തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥർ നഷ്ടപരിഹാരം നൽകാൻ കോടതിവിധി
text_fieldsപത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിലെ ഉപദേശകസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപദേശകസമിതി പ്രസിഡന്റായിരുന്ന എം.പി. രാധാകൃഷ്ണൻ നായർക്കെതിരെ അപകീർത്തി പ്രസ്താവന നടത്തിയ ദേവസ്വം സബ് ഗ്രൂപ് ഓഫിസർമാരായ എസ്. സന്തോഷ്കുമാർ, നീലകണ്ഠശർമ എന്നിവർ കുറ്റക്കാരാണെന്നും നഷ്ടപരിഹാരത്തുക നൽകണമെന്നും പത്തനംതിട്ട മുൻസിഫ് കോടതി വിധിച്ചു.
നഷ്ടപരിഹാരമായി ഏഴ് ശതമാനം പലിശ സഹിതം 25,000 രൂപയും കോടതി ചെലവായി 16,145 രൂപയും നൽകാനാണ് പത്തനംതിട്ട മുൻസിഫ് എൻ.എൻ. സിജി ഉത്തരവിട്ടത്. കേസിലെ മൂന്നാം പ്രതി എസ്. സന്തോഷ്കുമാറും നാലാം പ്രതി നീലകണ്ഠ ശർമയുമാണ്. 2012 നവംബർ ഒമ്പതിന് നടന്ന ഉപദേശകസമിതി തെരഞ്ഞെടുപ്പിലായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്ര ജീവനക്കാരി ജോലിക്കു ഹാജരാകാതെ വേതനം കൈപ്പറ്റിയതിനെതിരെ പ്രസിഡന്റായിരുന്ന എം.പി. രാധാകൃഷ്ണൻ നായർ പരാതി നൽകിയിരുന്നു.
അന്വേഷണത്തെ തുടർന്ന് ജീവനക്കാരി ശമ്പളം തിരികെ അടച്ചു. തുടർന്നുവന്ന തെരഞ്ഞെടുപ്പു യോഗത്തിൽ റിട്ടേണിങ് ഓഫിസറായിരുന്ന ആറന്മുള അസിസ്റ്റന്റ് കമീഷണർ പങ്കെടുക്കാതെ ഇലവുംതിട്ട സബ് ഗ്രൂപ് ഓഫിസർ എസ്. സന്തോഷ്കുമാറും തൃപ്പാറ ദേവസ്വം സബ് ഗ്രൂപ് ഓഫിസർ നീലകണ്ഠ ശർമയും നടപടികൾക്കെത്തി. തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ എം.പി. രാധാകൃഷ്ണൻ നായർക്കെതിരെ അപകീർത്തി പ്രസ്താവന നടത്തി അദ്ദേഹത്തെ അയോഗ്യനാക്കാൻ തീരുമാനമെടുത്തു.
ഇതേ തുടർന്ന് രാധാകൃഷ്ണൻ നായർ ദേവസ്വം ഓംബുഡ്സ്മാന് നൽകിയ പരാതി ഹൈകോടതി ദേവസ്വം ബെഞ്ചിന് കൈമാറി. ദേവസ്വം അസിസ്റ്റന്റ് കമീഷണർക്കു മാത്രമേ തെരഞ്ഞെടുപ്പ് നടത്താൻ അധികാരമുള്ളൂവെന്നും നടന്ന തെരഞ്ഞെടുപ്പ് നിയമവിരുദ്ധമാണെന്നും ഹൈകോടതി വിധിച്ചു.
തന്നെ അപകീർത്തിപ്പെടുത്തിയതിനും അയോഗ്യനാക്കിയതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം.പി. രാധാകൃഷ്ണൻ നായർ 2013ൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെയും ഉദ്യോഗസ്ഥരെയും പ്രതികളാക്കി പത്തനംതിട്ട മുൻസിഫ് കോടതിയിൽ നൽകിയ കേസിലാണ് വിചാരണക്കുശേഷം വിധിയുണ്ടായത്. വാദിക്കുവേണ്ടി അഭിഭാഷകരായ ബി. ഗോപകുമാർ, ലൗജിത് കെ. ആനന്ദ് എന്നിവർ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.