മാനനഷ്‌ട കേസ്: അനിൽ അക്കര എം.എൽ.എക്ക് സമൻസ്
text_fieldsതൃശൂർ: യു.എ.ഇ റെഡ്‌ക്രസൻറ് ഭവനരഹിതർക്കായി സൗജന്യമായി നിർമിച്ച് നൽകുന്ന ഫ്ലാറ്റിൻെറ പേരിൽ അടിസ്ഥാന രഹിതമായി അഴിമതി ആരോപണം ഉന്നയിച്ചതിന് മന്ത്രി എ.സി. മൊയ്‌തീൻ നൽകിയ പരാതിയിൽ നവംബർ 18ന് കോടതിൽ ഹാജരാവാൻ അനിൽ അക്കര എം.എൽ.എക്ക് തൃശൂർ സബ് കോടതി സമൻസ് അയച്ചു.
ഇതുമായി ബന്ധപ്പെട്ട് ക്രിമിനൽ കേസിന് പുറമെ ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് തൃശൂർ സബ് കോടതിയിൽ സിവിൽ കേസ് നൽകിയത്. ഈ വിഷയത്തിൽ മന്ത്രി നൽകിയ സ്വകാര്യ അന്യായം തൃശൂർ സി.ജെ.എം കോടതിയിൽ ഫയലിൽ സ്വീകരിച്ചു.
എം.എൽ.എക്ക് പുറമെ 'മാതൃഭൂമി' ന്യൂസ് അവതാരക സ്മൃതി പരുത്തിക്കാട്, മാതൃഭൂമി ന്യൂസ് എഡിറ്റർ ഉണ്ണികൃഷ്ണൻ, മാതൃഭൂമി പത്രത്തിെൻറ പ്രിൻററും പബ്ലിഷറുമായ എം.എൻ. രവിവർമ എന്നിവർക്കെതിരെയും ഇന്ത്യൻ ശിക്ഷാ നിയമം 500, 34 വകുപ്പ് പ്രകാരം കേസെടുത്ത് ജയിൽ ശിക്ഷയും പിഴയും വിധിക്കണമെന്നും പിഴ തുകയിൽനിന്ന് നഷ്‌ടപരിഹാരം നൽകണമെന്നുമാണ് അഡ്വ. കെ.ബി. മോഹൻദാസ് മുഖേന നൽകിയ പരാതിയിൽ മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
വടക്കാഞ്ചേരിയിൽ റെഡ് ക്രസൻറ് സൗജന്യമായി നിർമിച്ച് നൽകുന്ന ഫ്ലാറ്റ് സമുച്ചയ നിർമാണത്തിെൻറ ഇടനിലക്കാരനായി മന്ത്രി എ.സി. മൊയ്‌തീൻ അഴിമതി നടത്തിയെന്നാണ് അനിൽ അക്കര ആരോപിച്ചത്. മാതൃഭൂമി ചാനലിലും പത്രത്തിലും അപകീർത്തിപരമായ വാർത്ത വന്നു. ഇതിനെതിരെ എം.എൽ.എക്കും ചാനൽ പ്രവർത്തകർക്കും എതിരെ ഒരു കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് അഭിഭാഷകൻ മുഖേന നോട്ടീസ് അയച്ചിരുന്നു.
നോട്ടീസ് കൈപറ്റി ഒരാഴ്ചക്കകം നാല് കക്ഷികളും അപകീർത്തിപരമായ പ്രസ്താവനകളും പ്രസിദ്ധീകരണങ്ങളും നിരുപാധികം പിൻവലിക്കണമെന്നും അക്കാര്യം തുല്യപ്രധാനത്തിൽ തിരുത്തായി നൽകണമെന്നുമായിരുന്നു ആവശ്യം. വീഴ്ച വരുത്തിയാൽ അപകീർത്തിക്ക് ഇന്ത്യൻ ശിക്ഷാ നിയമം 500ാം വകുപ്പുപ്രകാരം ശിക്ഷ നൽകാൻ ക്രിമിനൽ ഫയലാക്കുമെന്നും അറിയിച്ചാണ് നേരത്തെ അഡ്വ. മോഹൻദാസ് മുഖേന നോട്ടീസ് അയച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.