അപകീര്‍ത്തിക്കേസ്: നടൻ ദിലീപ് തലശ്ശേരി കോടതിയിൽ ഹാജരാകണമെന്ന ഉത്തരവിന് സ്റ്റേ
text_fieldsകൊച്ചി: അപകീര്‍ത്തിക്കേസിൽ നടൻ ദിലീപ് തലശ്ശേരി കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന തലശ്ശേരി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് ഹൈകോടതി സ്‌റ്റേ ചെയ്തു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തിയറ്ററുടമയും നിർമാതാവുമായ ലിബര്‍ട്ടി ബഷീര്‍ നല്‍കിയ അപകീര്‍ത്തി കേസിൽ ബുധനാഴ്‌ച ഹാജരാകണമെന്ന ഉത്തരവാണ് ജസ്‌റ്റിസ് പി.ജി. അജിത്‌കുമാർ ഒരുമാസത്തേക്ക് സ്‌റ്റേ ചെയ്‌തത്.
നടി ആക്രമണക്കേസിൽ തന്റെ അറസ്‌റ്റിന് പിന്നില്‍ ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പെടെയുള്ളവരുടെ ഗൂഢാലോചനയുണ്ടെന്ന് ദിലീപ് നേരത്തേ ഹൈകോടതിയില്‍ നല്‍കിയ ജാമ്യഹരജിയിൽ പറഞ്ഞിരുന്നു. ദിലീപിന്റെ ആരോപണം അപകീർത്തിയുണ്ടാക്കിയെന്ന് കാട്ടി ബഷീര്‍ അയച്ച വക്കീല്‍ നോട്ടീസിന് മറുപടി ലഭിക്കാതെവന്നതോടെ തലശ്ശേരി കോടതിയില്‍ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുകയായിരുന്നു. മാധ്യമങ്ങളിലൂടെ ദിലീപ് തനിക്കെതിരെ പ്രചാരണം നടത്തിയെന്നായിരുന്നു ആരോപണം.
ബഷീർ നൽകിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ദിലീപിന്‍റെ ഹരജി ജസ്‌റ്റിസ് പി.വി. കുഞ്ഞികൃഷ്‌ണന്റെ ബെഞ്ചിലാണ് ചൊവ്വാഴ്‌ച ആദ്യം പരിഗണനക്കെത്തിയത്. തന്റെ പിതാവ് ഉണ്ണികൃഷ്‌ണൻ നമ്പൂതിരി ദിലീപിനൊപ്പം സിനിമയിൽ അഭിനയിച്ച സാഹചര്യത്തിൽ ആക്ഷേപത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കേസ് പരിഗണിക്കുന്നതിൽനിന്ന് പിന്മാറി. തുടർന്നാണ് ജസ്‌റ്റിസ് അജിത്‌കുമാറിന്‍റെ ബെഞ്ചിൽ ഹരജി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.