തൃശൂരിലെ തോൽവി; കെ. സുധാകരൻ എത്തിയിട്ടും അയയാതെ മുരളീധരൻ
text_fieldsകോഴിക്കോട്: അനുനയിപ്പിക്കാൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എത്തിയിട്ടും അയയാതെ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. തൃശൂരിലെ ദയനീയ പരാജയത്തെത്തുടർന്ന്, രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചുവെന്ന് പ്രഖ്യാപിച്ച് ഇടഞ്ഞുനിൽക്കുന്ന മുരളീധരനുമായി സുധാകരൻ വീട്ടിലെത്തി 50 മിനിറ്റോളം ചർച്ച നടത്തിയിട്ടും അദ്ദേഹത്തോടൊപ്പം മാധ്യമങ്ങളെ കാണാനോ പ്രതികരിക്കാനോ മുരളീധരൻ തയാറായില്ല.
പ്രശ്നത്തിന് പരിഹാരമായില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു സന്ദർശനശേഷമുള്ള കെ. സുധാകരന്റെ പ്രസ്താവനയും. പരിഹാരമാർഗം തനിക്ക് ഒറ്റക്ക് തീരുമാനിക്കാൻ കഴിയില്ലെന്നും പാർട്ടി ചർച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും സുധാകരൻ പറഞ്ഞു.
ഫലപ്രഖ്യാപന ദിവസം രാത്രി തൃശൂരിൽനിന്ന് കോഴിക്കോട്ട് എത്തിയ മുരളീധരൻ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത്, സന്ദർശകരെ അനുവദിക്കാതെ വീട്ടിൽ വിശ്രമിക്കുകയാണ്. വീടിന്റെ ഗേറ്റ് രണ്ടു ദിവസമായി തുറക്കുന്നില്ല. നേരത്തേ മുരളി വീട്ടിൽ ഉണ്ടാകുമ്പോൾ സന്ദർശകർക്കായി വീടിന്റെ ഗേറ്റ് തുറന്നിടുകയായിരുന്നു പതിവ്.
ഇതിന് വിപരീതമായി വീടിന്റെ ഗേറ്റ് പൂട്ടിയിടുന്നത് തീരുമാനത്തിൽനിന്ന് പിന്തിരിയാൻ തയാറായില്ലെന്നതിന്റെ സൂചനയാണ്. മുരളീധരനെ അനുനയിപ്പിക്കാൻ വ്യാഴാഴ്ച വൈകീട്ട് 5.30നാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ മുരളീധരന്റെ വണ്ടിപ്പേട്ടയിലെ ‘ജ്യോതിസ്’ വീട്ടിലെത്തിയത്. 6.20വരെ ജ്യോതിസിൽ ചെലഴവിച്ചു.
മുരളീധരനെ അനുനയിപ്പിക്കാൻ എത്തിയതാണോ എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തെപ്പോലെ മുതിർന്ന നേതാവിന് ഒരു പ്രശ്നം ഉണ്ടായാൽ അദ്ദേഹത്തെ കാണലും അനുനയിപ്പിക്കലും തന്റെ ഉത്തരവാദിത്തമല്ലേയെന്നായിരുന്നു സുധാകരന്റെ മറുപടി. രാഷ്ട്രീയപ്രവർത്തനത്തിലേക്ക് അദ്ദേഹത്തെ തിരിച്ചെത്തിക്കും. അതിൽ തർക്കമൊന്നും വേണ്ട. അപ്പോഴത്തെ വികാരത്തിന്റെ പേരിലാണ് അദ്ദേഹം അത്തരമൊരു പരാമര്‍ശം നടത്തിയത്.
അത് നമുക്ക് ഉൾക്കൊള്ളാൻ സാധിക്കും. മുരളീധരൻ പാർട്ടിയുടെ നേതാവായി തുടരും. അതിൽ തനിക്ക് ആത്മവിശ്വാസമുണ്ട്. മുരളീധരന് ഒരു ഓഫറും നൽകിയിട്ടില്ല. അദ്ദേഹം ഒരാവശ്യവും ഉന്നയിച്ചിട്ടുമില്ല. അര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ നല്കുന്ന കാര്യം പാര്‍ട്ടി ഒരുമിച്ച് തീരുമാനിക്കുമെന്നും കെ. സുധാകരന് പറഞ്ഞു. തൃശൂരില്‍ തെരഞ്ഞെടുപ്പില്‍ സംഘടനതലത്തില്‍ പാളിച്ചയുണ്ട്. അത് പാര്‍ട്ടി പരിശോധിച്ച് നടപടി എടുക്കും.
മുരളീധരനെ കാണാൻ കെ. സുധാകരൻ എത്തുമെന്ന് രാവിലെ മുതൽതന്നെ പ്രചാരണം ഉണ്ടായിരുന്നെങ്കിലും മട്ടന്നൂരിൽ സുധാകരൻ അത് നിഷേധിച്ചിരുന്നു. മാധ്യമങ്ങളെ ഒഴിവാക്കി രഹസ്യമായി കാണാനായിരുന്നു നീക്കം. രാവിലെ എം.കെ. രാഘവൻ എം.പിയും ‘ജ്യോതിസി’ലെത്തി മുരളീധരനുമായി ചർച്ച നടത്തിയിരുന്നു.
മുരളി തെരഞ്ഞെടുപ്പിനു ശേഷമുള്ള താൽക്കാലിക വിശ്രമത്തിലാണെന്നും സജീവമായി രാഷ്ട്രീയ രംഗത്ത് ഉണ്ടാകുമെന്നും രാഘവൻ മാധ്യമങ്ങളോട് പറഞ്ഞു. തൃശൂരിലെ തോൽവി സമഗ്രമായി പരിശോധിക്കും. മുരളീധരന് അതൃപ്തി എന്നത് മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രതിഷേധം മുരളീധരന്റെ സമ്മർദ തന്ത്രമാണെന്ന് പാർട്ടിയിലെ ഒരുവിഭാഗം വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.