മുക്കുപണ്ടം പണയംെവച്ച് പണംതട്ടിയ പ്രതിക്ക് തടവും പിഴയും
text_fieldsകാഞ്ഞിരപ്പള്ളി: മുക്കുപണ്ടം പണയംെവച്ച് പണംതട്ടിയ സംഭവത്തിൽ 10 വർഷത്തിനൊടുവിൽ പ്രതിക്ക് ശിക്ഷ. എറണാകുളം ചിറങ്ങര വീട്ടിൽ ജിജി മാത്യുവിനെയാണ് കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആറുമാസം തടവിനും 10,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2010ലായിരുന്നു സംഭവം.
എരുമേലി മൂക്കൻപെട്ടിയിലുള്ള കടവിൽ ബാങ്കേഴ്സിൽനിന്നാണ് ജിജിയും കൂടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയുംകൂടി മൂന്നര പവനോളം വരുന്ന മുക്കുപണ്ടം പണയംെവച്ച് നാൽപതിനായിരത്തോളം രൂപ തട്ടിയത്. സ്ഥാപനമുടമ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ എത്തിയ പൊലീസ് ഇരുവരെയും അന്ന് തന്നെ കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. രണ്ടാംപ്രതിയെ കോടതി വെറുതെവിട്ടു.
അസി. പബ്ലിക് പ്രോസിക്യൂട്ടറായ കെ.എം. ആൻറണിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. മുക്കുപണ്ടം പണയംെവച്ച് പണംതട്ടുന്ന ഒരു മാഫിയ സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. നിയമത്തിലെ പോരായ്മ മൂലം ഇത്തരക്കാർ ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയാണ് പതിവ്. കബളിപ്പിക്കലിന് പുറമെ സാമ്പത്തിക കുറ്റകൃത്യം കൂടി ഉൾപ്പെടുത്തി കേസെടുക്കാൻ പൊലീസ് തയാറാകണം.
ബി.ഐ.എസ് ഹാൾമാർക്ക്ഡ് മുദ്ര വ്യാജമായി ഉണ്ടാക്കി പണംതട്ടുന്ന സംഘത്തെ പിടികൂടാൻ ശ്രമം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ഓൾ കേരള പ്രൈവറ്റ് ബാങ്ക് അസോസിയേഷൻ ഭാരവാഹികളായ ബാബുരാജ് ആണ്ടുമഠം, സലിം ശബരി, രജ്ഞിത് വെള്ളക്കല്ലുങ്കൽ, രാജീവ് കാർത്തിക, ജോർജ് ഐസക് കടവിൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.