സൈക്കോളജിസ്റ്റിനെതിരെ ഫേസ്ബുക് പോസ്റ്റ്: 10 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsതൃശൂർ: സൈക്കോളജിസ്റ്റിനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ട സംഭവത്തിൽ കോളജ് അസി. പ്രഫസർ 10 ലക്ഷം രൂപയും ആറ് ശതമാനം പലിശയും കോടതി ചെലവുകളും നഷ്ടപരിഹാരം നൽകാൻ വിധി. തൃശൂർ വടക്കാഞ്ചേരി കാഞ്ഞിരക്കോട് സ്വദേശിയും സൈക്കോളജിസ്റ്റുമായ പ്രസാദ് എം.കെ എന്ന പ്രസാദ് അമോർ നൽകിയ പരാതിയിൽ തൃശൂർ അഡീഷണൽ സബ് കോടതിയുടേതാണ് വിധി.
പ്രസാദിനെ ഫേസ്ബുക്കിലൂടെ അപകീർത്തിപ്പെടുത്തിയ കോട്ടയം സ്വദേശി ഷെറിൻ വി ജോർജിനോടാണ് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്. 2017 ഏപ്രിൽ 26നാണ് ഷെറിൻ പരാതിക്കാരനായ പ്രസാദിന്റെ സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് പോസ്റ്റിട്ടത്.
ലൈസൻസ്ഡ് റിഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റും സൈക്കോതെറാപ്പിസ്റ്റുമായി ജോലി ചെയ്യുന്ന പരാതിക്കാരൻ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും എം.ഫില്ലും ലണ്ടനിലെ എൻ.സി.എഫ്.സിയിൽ നിന്ന് ഡിപ്ലോമയും റീഹാബിലിറ്റേഷൻ സൈക്കോളജിയിൽ ബിരുദാനന്തര ഡിപ്ലോമയും നേടിയിട്ടുണ്ട്.
വിദ്യാഭ്യാസയോഗ്യത ഇല്ലാത്ത സൈക്കോളജിസ്റ്റെന്ന രീതിയിൽ കോഴിക്കോട്ടെ കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായ പ്രതി ഷെറിൻ വി. ജോർജ് ഫേസ്ബുക്കിൽ പോസ്റ്റിട്ട് പ്രചരിപ്പിച്ചെന്നാണ് പരാതി. ഇതുമൂലം അപകീർത്തിയും മാനഹാനിയും തൊഴിൽ സാമ്പത്തിക നഷ്ടവുമുണ്ടായെന്ന് ആരോപിച്ചാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
ഇത് തനിക്ക് സമൂഹത്തിൽ അവമതിപ്പുണ്ടാക്കിയെന്നും, നിരവധി കക്ഷികളെ നഷ്ടപ്പെട്ടതിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടായെന്നും കാട്ടിയാണ് പരാതി നൽകിയത്. 10 ലക്ഷം രൂപയും, 2017 മുതൽ ആറു ശതമാനം പലിശയും, കോടതി ചെലവും നൽകാനാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.