സജി ചെറിയാന്റെ വിടുവായത്തത്തിന് മുഖ്യമന്ത്രി പിന്തുണ നൽകി -രൂക്ഷ വിമർശനവുമായി ദീപിക
text_fieldsകോട്ടയം: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ബിഷപ്പുമാരെ വിമർശിച്ച മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി ദീപിക പത്രം. കേരള മുഖ്യമന്ത്രി നവകേരള സദസിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രഭാതയോഗങ്ങളിലും വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാർ പങ്കെടുത്തിരുന്നെന്നും അതു കണ്ട് സജി ചെറിയാനു രോമാഞ്ചമുണ്ടായോ എന്ന് ‘രാഷ്ട്രീയക്കളികളിൽ എന്തിന് ബിഷപ്പുമാരെ അവഹേളിക്കണം?’ എന്ന തലക്കെട്ടിലെ എഡിറ്റോറിയലിൽ ചോദിക്കുന്നു. പാർട്ടി അണികളുടെ കൈയടി നേടാൻ വായിൽ തോന്നുന്നതൊക്കെ വിളിച്ചുപറയുന്ന ചരിത്രമുള്ളയാളാണ് സജി ചെറിയാൻ എന്നിങ്ങനെ രൂക്ഷമായാണ് വിമർശനം.
‘ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ ആക്ഷേപിക്കാൻ എന്തും വിളിച്ചുപറയുന്ന മന്ത്രിമാർ അടക്കമുള്ള ഇടതു നേതാക്കളും മുഖ്യമന്ത്രിയടക്കം അവർക്ക് ഒത്താശ ചെയ്യുന്നവരും തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നത്.’
‘മന്ത്രി സജി ചെറിയാനും, മുൻ മന്ത്രിയും ഇടത് എംഎൽഎയുമായ കെ.ടി. ജലീലും ക്രൈസ്തവ സഭയ്ക്കും ബിഷപ്പുമാർക്കുമെതിരേ നടത്തിയ പ്രതികരണങ്ങൾ ജീർണതയുടെ സംസ്കാരം പേറുന്നവർക്കു ഭൂഷണമായിരിക്കാം; എന്നാൽ, അവർ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹിമയ്ക്കു ചേർന്നതല്ലെന്ന് ഓർമിപ്പിക്കട്ടെ.
സജി ചെറിയാൻ വിളമ്പിയ മാലിന്യം ആസ്വദിച്ചു രോമാഞ്ചം കൊള്ളുന്നവരോടു പറയട്ടെ, കൊടിയ പീഡനങ്ങളും അവഹേളനങ്ങളും ഒരുപാട് ഏറ്റുവാങ്ങിയിട്ടുള്ളവരാണ് ആഗോള ക്രൈസ്തവർ. അതിൽ കമ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയൊക്കെയെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുമുണ്ട്.’
‘മുഖ്യമന്ത്രി സംഘടിപ്പിക്കുന്ന യോഗങ്ങളിൽ ബിഷപ്പുമാർ പങ്കെടുക്കുന്നതു ശരിയും, പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കുന്നത് വിരുന്നുണ്ണലുമാണെന്നു വ്യാഖ്യാനിക്കുന്നത് ഇരട്ടത്താപ്പല്ലാതെ മറ്റെന്താണ്’ -എഡിറ്റോറിയലിൽ വിമർശിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.