എളമരം കരീമിനെ അപകീർത്തിപ്പെടുത്തൽ: ഏഷ്യാനെറ്റ് ന്യൂസിലേക്ക് നാളെ ട്രേഡ് യൂനിയൻ സമിതി മാർച്ച്
text_fieldsതിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലേക്ക് ബുധനാഴ്ച ട്രേഡ് യൂനിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ വിനു വി. ജോൺ രാജ്യത്തെ തൊഴിലാളി വർഗത്തെ ആക്ഷേപിച്ചെന്നും സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിനെ അപകീര്‍ത്തിപ്പെടുത്തിയെന്നും ആരോപിച്ചാണ് മാർച്ച്.
കഴിഞ്ഞദിവസം നടന്ന ചാനൽ ചർച്ചയിൽ അവതാരകന്‍ വിനു വി. ജോണ്‍ എളമരം കരീമിനെയും പണിമുടക്ക് നടത്തിയ തൊഴിലാളികളെയും ആക്ഷേപിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയതായി യൂനിയനുകൾ ആരോപിക്കുന്നു. എളമരം കരീം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുന്ന സമയത്ത് കാര്‍ അടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കി വിടുകയും അദ്ദേഹത്തിന്‍റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്നാണ് വിനു ചാനൽചർച്ചയിൽ ചോദിച്ചത്. ഇത്തരം ചോദ്യങ്ങളിലൂടെ ഒരു മാധ്യമ പ്രവര്‍ത്തകന്‍റെ നിലവാരം അധഃപതിച്ച കാഴ്ചയാണ് കാണുന്നതെന്ന് ട്രേഡ് യൂണിയൻ സംയുക്ത സമിതി അഭിപ്രായപ്പെട്ടു.
പണിമുടക്കിന്‍റെ സന്ദേശം ജനങ്ങളിലെത്തിക്കാൻ അഞ്ചു മാസത്തോളം നിരവധി പ്രചരണപരിപാടികൾ ട്രേഡ് യൂനിയനുകൾ നടത്തിയിരുന്നു. എല്ലാ ജില്ലകളിലും വാർത്താസമ്മേളനം നടത്തിയിട്ടും തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്‍റെ പ്രാധാന്യം പോലും നല്‍കാതിരുന്ന മാധ്യമ അജണ്ടയെക്കുറിച്ച് പരാമർശിച്ചതിനാണ് വിനു തന്‍റെ മ്ലേച്ഛമായ ഭാഷയിൽ ആക്ഷേപിച്ചതെന്നും ട്രേഡ് യൂനിയൻ സംയുക്ത സമിതി പറഞ്ഞു. ജനാധിപത്യ വിരുദ്ധമായ മാടമ്പി ഭാഷയിൽ ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ട്രേഡ് യൂനിയനെ അപമാനിച്ചതിൽ സംയുക്ത ട്രേഡ് യൂനിയന്‍ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.