പാലാരിവട്ടം മേൽപാലം നിർമാണത്തിലെ അപാകത; ആർ.ഡി.എസ് പ്രോജക്ടിനെ കരിമ്പട്ടികയിൽ പെടുത്തിയത് ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണത്തിലെ അപാകതയെത്തുടർന്ന് കരാർ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ടിനെ കരിമ്പട്ടികയിൽപെടുത്തിയ സർക്കാർ നടപടി ഹൈകോടതി റദ്ദാക്കി. അഞ്ചുവർഷത്തേക്ക് സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കാനാകാത്ത വിധം കമ്പനിയുടെ എ ക്ലാസ് ലൈസൻസ് റദ്ദാക്കിയ പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജിനീയറുടെ ഉത്തരവാണ് ചീഫ് ജസ്റ്റിസ് എ.ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളിയത്. സർക്കാർ നടപടി ശരിവെച്ച് ആഗസ്റ്റ് 23ന് സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കമ്പനി നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.
പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവരുകയും പുനർനിർമിക്കാൻ നടപടിയാവുകയും ചെയ്ത പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂൺ 27നാണ് ആർ.ഡി.എസിനെ വൈറ്റിലയിലെ സൂപ്രണ്ടിങ് എൻജിനീയർ കരിമ്പട്ടികയിൽപെടുത്തിയത്. പൊതുമരാമത്ത് മാന്വലിൽ പറയുന്ന ‘തൊഴിൽ വൈദഗ്ധ്യം’ പാലിച്ചില്ലെന്നായിരുന്നു ആരോപണം.
എന്നാൽ, ഈ വ്യവസ്ഥ പി.ഡബ്ല്യു.ഡി മാന്വലിൽ ഉൾപ്പെടുത്തിയത് 2020 ജൂൺ 23നാണെന്നും പാലാരിവട്ടം പാലത്തിന് തങ്ങൾ കരാർവെച്ചത് അതിനു മുമ്പാണെന്നുമായിരുന്നു കമ്പനിയുടെ വാദം. കാരണം കാണിക്കാതെയാണ് കരിമ്പട്ടികയിൽപെടുത്തിയത്. ഉദ്ഘാടനം നടത്താൻ 2016ൽ മഴക്കാലം വകവെക്കാതെ പണി പൂർത്തിയാക്കേണ്ടിവന്നു. 1992 മുതൽ നിർമാണ രംഗത്തുള്ള തങ്ങൾ ഇന്ത്യയൊട്ടാകെ നൂറിലേറെ പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്. കേരളത്തിൽ പൂർത്തിയാക്കിയ 45 പദ്ധതികളിൽ 23 എണ്ണം പാലങ്ങളാണെന്നും ആർ.ഡി.എസ് വാദിച്ചു.
മാന്വലിലുള്ള ‘തൊഴിൽ വൈദഗ്ധ്യം’ ഹരജിക്കാരുമായുള്ള കരാറിൽ പരാമർശിച്ചിട്ടില്ലെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കരാറിലില്ലാത്ത വ്യവസ്ഥയുടെ പേരിൽ കമ്പനിയെ കരിമ്പട്ടികയിൽപെടുത്താൻ സർക്കാറിന് അധികാരമില്ലെന്ന് നിരീക്ഷിച്ച് സർക്കാറിന്റെയും സിംഗിൾ ബെഞ്ചിന്റെയും ഉത്തരവുകൾ റദ്ദാക്കുകയായിരുന്നു. അതേസമയം, ഇരുകക്ഷികളിൽ ആരാണ് കരാർ ലംഘിച്ചത്, ആർക്കൊക്കെ നഷ്ടമുണ്ടായി, വിദഗ്ധസമിതി റിപ്പോർട്ട് നിയമപരമാണോ, കരിമ്പട്ടികക്ക് കാരണമായത് തൊഴിൽ വൈദഗ്ധ്യക്കുറവാണോ തുടങ്ങിയ വിഷയങ്ങൾ ഈ ഘട്ടത്തിൽ പരിശോധിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.