കഠ്വ കേസ്: പണം ലഭിച്ചില്ലെന്ന് അഡ്വ. ദീപിക സിങ്; കേസ് നടത്തുന്നത് മുബീൻ ഫാറൂഖിയെന്ന് യൂത്ത് ലീഗ്
text_fieldsകോഴിക്കോട്: മുസ്ലിം യൂത്ത് ലീഗ് പിരിച്ച കഠ്വ ഫണ്ടിനെ കുറിച്ചുള്ള വിവാദം മുറുകുന്നു. ആരോപണ പ്രത്യാരോപണവുമായി ഇരുപക്ഷവും ഇന്നും രംഗത്തെത്തി. കേസിൽ ഹാജരാകുന്ന അഭിഭാഷകരെ കേന്ദ്രീകരിച്ചാണ് ഇത്തവണ വിവാദം. കഠ്വ -ഉന്നാവ് ബലാത്സംഗ കേസുകളിൽ കുടുംബത്തിന് നിയമസഹായവും പരിരക്ഷയും നല്‍കുന്നതിനാണ് യൂത്ത് ലീഗ് ദേശീയ നേതൃത്വം പണപ്പിരിവ് നടത്തിയത്. എന്നാൽ, ഫണ്ട് വകമാറ്റി ചെലവഴിച്ചതായി ദേശീയ സമിതി മുൻ അംഗവും ഇപ്പോൾ സി.പി.എം സഹയാത്രികനുമായ യൂസഫ് പടനിലം ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് വിവാദം കൊഴുത്തത്.
യൂത്ത് ലീഗിൽ നിന്ന് തനിക്ക് പണമൊന്നും ലഭിച്ചിട്ടില്ലെന്ന് കഠ്വ കേസിൽ ഹാജരായ അഭിഭാഷക ദീപിക സിങ് രജാവത്തിന്‍റെ ശബ്ദ സന്ദേശമാണ് ഇന്ന് ആദ്യം പുറത്തുവന്നത്. അഭിഭാഷകര്‍ക്ക് 9,35,000 രൂപ നല്‍കിയെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചിരുന്നു. പണം നല്‍കിയെന്ന് പറയുന്ന അഭിഭാഷകനായ മുബീന്‍ ഫറൂഖിക്ക് കേസ് നടത്തിപ്പില്‍ യാതൊരു ബന്ധവും ഇല്ലെന്ന് ദീപിക സിങ് രജാവത്ത് പറഞ്ഞു. കേസ് പൂര്‍ണ്ണമായും താന്‍ സൗജന്യമായിട്ടാണ് നടത്തുന്നത്. പണം ലഭിച്ചെന്ന് പറയുന്നത് ആശ്ചര്യജനകമാണെന്നും ദീപിക സിങ് പറഞ്ഞു.
എന്നാൽ, പഞ്ചാബ് -ഹരിയാന ഹൈകോടതിയിൽ അഡ്വ. മുബീൻ ഫാറൂഖിയാണ് കഠ്വ കേസ് ഏകോപിപ്പിക്കുന്നതെന്നും ദീപികക്ക് ഇതിൽ റോളില്ലെന്നും യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ പറഞ്ഞു. അഭിഭാഷകനായ മുബീന്‍ ഫാറൂഖി വഴിയാണ് ദീപിക സിങ് കഠ്വ കുടുംബത്തിന്‍റെ വക്കാലത്ത് വാങ്ങിയതെന്നും കേസിന്‍റെ എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചത് അദ്ദേഹമാണെന്നും സുബൈര്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
''ഈ കേസ് ഇങ്ങനെ വിവാദമാക്കുന്നതിൽ വിഷമമുണ്ട്. ദീപികയോട് ഞങ്ങൾക്ക് ബഹുമാനമുണ്ട്. ചെയ്ത സേവനങ്ങളോട് മതിപ്പുമുണ്ട്. പക്ഷേ മുബീൻ ഫാറൂഖിക്കു കേസുമായി ബന്ധമില്ല എന്ന പുതിയ വിവാദം അടിസ്ഥാന രഹിതമാണ്'' -സുബൈർ പറഞ്ഞു. ഇതിന് തെളിവായി പത്താൻ കോട്ട് കോടതിയിൽ ഹാജരാകാൻ മുബീൻ ഫാറൂഖിയോട് ദീപിക സിങ് തന്നെ വക്കാലത്തിനു വേണ്ടി അഭ്യർത്ഥിക്കുന്ന ശബ്ദ സന്ദേശവും പുറത്തുവിട്ടു. എല്ലാ ചോദ്യങ്ങൾക്കും മറുപടിയുണ്ടെന്നും സംശയങ്ങൾ ബാക്കിയുള്ളവർക്ക് ഇനിയും തെളിവുകളുമായി പിന്നാലെ വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.