അപകീർത്തികരമായ പരാമർശം: എം.വി. ജയരാജനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി രേഷ്മ
text_fieldsകണ്ണൂർ: സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോലിലെ ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ രേഷ്മ മുഖ്യമന്ത്രിക്ക് പരാതി നൽകി. തനിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ, കാരായി രാജൻ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എന്നിവർക്കെതിരെയാണ് പരാതി നൽകിയത്. വനിതാ പൊലീസ് ഇല്ലാതെ രാത്രി വീട്ടിലെത്തി അറസ്റ്റ് ചെയ്തു, സ്റ്റേഷനിൽവെച്ച് കൂത്തുപറമ്പ് സി.ഐ മോശമായി സംസാരിച്ചു, ഫോണിലെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ചു എന്നിവയും പരാതിയിൽ ചൂണ്ടിക്കാട്ടി.
ഹരിദാസ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളെ ഒളിവിൽ താമസിപ്പിക്കാൻ സഹായം ചെയ്ത രേഷ്മയെ ജാമ്യത്തിലിറക്കിയത് ബി.ജെ.പി നേതാവാണെന്നും ഹാജരായത് ബി.ജെ.പി അഭിഭാഷകനാണെന്നും എം.വി. ജയരാജൻ പറഞ്ഞിരുന്നു.
ഈ സ്ത്രീയെ കോടതിയിൽനിന്ന് കൊണ്ടുപോകുന്നത് ബി.ജെ.പിയുടെ മണ്ഡലം ജനറൽ സെക്രട്ടറിയാണ്. കേസിൽ ഹാജരായത് ബി.ജെ.പിയുടെ അഭിഭാഷകനുമാണ്. പ്രതിയെ സംരക്ഷിച്ച സ്ത്രീക്ക് വേണ്ടി ബി.ജെ.പിക്കാർ എത്തിച്ചേരുന്നു എന്നത് നിസാരമായ കാര്യമല്ല. അതിനാൽ ഇക്കാര്യത്തിൽ വേറെ സംശയത്തിന് അടിസ്ഥാനമില്ല -എം.വി ജയരാജൻ പറഞ്ഞു.
ഒളിവിൽ താമസിപ്പിച്ച നിജിൽ ദാസിനെ ഒരു വർഷത്തിലേറെയായി നേരിട്ട് അറിയാമെന്നും, പ്രതിയായ ഇയാൾ വീട്ടിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വന്നതാണെന്നും വീട്ടിൽ ആരുമില്ലാത്തതിനാൽ അവിടെ താമസിപ്പിച്ചുവെന്നും ഈ സ്ത്രീ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആർ.എസ്.എസുകാരനായ കൊലക്കേസിലെ പ്രതിയെ നേരത്തെ തന്നെ നേരിട്ടറിയാവുന്ന സ്ത്രീ ഒളിവിൽ താമസിപ്പിച്ചു എന്നത് ആർ.എസ്.എസ് ബന്ധമല്ലാതെ മറ്റെന്താണ്? -അദ്ദേഹം ചോദിച്ചു. രേഷ്മയുടേത് സി.പി.എം കുടുംബമാണെന്ന വാദം വാസ്തവവിരുദ്ധമാണെന്നും എം.വി ജയരാജൻ വ്യക്തമാക്കിയിരുന്നു.
സൈബർ ആക്രമണത്തിൽ മനം നൊന്തിരിക്കുകയാണ് രേഷ്മയുടെ കുടുംബം. നിജിൽ ദാസിന്റെ ഭാര്യ ദിപിനയുടെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ് രേഷ്മയെന്നു ഇവരുടെ മകൾ പറയുന്നു. ദിപിന ആവശ്യപ്പെട്ടിട്ടാണ് വീട് നൽകിയത്. നാല് ദിവസത്തേക്കാണു വീടു നൽകിയത്. വീട്ടിൽ കുറച്ചു പ്രശ്നങ്ങളുള്ളതിനാൽ മാറി നിൽക്കണമെന്ന് അമ്മയോടു പറഞ്ഞതു ദിപിനയാണെന്നും രേഷ്മയുടെ മകൾ പറയുന്നു.
എഗ്രിമെന്റ് തയാറാക്കി ഒപ്പിട്ടു വാങ്ങിയ ശേഷമാണു വീടു നൽകിയതെന്ന് രേഷ്മയുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. എരഞ്ഞോളി വടക്കുംഭാഗം പ്രദേശത്താണു രേഷ്മയുടെയും ദിപിനയുടെയും വീട്. ഇവർ ഉറ്റ സുഹൃത്തുക്കളുമായിരുന്നു. അടുത്ത കൂട്ടുകാരിയുടെ ഭർത്താവായതിനാലാണു വീടു നൽകിയതെന്നു രേഷ്മയുടെ മാതാപിതാക്കൾ പറയുന്നു. മകളുടെ ഭർത്താവ് പ്രശാന്തിന്റെയും തങ്ങളുടെയും സമ്മതത്തോടെയാണ് എഗ്രിമെന്റ് എഴുതി വാങ്ങി താക്കോൽ കൈമാറിയത്.
പൊലീസ് വീട്ടിൽ വന്നതോടെയാണ് അബദ്ധം പറ്റിയതായി മനസ്സിലാക്കിയത്. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന അപവാദ പ്രചാരണങ്ങൾ കണ്ടു നടുങ്ങിയെന്നും രേഷ്മയുടെ മാതാപിതാക്കൾ പറഞ്ഞു.
സ്ഥിരമായി വാടകയ്ക്കു നൽകുന്ന വീടാണിത്. സി.പി.എമ്മിന്റെ നേതൃത്വത്തിൽ പിണറായിയിൽ സംഘടിപ്പിച്ചിരുന്ന 'പിണറായിപ്പെരുമ' പരിപാടിക്ക് എത്തിയവരാണ് ഏപ്രിൽ ഒന്ന് മുതൽ എട്ട് വരെ താമസിച്ചിരുന്നത്. രേഷ്മയെ സൈബർ ഇടങ്ങളിൽ വളരെ മോശമായി ചിത്രീകരിച്ചവർക്ക് എതിരെയും ന്യൂമാഹി പൊലീസിനെതിരെയും മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് രേഷ്മയുടെ അഭിഭാഷകൻ പി. പ്രേമരാജൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.