'കൊല്ലുമെന്ന് പറഞ്ഞതുപോലെ അവർ ചെയ്തു'; ഭീഷണി കാരണം ആശുപത്രിയിലെത്തിക്കാൻ വൈകിയതായി ദീപുവിന്റെ പിതാവ്
text_fieldsകൊച്ചി: കിഴക്കമ്പലത്ത് മർദനമേറ്റ് കൊല്ലപ്പെട്ട ട്വന്റി20 പ്രവർത്തകൻ ദീപുവിന് ഭീഷണിയുണ്ടായിരുന്നതായി അച്ഛന്‍ കുഞ്ഞാറു. മകനെ മർദിക്കുന്നതിന് താൻ ദൃക്സാക്ഷിയാണെന്നും ഭീഷണി ഭയന്നാണ് ശനിയാഴ്ച ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നതെന്നും പിതാവ് പറഞ്ഞു.
പ്രതികൾ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. മർദിക്കുന്നത് കണ്ട് ഓടിച്ചെന്ന് പിടിച്ച് മാറ്റാൻ ശ്രമിച്ചപ്പോഴും മകനെ മർദിച്ചു. കൊല്ലുമെന്ന് പറഞ്ഞായിരുന്നു മർദനം. പിന്നില്‍ നിന്നായിരുന്നു അടിയേറ്റത്. ചികിത്സ തേടാൻ ശ്രമിച്ചപ്പോഴും ഭീഷണിപ്പെടുത്തിയതായി കുടുംബം വ്യക്തമാക്കി.
പേടികൊണ്ട് ആശുപത്രിയിലേക്ക് അയക്കാത്ത കാരണത്താൽ മകൻ തന്നോട് മിണ്ടിയില്ലെന്നും ഭക്ഷണം പോലും കഴിച്ചില്ലെന്നും കുറഞ്ഞാറു പറഞ്ഞു. ട്വന്‍റി 20 പ്രവര്‍ത്തകനായത് കാരണമാണ് ദീപുവിനെ ആക്രമിച്ചതെന്നും കുടുംബം പറയുന്നു.
ദീപുവിന്റെ സംസ്കാര ചടങ്ങിനിടെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ കേസെടുത്തു. കോവിഡ് മാനദണ്ഡം ലംഘിച്ച് ചടങ്ങിൽ പങ്കെടുത്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സാബു അടക്കം ആയിരത്തോളം പേര്‍ക്കെതിരെയാണ് നടപടി. വിഡിയോ നോക്കി ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്ന് പൊലീസ് പറഞ്ഞു.
എന്നാൽ പൊലീസിന്റെ അനുവാദത്തോട് കൂടിയായിരുന്നു ചടങ്ങ് നടത്തിയതെന്ന് സാബു എം. ജേക്കബ് പ്രതികരിച്ചു. പാർട്ടി സമ്മേളനത്തിൽ പ്രോട്ടോക്കോൾ പാലിച്ചിട്ടില്ലെന്നും ഭരിക്കുന്ന പാർട്ടിക്ക് വേറെ നിയമമാണെന്നും സാബു പറഞ്ഞു. സി.പി.എമ്മുകാരുടെ സകല വൃത്തികേടുകളും പുറത്തുവരുമെന്നും പി.വി. ശ്രീനിജൻ എം.എൽ.എയുടെ ഫോൺ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദീപുവിന്റെ മരണം തലയിലേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്ഷതംമൂലം രക്തധമനി പൊട്ടി. തലച്ചോറിൽ രക്തം കട്ടപിടിച്ചതായും പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലയോട്ടിയിൽ രണ്ടിടത്ത് ക്ഷതം ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. കരൾ രോഗം സ്ഥിതി വഷളാക്കിയെന്നും റിപ്പോർട്ടിലുണ്ട്. പോസ്റ്റ്മോർട്ടത്തിനുമുമ്പ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കോവിഡ് പരിശോധന നടത്തിയിട്ടില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.