സിമി പശ്ചാത്തലമുള്ള മന്ത്രി ജലീൽ വർഗീയ തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന് കേതാലിക്കാ പത്രം
text_fieldsമന്ത്രി കെ.ടി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി കതോലിക്കാ പത്രമായ ദീപിക. സിമി മുൻ പശ്ചാത്തലമുള്ള മന്ത്രി വർഗീയ തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്നാണ് ദീപിക പ്രസിദ്ധീകരിച്ച ലേഖനത്തിൽ ആരോപിക്കുന്നത്. ന്യൂനപക്ഷ ആനുകൂല്യങ്ങൾ മുസ്ലിം സമൂഹം മാത്രമായി സ്വന്തമാക്കുകയാണെന്നും ലേഖനത്തിൽ ആരോപിക്കുന്നുണ്ട്.
ന്യൂനപക്ഷ ക്ഷേമ മന്ത്രി തന്റെ മതേതര സ്വഭാവത്തെക്കുറിച്ച് ഉറക്കെ പറഞ്ഞുകൊണ്ട് സർക്കാർ ചെലവിൽ ഖുറാൻ വിതരണം വരെ നടത്തുന്നുണ്ടെന്നും അതെല്ലാം മതേതരത്വമാണെന്നും ലേഖനം പരിഹസിക്കുന്നു.
''ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഫലത്തിൽ മുസ്ലിം ക്ഷേമ വകുപ്പായി പ്രവർത്തിക്കുന്നു. ന്യൂനപക്ഷ ക്ഷേമ മന്ത്രി, സെക്രട്ടറി, കമ്മീഷൻ ചെയർമാൻ, അംഗം, ഉദ്യോഗസ്ഥർ എല്ലാം മിക്കവാറും ഒരു സമുദായത്തിൽ പെട്ടവർ. എന്തേ ഇങ്ങനെ എന്നോ പോലും ചോദിക്കാൻ ആരുമില്ല. ന്യൂനപക്ഷ ക്ഷേമ മന്ത്രി തന്റെ മതേതര സ്വഭാവത്തെക്കുറിച്ച് ഉറക്കെ പറഞ്ഞുകൊണ്ട് സർക്കാർ ചെലവിൽ ഖുറാൻ വിതരണം വരെ നടത്തുന്നു. എല്ലാം മതേതരത്വം. മദ്രസകൾക്ക് അദ്ദേഹം വാരിക്കോരി നൽകിയ സർക്കാർ സഹായങ്ങളും എല്ലാവരെയും അമ്പരപ്പിക്കുന്ന വിധമായി. എന്നിട്ടും ഞങ്ങൾക്കുകൂടി തരണം എന്നുപോലും ആരും വായ് തുറക്കുന്നില്ല. കാരണം അവർ അത്ര സ്ട്രോംഗാണ്. ഏതു ഭരണകാലത്തും പിടിക്കുന്നിടത്തു കെട്ടും'' - ലേഖനം തുടരുന്നു.
ഇരുമുന്നണികളും ക്രൈസ്തവർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിൽ പിന്നിലാണെന്നും ഇതിലെ അനീതി ബി.െജ.പി ചോദ്യം ചെയ്യുമെന്നും ലേഖനം പറയുന്നു. പിണറായി സർക്കാർ സാമ്പത്തിക സംവരണം നടപ്പാക്കിയത് കേന്ദ്രത്തിന്റെ തണലിലാണെന്നും പറയുന്ന ലേഖനത്തിൽ കേന്ദ്ര സർക്കാറിനെതിരെയോ ബി.ജെ.പിക്ക് എതിരെയോ പരാമർശങ്ങളൊന്നുമില്ല. ബി.ജെ.പി ക്രൈസ്തവരുടെ ആനുകൂല്യങ്ങൾക്കായി ശബ്ദമുയർത്തുമെന്ന ധ്വനിയും ലേഖനത്തിലുണ്ട്.
ന്യൂനപക്ഷങ്ങൾ നിർണായക ശക്തിയായ കേരളത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ ഏതെങ്കിലുമൊരു ന്യൂനപക്ഷ വിഭാഗത്തെ കൂടെ നിർത്താനുള്ള നീക്കങ്ങൾ ബി.ജെ.പി നടത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
''സ്വർണക്കള്ളക്കടത്തു കേസിൽ പലവട്ടം ചോദ്യം ചെയ്തപ്പോൾ മന്ത്രി കെ.ടി. ജലീൽ താൻ പാണക്കാട് തങ്ങൾ പറയുന്നതുപോലെ ചെയ്യാമെന്നു വെല്ലുവിളിച്ചത് രക്ഷപ്പെടാൻ വേണ്ടി മാത്രമായിരുന്നില്ല. സിമി മുൻ പശ്ചാത്തലമുള്ള ഒരു വ്യക്തി പിണറായിയുടെ മന്ത്രിസഭയിലായാലും എത്ര മനോഹരമായി വർഗീയ തീരുമാനങ്ങൾ നടപ്പാക്കുന്നു!'' - എവിടെയായിരുന്നു നിങ്ങൾ? എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച ലേഖനം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.