക്കാനുള്ള ഒറ്റമൂലിയായി മതത്തെ ദുരുപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണ്.
കത്തോലിക്കാ സഭയുടെ പേരു പറഞ്ഞ് വർഗീയതയുടെ വിഷം വിളമ്പാൻ ആരും ഇലയിടേണ്ട. ഇസ്ലാമിക തീവ്രവാദത്തെയും ഹിന്ദു വർഗീയവാദത്തെയും ന്യൂനപക്ഷ വിരുദ്ധതയെയും അഹിംസാമാർഗങ്ങളിലൂടെ എതിർത്തിട്ടുള്ള കത്തോലിക്കാ സഭ സ്വന്തം ചെലവിൽ ഒരു വർഗീയപ്രസ്ഥാനത്തെയും വളർത്തിയെടുക്കില്ല. മതത്തെയല്ല, തീവ്രവാദത്തെയാണ് നാം ചെറുക്കുന്നത്.
ക്രൈസ്തവരെ രക്ഷിക്കാനെന്ന മുഖംമൂടിയിട്ട് ഇതര മതസ്ഥരെ അവഹേളിക്കുന്ന ക്രിസ്ത്യൻ നാമധാരികൾ ആരായാലും സഭയുടെ തോളിലിരുന്നു ചെവി തിന്നേണ്ട. അന്ത്യത്താഴവേളയിൽ ക്രിസ്തു കാസയിലെടുത്തു കൊടുത്തത് സ്വന്തം രക്തമാണ്, അപരന്റെയല്ല. വർഗീയതൊഴുത്തുകളിൽ കൊണ്ടുകെട്ടാമെന്നു കരുതുന്നവർ കാര്യം നടക്കാതെവരുമ്പോൾ, സഭയെ ക്രിസ്തുവിന്റേതായി നിലനിർത്താൻ ശ്രമിക്കുന്നവരുടെയൊക്കെ നേരേ ഭീഷണിയുടെ സ്വരമെടുക്കാൻ ശ്രമിക്കുന്നുണ്ട്. അധികാരമോ ആത്മനിർവൃതിയോ വെള്ളിനാണയങ്ങളോ എന്തുമാകട്ടെ, മതവിദ്വേഷോന്മാദത്തിന്റെ പ്രലോഭനം കൈയിൽ വച്ചാൽ മതി.
ഐറിഷ് റിപ്പബ്ലിക്കൻ ആർമിയിലെ അംഗങ്ങൾ അക്രമത്തിന്റെയും ഹിംസയുടെയും പാതയിലിറങ്ങിയപ്പോൾ അതു വേണ്ടെന്നു പറയാൻ മുന്നിലിറങ്ങിയതു കത്തോലിക്കാ സഭയാണ്. അംഗങ്ങൾ കത്തോലിക്കാ വിശ്വാസികളായിരുന്നതിനാൽ സഭയ്ക്ക് ഇടപെടേണ്ടിവന്നു. "ദൈവസന്നിധിയിലെ കൊലപാതകം' എന്നാണ് ഐആർഎ നടപടികളെ തള്ളിപ്പറഞ്ഞുകൊണ്ട് 1922ൽ കത്തോലിക്കാ ബിഷപ്പുമാർ ഇടയലേഖനമിറക്കിയത്. ബ്രിട്ടനെ ചെറുക്കാൻ ഒരുവേള ഐ.ആർ.എ സഹായമഭ്യർഥിച്ചത് നരാധമനായ ഹിറ്റ്ലറോടാണെന്നതുകൂടി ചേർത്തു വായിക്കാം. തീവ്ര ദേശീയതയും മതഭ്രാന്തും മനുഷ്യരെ എവിടെയെത്തിക്കുമെന്നതിന് ചരിത്രത്തിൽ ഓർമപ്പെടുത്തലുകളുണ്ട്.
ക്രൈസ്തവ വർഗീയത ഉയർത്താൻ ശ്രമിക്കുന്ന കേരളത്തിലെ സംഘങ്ങളോടു ഐആർഎയോട് സാമ്യപ്പെടുത്തേണ്ടതില്ല. പക്ഷേ, ചിലരുടെ വിദ്വേഷപ്രചാരണം ക്രൈസ്തവരെയാകെ തെറ്റിദ്ധരിപ്പിക്കും വിധമാണ്. ഇതര മതവിദ്വേഷം പ്രചരിപ്പിക്കുന്നവരുടെ നുണപ്രചാരണങ്ങളിൽ കുടുങ്ങി സോഷ്യൽ മീഡിയയിൽ വൈകാരിക പ്രതികരണത്തിനിറങ്ങുന്നവരോട് അഭ്യർഥിക്കാനുള്ളത്, പ്രലോഭനങ്ങളിൽ ഉൾപ്പെടാതിരിക്കാൻ ഉണർന്നിരുന്നു പ്രാർഥിക്കാനാണ്; അത് ആടുകളാണെങ്കിലും ഇടയന്മരാണെങ്കിലും.
നുണകളുടെയും അർദ്ധസത്യങ്ങളുടെയും വാക്കുകളാൽ ഒരുക്കുന്ന യുദ്ധഭൂമിയിലാണ് ഹിംസ ആയുധങ്ങളുമായിറങ്ങാൻ കാത്തിരിക്കുന്നത്. വർഗീയതയ്ക്കു മറുപടി വർഗീയതയല്ല. ഇസ്ലാമിക തീവ്രവാദികളുടെ വംശഹത്യയിൽ ഇറാക്കിലും സിറിയയിലും ഈജിപ്തിലും ലിബിയയിലും സൊമാലിയയിലും യെമനിലും നൈജീരിയയിലുമൊക്കെ പതിനായിരക്കണക്കിനു ക്രൈസ്തവർ കൊല്ലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഹൈന്ദവ വർഗീയവാദികൾ ഇന്ത്യയിലും ക്രൈസ്തവരെ വേട്ടയാടുന്നുണ്ട്. പക്ഷേ, ഇതൊന്നും വർഗീയമായി സംഘടിക്കാനുള്ള കാരണമാക്കാൻ ക്രൈസ്തവർക്കാകില്ല.
സമുദായസംരക്ഷണത്തിന്റെയും കെട്ടുറപ്പിന്റെയും വ്യാജബിംബങ്ങൾ എഴുന്നള്ളിച്ചുകൊണ്ടുവരുന്നവരെ ആട്ടിയോടിക്കുക. അഹിംസയുടെ ഗാന്ധിമണ്ണിനെ നാം കൈവിടരുത്. ഏതു പാനപാത്രത്തിൽനിന്നായാലും വിഷം കുടിക്കില്ലെന്നും മക്കൾക്കു കൊടുക്കില്ലെന്നും പറഞ്ഞുകൊണ്ടേ നമുക്കു സത്യസന്ധരാകാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.