ഓർഗനൈസറിലെ കത്തോലിക്കാ സഭാ ഭൂമി ലേഖനത്തെയും വഖഫിൽ പ്രതിപക്ഷത്തെയും വിമർശിച്ച് ‘ദീപിക’ മുഖപ്രസംഗം
text_fieldsകോഴിക്കോട്: കത്തോലിക്കാ സഭയുടെ ഭൂമിയെക്കുറിച്ച് ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിലെ ലേഖനത്തിൽ രൂക്ഷ വിമർശനവുമായി ‘ദീപിക’ പത്രത്തിന്റെ മുഖപ്രസംഗം. ആർക്കാണ് അധികം ഭൂമിയുള്ളത് എന്ന ആർ.എസ്.എസ് കുറിപ്പിനെ ഇവിടെയാർക്കും ഭയമില്ലെന്നും കൂടുതലുള്ളത് കത്തോലിക്കാ സഭയ്ക്ക് അല്ലാത്തതിനാൽ മാത്രമല്ല ഉള്ളതിലൊരു തരിപോലും മതനിയമങ്ങളാൽ തട്ടിയെടുത്തതോ അനധികൃതമോ അല്ല എന്നും ‘ലേഖനത്തെ ഭയമില്ല, വർഗീയതയെ ഭയമുണ്ട്’ എന്ന തലക്കെട്ടിലെ മുഖപ്രസംഗത്തിൽ പറയുന്നു.
ആർ.എസ്.എസ് പിൻവലിക്കുകയോ നിഷേധിക്കുകയോ ചെയ്ത ലേഖനങ്ങളെന്നല്ല, അംഗീകരിച്ചിട്ടുള്ള ആശയങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവൃത്തിയുമൊക്കെ ഈ രാജ്യത്തെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും തുല്യ പൗരത്വബോധത്തെയുമൊക്കെ പരിക്കേൽപ്പിക്കുകയാണ്. സഭയുടെ സ്കൂളുകളിലും ആശുപത്രികളിലുംസേവനം നൽകി പാവങ്ങളെ മതപരിവർത്തനം നടത്തുന്നുണ്ടെന്ന ചില റിപ്പോർട്ടുകളുണ്ടെന്നും പറഞ്ഞ് ലേഖനം യഥാർഥ ലക്ഷ്യത്തിലേക്ക് പിൻവാതിൽ പ്രവേശം നടത്തുന്നുണ്ട് -എന്നും ലേഖനത്തിനെതിരെ മുഖപ്രസംഗം വിമർശനമുയർത്തുന്നു.
വഖഫ് വിഷയത്തിൽ പ്രതിപക്ഷത്തെയും മുഖപ്രസംഗം വിമർശിക്കുന്നുണ്ട്. വഖഫിനുശേഷം ബി.ജെ.പി ക്രൈസ്തവരെ തേടി വരുമെന്നു ഞങ്ങൾ പറഞ്ഞത് ഇപ്പോൾ ശരിയായില്ലേയെന്നു ചോദിക്കുന്ന രാഷ്ട്രീയക്കാരോട്, ഇല്ല എന്നുതന്നെ പറയും. കാരണം, സംഘപരിവാറിന് ന്യൂനപക്ഷത്തെ ആക്രമിക്കാൻ വഖഫൊന്നും വേണ്ട. ആർ.എസ്.എസ് ലേഖനത്തിന്റെ ഉള്ളടക്കം തെറ്റാണ്. ആ തെറ്റിനെക്കുറിച്ചു പറയുന്നതിനു പകരം, വഖഫ് ഭേദഗതിയെ എതിർത്ത തെറ്റായ തീരുമാനത്തെ ന്യായീകരിക്കാൻ പ്രതിപക്ഷം ഈയവസരം ഉപയോഗിക്കുകയാണ് -മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
മുനമ്പത്തെ ജനങ്ങളെ വഴിയാധാരമാക്കാൻ വഖഫ് ബോർഡിനെ സഹായിച്ച ചില വകുപ്പുകൾ ഒഴിവാക്കണമെന്നാണ് സിബിസിഐയും കെസിബിസിയും ആവശ്യപ്പെട്ടത്. പ്രതിപക്ഷം അതു കേട്ടതായി നടിച്ചില്ല.
കോൺഗ്രസിനോടും സിപിഎമ്മിനോടും കാര്യങ്ങൾ തുറന്നുപറയേണ്ടിവരുന്നത്, സംഘപരിവാറിന്റെ ക്രൈസ്തവപീഡനങ്ങൾ കാണാതെയല്ല. ഉത്തരേന്ത്യയിൽ ക്രൈസ്തവരെ ഓടിച്ചിട്ടു തല്ലുന്നവർ കേരളത്തിൽ സഹായിക്കുമെന്നു പറയുന്പോൾ അതിന്റെ രാഷ്ട്രീയം തിരിച്ചറിയാനാകും. സംഘപരിവാറിന്റെ ഓരോ അതിക്രമവും രാജ്യത്തെവിടെയുമുള്ള ക്രൈസ്തവർക്കു കൊള്ളുന്നുണ്ട്.
ഈസ്റ്ററിന്റെ വിശുദ്ധവാരം തുടങ്ങുന്പോഴും ഉത്തരേന്ത്യയിലെ ക്രൈസ്തവർ ഭീതിയിലാണെന്നും ‘ദീപിക’ മുഖപ്രസംഗം പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.