ദീപുവിന്‍റെ കൊലപാതകം: തെളിവെടുപ്പ് നടത്തി
text_fieldsകിഴക്കമ്പലം: കിഴക്കമ്പലത്ത് ട്വന്‍റി20 പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ട കേസില്‍ നാല് പ്രതികളെയും കാവുങ്ങല്‍പറമ്പില്‍ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവസ്ഥലത്ത് പ്രതികളുമായി പൊലീസ് എത്തിയത്.
വിരലടയാള വിദഗ്ധരും പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതികളെ വാഹനത്തില്‍നിന്ന് പുറത്തിറക്കിയില്ല. സംഭവം നടന്ന സ്ഥലം വാഹനത്തില്‍ തന്നെയിരുന്ന് ചൂണ്ടിക്കാണിക്കുകയായിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്താണ് പ്രതികളെ പുറത്തിറക്കാതിരുന്നതെന്ന് പൊലീസ് പറഞ്ഞു.
സി.പി.എം പ്രവര്‍ത്തകരായ പറാട്ട് വീട്ടില്‍ സൈനുദ്ദീന്‍, നെടുങ്ങാടന്‍ ബഷീര്‍, വലിയപറമ്പില്‍ അസീസ്, വിയ്യാട്ട് അബ്ദുറഹ്മാന് എന്നിവരെയാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യാഴാഴ്ച വൈകീട്ട് നാലുവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
കൊലക്കുറ്റത്തിനും ദലിത് പീഡനത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിളക്കണക്കല്‍ സമരത്തിനെത്തുടർന്ന് ദീപുവിനെ വീട്ടില്‍നിന്ന് പിടിച്ചിറക്കി മർദിച്ചെന്നാണ് കേസ്. ആദ്യം പഴങ്ങനാടും പിന്നീട് ആലുവ രാജഗിരി ആശുപത്രിയിലും പ്രവേശിപ്പിച്ച ദീപു വെള്ളിയാഴ്ച മരിക്കുകയായിരുന്നു. വിശദ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും കൂടുതല്‍ നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങുക എന്നാണ് സൂചന. എ.എസ്.പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.