ഹൈകോടതിയുടെ പേരിലെ വ്യാജ ഉത്തരവിൽ പ്രതിക്ക് മോചനം: അഡീ. പബ്ലിക് പ്രോസിക്യുട്ടർ പരാതി നൽകി
text_fieldsകൊച്ചി: ഹൈകോടതിയുടേതെന്ന പേരിൽ വ്യാജ ഉത്തരവ് ഹാജരാക്കി പ്രതിയെ മോചിപ്പിച്ചതായി ഹൈകോടതിയിൽ സ്റ്റേറ്റ് അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറുടെ പരാതി. ഭാര്യയെ കൊല്ലാൻ ശ്രമിച്ചെന്ന കേസിലെ പ്രതിയായ തിരുവനന്തപുരം തൈക്കാട് മേലാറന്നൂർ പുണർതം വീട്ടിൽ പ്രശാന്ത് കുമാറിനെ കരമന പൊലീസ് സ്റ്റേഷനിൽനിന്ന് അഭിഭാഷകൻ വ്യാജരേഖ ഹാജരാക്കി മോചിപ്പിച്ചെന്നാണ് ഹൈകോടതി രജിസ്ട്രാർ ജനറലിന് നൽകിയ പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നത്.
മുൻകൂർ ജാമ്യം തേടി പ്രശാന്ത് കുമാർ നൽകിയ ഹരജി ജനുവരി 21ന് ജസ്റ്റിസ് പി. ഗോപിനാഥ് പരിഗണിക്കുകയും സർക്കാറിന്റെ വിശദീകരണത്തിന് ഫെബ്രുവരി രണ്ടിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഹൈകോടതിയുടെ വെബ്സൈറ്റിൽ ഇത് രേഖപ്പെടുത്തിയിരുന്നു. ഈ പേജിന്റെ പകർപ്പെടുത്ത്, വിശദീകരണം തേടി കേസ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റിയെന്ന ഭാഗത്ത് അതുവരെ പ്രതിക്കെതിരെ നടപടി പാടില്ലെന്നുകൂടി കൂട്ടിച്ചേർത്താണ് സ്റ്റേഷനിൽ ഹാജരാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.
ഫെബ്രുവരി രണ്ടിന് പരിഗണിക്കാൻ മാറ്റിയിരുന്ന കേസ് പിന്നീട് കോടതിയിൽ എത്തിയില്ല. ഇതിനിടെ, ഫെബ്രുവരി 12ന് ഉച്ചയോടെ പ്രശാന്തിനെ പൊലീസ് പിടികൂടിയെങ്കിലും അരമണിക്കൂറിനുശേഷം അവിടെയെത്തിയ അഡ്വ. ഷാനു എന്നയാൾ സ്റ്റേഷൻ ഹൗസ് ഓഫിസറെ കാണുകയും പ്രതിക്കെതിരെ നടപടി പാടില്ലെന്ന് ഹൈകോടതി ഉത്തരവുണ്ടെന്ന് അറിയിക്കുകയും ചെയ്തു. വ്യാജരേഖയുടെ പകർപ്പ് കൈമാറിയതിനെത്തുടർന്ന് പ്രശാന്തിനെ പൊലീസ് മോചിപ്പിക്കുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്കെതിരായ നടപടികൾ ഹൈകോടതി തടഞ്ഞിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞത്. തുടർന്ന് പ്രതിയെ വീണ്ടും പിടികൂടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.