കൂറുമാറ്റം: തീർപ്പാകാൻ 78 കേസുകൾ എട്ട് അംഗങ്ങളെ അയോഗ്യരാക്കി
text_fieldsതിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിൽ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിനുശേഷം കൂറുമാറ്റ നിരോധന നിയമ പ്രകാരം 78 കേസുകൾ കൂടി പരിഗണനയിലുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ അറിയിച്ചു. എട്ട് അംഗങ്ങളെ അയോഗ്യരാക്കി. ഇവരുടെ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പും നടന്നു. കമീഷന്റെ 30ാം സ്ഥാപകദിനത്തോട് അനുബന്ധിച്ച് ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള കേസുകളിൽ കമീഷൻ വിധി പറയുന്നതോടെ അംഗത്വം നഷ്ടപ്പെടുകയും അടുത്ത ആറ് വർഷത്തേക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കഴിയാതെ വരുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട അംഗം സ്വന്തം പാർട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയോ പാർട്ടി വിപ്പ് ലംഘിക്കുകയോ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചയാൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുകയോ ചെയ്താൽ കൂറുമാറ്റം ആരോപിച്ച് അതേ തദ്ദേശ സ്ഥാപനത്തിലെ മറ്റൊരു അംഗമോ രാഷ്ട്രീയ പാർട്ടി ചുമതലപ്പെടുത്തുന്നയാളോ നൽകുന്ന പരാതിയാണ് കമീഷൻ പരിഗണിച്ച് കോടതി നടപടിക്രമം പാലിച്ച് തീർപ്പാക്കുന്നത്.
ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭയും മുനിസിപ്പാലിറ്റിയിൽ വാർഡ് സഭയും കോർപറേഷനിൽ വാർഡ് കമ്മിറ്റിയും നിശ്ചിത ഇടവേളകളിൽ വിളിച്ചുചേർക്കാത്ത വാർഡ് അംഗത്തിനെ അയോഗ്യനാക്കാൻ തദ്ദേശ സ്ഥാപനത്തിലെ മറ്റൊരംഗത്തിനോ തദ്ദേശ സ്ഥാപന സെക്രട്ടറിക്കോ സർക്കാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആ വാർഡിലെ ഒരു വോട്ടർക്കോ കമീഷന്റെ കോടതിയിൽ ഹരജി ഫയൽ ചെയ്യാം. ഇക്കാര്യത്തിലും അയോഗ്യത സംബന്ധിച്ച് തീരുമാനമെടുക്കുന്നത് കമീഷനാണ്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ചശേഷം കൃത്യമായി ചെലവ് കണക്ക് നൽകാത്ത 9014 സ്ഥാനാർഥികളെ നേരേത്ത അയോഗ്യരാക്കിയിരുന്നു. സ്ഥാനാർഥികളും െതരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് രേഖകൾ തയാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും സൂക്ഷ്മത പുലർത്തി അയോഗ്യതക്ക് ഇടയാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കമീഷണർ ആവശ്യപ്പെട്ടു. ശിൽപശാലയിൽ അടുത്ത ഒരു വർഷക്കാലം നടത്തേണ്ട പരിപാടികളുടെ കരട് രേഖ തയാറാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.