കണ്ണുതുറപ്പിക്കാൻ ‘പിണങ്ങിക്കിടന്നും സമരം’
text_fieldsതിരുവനന്തപുരം: കേരള കാമരാജ് കോൺഗ്രസിെൻറയും മോസ്റ്റ് ബാക്ക്വേർഡ് കമ്യൂണിറ്റീസ് ഫെഡറേഷെൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പിണങ്ങിക്കിടപ്പ് സമരം’ സെക്രട്ടേറിയറ്റിന് മുന്നിൽ വേറിട്ട പ്രതിഷേധമായി. വിവിധജില്ലകളിൽ നിന്നെത്തിയ പതിനായിരങ്ങൾ അവകാശനിഷേധത്തിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ ഗേറ്റുമുതൽ പുളിമൂടുവരെ പിണങ്ങിക്കിടന്ന് പ്രതിഷേധിച്ചു. സ്ത്രീകളും കുട്ടികളും അടങ്ങുന്ന പ്രതിഷേധക്കാർ രാവിലെ ഏഴിന് തുടങ്ങിയ പ്രതിഷേധം 11.30 വരെ നീണ്ടു.
ഒ.ഇ.സി ആനുകൂല്യം മുടക്കംകൂടാതെ നൽകുക, ഗോപി കമീഷൻ റിപ്പോർട്ട് നടപ്പാക്കുക, ഒ.ബി.സി വിജിലൻസ് രൂപവത്കരിക്കക, ഉദ്യോഗ വിദ്യാഭ്യാസ സംവരണം പുനഃപരിഷ്കരിക്കുക, വൈകുണ്ഡസ്വാമി ജന്മദിനമായ മാർച്ച് 12 പൊതുഅവധിയാക്കുക, തീരദേശ മത്സ്യത്തൊഴിലാളികൾക്ക് പട്ടയംനൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പിണങ്ങിക്കിടപ്പ് സമരം സംഘടിപ്പിച്ചത്.
കേരള കാമരാജ് കോൺഗ്രസ് (കെ.കെ.സി) സംസ്ഥാന പ്രസിഡൻറ് വിഷ്ണുപുരം ചന്ദ്രശേഖരൻ സമരം ഉദ്ഘാടനം ചെയ്തു. മുപ്പതോളം ആവശ്യങ്ങളുന്നയിച്ചാണ് പിണങ്ങിക്കിടപ്പ് സമരം സംഘടിപ്പിച്ചത്. ആവശ്യങ്ങൾ അംഗീകരിക്കാൻ മന്ത്രിമാരായ എ.കെ. ബാലൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ ഒക്ടോബർ 21ന് ചർച്ചക്ക് സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിൽ അനുഭാവപൂർവമായ സമീപനം സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെ.കെ.സി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. കുട്ടപ്പൻ ചെട്ടിയാർ, വി.വി. കരുണാകരൻ, സുഭാഷ് ബോസ്, പയ്യന്നൂർ ഷാജി, പൊൻകുന്നം ഗോപാലൻ നായർ തുടങ്ങിയവർ നേതൃത്വംനൽകി.
ഹർത്താൽ ദിനമായതിനാൽ വാഹനങ്ങൾ നിരത്തിൽ കുറവായിരുന്നെങ്കിലും പിണങ്ങിക്കിടപ്പ് സമരംകാരണം എം.ജി റോഡുവഴിയുള്ള ഗതാഗതം പൊലീസ് രാവിലെ മുതൽ തന്നെ വഴിതിരിച്ചുവിട്ടിരുന്നു. ഗയാഗതം തടസ്സപ്പെടുത്തിയതിന് വിഷ്ണുപുരം ചന്ദ്രശേഖരൻ അടക്കം നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.