ഷാൻ വധം: കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ഹരജി തള്ളി
text_fieldsആലപ്പുഴ: എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ.എസ്. ഷാനെ കൊന്ന കേസിൽ കുറ്റപത്രം മടക്കണമെന്ന പ്രതിഭാഗം ഹരജി തള്ളി. ആലപ്പുഴ ജില്ല സെഷൻസ് കോടതിയുടേതാണ് നടപടി.
സ്ഥലം എസ്.എച്ച്.ഒ അല്ല കുറ്റപത്രം നൽകിയതെന്നും ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫിസറാണ് കുറ്റപത്രം നൽകേണ്ടതെന്നും സി ബ്രാഞ്ചിന് ഇതിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
2021 ഡിസംബർ 18ന് മണ്ണഞ്ചേരി - പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിൽനിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ഷാനെ പിന്നിൽ നിന്നെത്തിയ കാർ ഇടിച്ചുവീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആർ.എസ്.എസ് ജില്ല പ്രചാരകരടക്കം പ്രതികളാണ്. വയലാറിൽ ആർ.എസ്.എസ് പ്രവർത്തകൻ നന്ദുകൃഷ്ണയെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഷാനെ വധിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
മണ്ണഞ്ചേരി സ്വദേശി രാജേന്ദ്രപ്രസാദ്, അവലൂക്കുന്ന് സ്വദേശി വിഷ്ണു, കാട്ടൂര്‍ സ്വദേശി അഭിമന്യു, പൊന്നാട് സ്വദേശി സനന്ദ്, ആര്യാട് വടക്ക് സ്വദേശി അതുല്‍, കോമളപുരം സ്വദേശി ധനീഷ്, മണ്ണഞ്ചേരി സ്വദേശി ശ്രീരാജ്, പൊന്നാട് സ്വദേശി പ്രണവ്, കൊല്ലം ക്ലാപ്പന സ്വദേശി ശ്രീനാഥ്, കൊക്കോതമംഗലം സ്വദേശി മുരുകേശന്, കാട്ടൂര്‍ സ്വദേശി രതീഷ് എന്നിവരാണ് പ്രതികള്‍. ആലപ്പുഴ സെഷൻസ് കോടതിയിൽ 2022 മാർച്ച് 16നാണ് കുറ്റപത്രം സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.