രാജ്യസഭ: സി.പി.എം വിട്ടുവീഴ്ചക്ക് പിന്നിൽ അപ്രതീക്ഷിത ജനവിധി
text_fieldsതിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്തപരാജയം തീർത്ത പ്രത്യേക സാഹചര്യമാണ് രാജ്യസഭ സീറ്റിന്റെ കാര്യത്തിലെ അസാധാരണ വിട്ടുവീഴ്ചക്ക് സി.പി.എമ്മിനെ നിർബന്ധിതമാക്കിയത്. ലോക്സഭ ജനവിധിക്ക് മുമ്പായിരുന്നു സീറ്റ് വിഭജന ചർച്ചയെങ്കിൽ തീരുമാനം ഇവ്വിധമാകുമായിരുന്നില്ലെന്ന് ഉറപ്പ്. സ്വന്തം സീറ്റ് വിട്ടുകൊടുക്കുന്ന പതിവ് സി.പി.എമ്മിനില്ല. നിയമസഭ-തദ്ദേശ തെരഞ്ഞെടുപ്പുകൾ വരാനിരിക്കെ മുന്നണിയിൽ വിള്ളലുണ്ടായാൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പതിവ് വിട്ട് ചിന്തിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്.
തെറ്റുതിരുത്തിയും മാറ്റങ്ങൾക്ക് മുഖം കൊടുത്തും പരാജയത്തിന്റെ ക്ഷീണം മറികടക്കാൻ ശ്രമിക്കുന്ന ഘട്ടത്തിൽ പ്രത്യേകിച്ചും. കാലങ്ങളായി ആർ.എസ്.പി മത്സരിച്ചിരുന്ന കൊല്ലം ലോക്സഭ സീറ്റിന്റെ കാര്യത്തിൽ, അവർ മുന്നണി വിടുമെന്ന ഘട്ടം വന്നിട്ടുപോലും അയയാത്ത സി.പി.എമ്മാണ് ഇക്കുറി ഉപാധിയില്ലാതെ ഉദാരതക്ക് തയാറായതെന്നതും ശ്രദ്ധേയം. ‘‘പ്രത്യേക സാഹചര്യത്തിൽ എടുത്ത തീരുമാനമാണിതെന്ന്’’ മുന്നണി യോഗത്തിൽ മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയതും ഇക്കാര്യങ്ങൾ അടിവരയിടുന്നു.
ജനവിധിക്ക് ശേഷം ജോസ് കെ. മാണി വിഭാഗത്തെ തിരികെ വിളിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ യു.ഡി.എഫിൽ ഒറ്റപ്പെട്ട നിലയിൽ ഉയർന്നിരുന്നു. കേരള കോൺഗ്രസ് നിലവിൽ ഇരുമുന്നണികളിലായി ചിതറി നിൽക്കുകയാണെങ്കിലും പുനരൈക്യ സാധ്യതകൾ വിദൂരമല്ലെന്നതിന് മുൻകാല അനുഭവങ്ങൾ നിരവധിയാണ്. കെ.എം. മാണിയെ ഇടതുമുന്നണി പിന്തുടർന്ന് വേട്ടയാടിയിട്ടും അതെല്ലാം മറന്ന് പിന്നീട് കേരള കോൺഗ്രസ് സി.പി.എമ്മിന് കൈ കൊടുത്തിരുന്നു. മറിച്ചൊരു തീരുമാനത്തിന് അത്രത്തോളം കടുപ്പമുള്ളൊരു രാഷ്ട്രീയ കടമ്പ നിലവിൽ കേരള കോൺഗ്രസിന് മുന്നിലില്ലെന്നതും സി.പി.എം വിലയിരുത്തി.
യു.ഡി.എഫിലായിരിക്കെ 2018 ൽ ജയിച്ച രാജ്യസഭ സീറ്റുമായാണ് കേരള കോൺഗ്രസ് ഇടതുമുന്നണിയിലേക്കെത്തുന്നത്. ഇടതു പ്രവേശനത്തിന് തൊട്ടുപിന്നാലെ 2021 ജനുവരിയിൽ ജോസ് രാജിവെച്ചിരുന്നു. 2021 നവംബറിലാണ് ഇടതുമുന്നണിയുടെ ഭാഗമായി വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ സീറ്റ് തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാന്നായിരുന്നു കേരള കോൺഗ്രസ് വാദം. കോട്ടയം സീറ്റിൽ പരാജയപ്പെട്ടതോടെ ലോക്സഭയിലെ പ്രാതിനിധ്യം ഇല്ലാതായതും കേരള കോൺഗ്രസ് പിടിവള്ളിയാക്കി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനുവേണ്ടി കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ വിട്ടുകൊടുത്തതും മുന്നണിക്കുള്ളിൽ രണ്ടാം കക്ഷിയാണെന്നതുമായിരുന്നു സി.പി.ഐ വാദമുഖം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.