സാക്ഷികളുടെ കൂറുമാറ്റം: സി.പി.എം വാദം തള്ളി ഇ. ചന്ദ്രശേഖരൻ
text_fieldsതിരുവനന്തപുരം: തനിക്കെതിരായ അക്രമക്കേസിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയതിൽ സി.പി.എം വാദം നിയമസഭയിൽതന്നെ തള്ളി സി.പി.ഐ നേതാവും മുൻമന്ത്രിയുമായ ഇ. ചന്ദ്രശേഖരൻ. ബി.ജെ.പി പ്രവർത്തകർ ആക്രമിച്ച കേസിൽ പ്രതികളെ വിട്ടത് സി.പി.എം നേതാക്കൾ മൊഴി മാറ്റിയതിനാലാണെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
സാക്ഷികൾ കൂറുമാറിയിട്ടില്ലെന്ന് സി.പി.എം അംഗം കെ.പി. കുഞ്ഞമ്മദ് കുട്ടി നയപ്രഖ്യാപന നന്ദി പ്രമേയ ചർച്ചക്കിടെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് വ്യക്തിപരമായ വിശദീകരണത്തിൽ ഇ. ചന്ദ്രശേഖരൻ അതൃപ്തി പ്രകടിപ്പിച്ചത്. ഈ സമയം നടുത്തളത്തിൽ പ്രതിഷേധിക്കുകയായിരുന്ന പ്രതിപക്ഷാംഗങ്ങൾ ചന്ദ്രശേഖരന്‍റെ വിശദീകരണത്തെ കൈയടിച്ച് പിന്തുണച്ചു.
തെരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് വോട്ടർമാരെ നന്ദി അറിയിക്കാൻ പോയപ്പോൾ തന്നെയും ഇടതു നേതാക്കളെയും ബി.ജെ.പിക്കാർ ആക്രമിച്ചിരുന്നെന്ന് ചന്ദ്രശേഖരൻ പറഞ്ഞു. തന്നെ ആക്രമിച്ചതായി പൊലീസിന് നൽകിയ മൊഴിയാണ് താൻ കോടതിയിലും നൽകിയത്. എന്നാൽ, തന്നെ ആക്രമിച്ചതായി നേരത്തേ പൊലീസിന് മൊഴി നൽകിയ നാല് സാക്ഷികൾ കോടതിയിൽ മൊഴി മാറ്റി.
ഇത് കോടതി വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. ഫെബ്രുവരി രണ്ടിന് നയപ്രഖ്യാപന നന്ദി പ്രമേയ ചർച്ചയിൽ സാക്ഷികളെല്ലാം ഒരേനിലയിലാണ് മൊഴി നൽകിയതെന്നും പ്രതികളെ ആരും തിരിച്ചറിയാത്തതാണ് കേസ് പരാജയപ്പെടാൻ ഇടയാക്കിയതെന്നും കുറ്റ്യാടി എം.എൽ.എ പറഞ്ഞത് വസ്തുത വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.