മൂന്നാറിൽ കൂറുമാറ്റം തുടരുന്നു; പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു
text_fieldsമൂന്നാർ: മൂന്നാർ ഗ്രാമപഞ്ചായത്തിൽ അംഗങ്ങളുടെ മുന്നണി മാറ്റം തുടരുന്നതിനിടെ പ്രസിഡന്റ് രാജിവെച്ചു. സി.പി.ഐയിലെ പ്രവീണ രവികുമാറാണ് രാജിവെച്ചത്.മൂന്നാംവാർഡായ ലക്കത്തുനിന്ന് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ച ദീപ രാജ്കുമാർ സി.പി.ഐയിൽ ചേർന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രവീണയുടെ രാജി.
യു.ഡി.എഫ് പാനലിൽ വിജയിച്ച പ്രവീണ രവികുമാർ 2022 ജനുവരിയിലാണ് പാർട്ടിയിൽനിന്ന് രാജിവെച്ച് സി.പി.ഐയിൽ ചേർന്നത്. മറ്റൊരു കോൺഗ്രസ് അംഗം എം. രാജേന്ദ്രനും അന്ന് രാജിവെച്ച് സി.പി.എമ്മിൽ ചേർന്നിരുന്നു. ഇതോടെ യു.ഡി.എഫിന് ഭരണം നഷ്ടമാവുകയും പ്രവീണയെ പ്രസിഡന്റും രാജേന്ദ്രനെ വൈസ് പ്രസിഡന്റുമാക്കി എൽ.ഡി.എഫ് ഭരണം പിടിക്കുകയും ചെയ്തു.
ഇതിനിടെ മൂന്നുമാസം മുമ്പ് സി.പി.എം അംഗം ബാലചന്ദ്രൻ കോൺഗ്രസിലേക്ക് കാലുമാറിയിരുന്നു. തുടർന്ന് പ്രവീണക്കെതിരെ യു.ഡി.എഫ് അവിശ്വാസം കൊണ്ടുവന്നെങ്കിലും പഞ്ചായത്ത് ഭരണസമിതിയിൽനിന്ന് രാജി വെച്ചതായി ബാലചന്ദ്രന്റെ പേരിൽ വ്യാജക്കത്ത് സെക്രട്ടറിക്ക് ലഭിച്ചതോടെ അവിശ്വാസ പ്രമേയ ചർച്ച നടന്നില്ല.
തുടർന്ന് ബാലചന്ദ്രൻ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയതിനെ തുടർന്ന് അംഗത്വം തിരിച്ചുകിട്ടി. ഇതോടെ 11 സീറ്റുമായി യു.ഡി.എഫിന് വീണ്ടും ഭൂരിപക്ഷമായി. എൽ.ഡി.എഫ് 10 സീറ്റിലേക്ക് ചുരുങ്ങി. ഇതിന്റെ അടിസ്ഥാനത്തിൽ യു.ഡി.എഫ് വീണ്ടും അവിശ്വാസപ്രമേയം കൊണ്ടുവരാൻ തയാറെടുക്കുന്നതിനിടെയാണ് ദീപ രാജ്കുമാർ സി.പി.ഐയിലേക്ക് മാറിയത്.
ഭരണംനിലനിർത്താൻ പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്താണ് സി.പി.ഐ ഇവരെ ചാക്കിലാക്കിയതെന്ന് പറയുന്നു. തുടർന്നാണ് നിലവിലെ പ്രസിഡന്റ് പ്രവീണ സെക്രട്ടറി മുമ്പാകെ പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കത്ത് നൽകിയത്.ആരോഗ്യ കാരണങ്ങളാൽ രാജി വെക്കുന്നു എന്നാണ് കത്തിൽ പറഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.