വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന പ്രതികൾ അറസ്റ്റിൽ
text_fieldsവർക്കല: പൂട്ടിയിട്ടിരുന്ന വീട് കുത്തിത്തുറന്ന് ഏഴ് പവൻ സ്വർണവും 9000 രൂപയും കവർന്ന ശേഷം ഒളിവിലായിരുന്ന പ്രതികളെ അയിരൂർ പൊലീസ് പിടികൂടി. ചെമ്മരുതി കോവൂർ പുത്തൻവിളവീട്ടിൽ രാജീവ് (44), കോവൂർ എ.എം.എൽ.പി.എസിന് സമീപം ചരുവിളവീട്ടിൽ ബിനു (31) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ രണ്ടാംപ്രതിയായ കോവൂർ സ്വദേശി സാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അവനവഞ്ചേരി സ്വദേശിനിയായ ബിന്ദുവിെൻറ കോവൂരിലെ പൂട്ടിയിട്ടിരുന്ന വീട്ടിലാണ് പ്രതികൾ കവർച്ച നടത്തിയത്. മോഷണം, ലഹരിമരുന്ന് വിൽപന, കൊലപാതക ശ്രമം തുടങ്ങിയ നിരവധി കേസുകളിലും ഇവർ പ്രതികളാണ്. മോഷണം ചെയ്തെടുത്ത സ്വർണാഭരണങ്ങളിൽ ചിലത് പാളയംകുന്ന്, മുത്താന എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടെൻറ നേതൃത്വത്തിൽ അയിരൂർ പൊലീസ് ഇൻസ്പെക്ടർ ജി. ഗോപകുമാർ, എസ്.ഐ പി. രാജേഷ്, പൊലീസുകാരായ ജയ്മുരുകൻ, സജീവ്, ഹിമാദ് എന്നിവരുൾപ്പെട്ട സംഘമാണ് ദീർഘകാലമായി ഒളിച്ചുകഴിഞ്ഞിരുന്ന പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.