ഏല കൃഷിയുടെ മറവിൽ വന നശീകരണം; 3500 മരങ്ങളുടെ മേൽഭാഗം മുറിച്ചുമാറ്റി
text_fieldsഅടിമാലി: കല്ലാർവാലി എസ്റ്റേറ്റിൽ ഏല കൃഷിയുടെ മറവിൽ വ്യാപക വന നശീകരണം. ഫോറസ്റ്റ് ഫ്ലൈയിങ് സ്‌ക്വാഡിന്‍റെ അന്വേഷണത്തിൽ 70 ഏക്കറിലെ 3500 മരങ്ങളുടെ മേൽഭാഗം മുറിച്ചുമാറ്റിയതായി കണ്ടെത്തി.300 ഏക്കറിന് മുകളിൽ സ്ഥലമാണ് കല്ലാർവാലി എസ്റ്റേറ്റിനുള്ളത്. ബാക്കി സ്ഥലത്ത് ഇതിന്‍റെ ഇരട്ടിയോളം മരങ്ങൾ നശിപ്പിച്ചതായും ചുവടോടെ പിഴുതെടുത്തവ മണ്ണിൽ മൂടിയതായും വനപാലകർ സംശയിക്കുന്നു. പരിശോധന തുടരുകയാണെന്ന് കോതമംഗലം ഫ്ലൈയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ സാജു വർഗീസ്, മൂന്നാർ ഫ്ലൈയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസർ സിബി എന്നിവർ പറഞ്ഞു.
ഏല കൃഷിക്ക് സ്ഥലം ഒരുക്കാൻ ചെറിയ രീതിയിൽ മരച്ചില്ലകൾ വെട്ടിമാറ്റാൻ ദേവികുളം റേഞ്ചിൽനിന്ന് അനുമതി വാങ്ങിയശേഷം പള്ളിവാസൽ സെക്ഷനിലെ ഉദ്യോഗസ്ഥരുമായി ഒത്തുചേർന്ന് വന നശീകരണം നടത്തുകയായിരുന്നു.മൂന്നാർ ഡി.എഫ്.ഒക്ക് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ വന നശീകരണം കണ്ടെത്തിയത്. തുടർന്ന് രണ്ട് വനം വകുപ്പ് ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയാണ് വന നശീകരണം നടന്നതെന്നാണ് ആരോപണം.
ഉന്നത സ്വാധീനമുള്ള എസ്റ്റേറ്റ് നടത്തിപ്പുകാരെ കേസിൽനിന്ന് ഒഴിവാക്കി മരം മുറിച്ചവരെയും സൂപ്പർവൈസർമാരെയും പ്രതികളാക്കി കേസ് ഒതുക്കിത്തീർക്കുകയാണെന്നും ആക്ഷേപമുണ്ട്.സംസ്ഥാനത്ത് ഏറ്റവും വിവാദമായ മൂട്ടിൽ മരംമുറിയെക്കാൾ വലിയ വന നശീകരണം കണ്ടെത്തിയെങ്കിലും കേസ് വലിച്ചുനീട്ടുകയാണ്. രാസവസ്തുക്കൾ ഉപയോഗിച്ച് മരങ്ങൾ ഉണക്കിയ ശേഷം ചുവടെ വെട്ടിമാറ്റിയ സംഭവങ്ങളുമുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മരംമുറി ആരംഭിച്ചത്. നിയമം മറികടന്ന് വലിയ ശിഖരങ്ങൾപോലും മുറിച്ചു. മുറിച്ചവ പിന്നീട് വിറകാക്കി ലേലത്തിൽ വെച്ചു. ഇത് തോട്ടം ഉടമകൾതന്നെ ലേലത്തിൽ പിടിച്ചു. എന്നാൽ, തടി കൊണ്ടുപോകാനായില്ല.ദേവികുളം റേഞ്ചിൽ ആനവിരട്ടി വില്ലേജിലെ ഏലത്തോട്ടം 25 വർഷമായി കൃഷിയില്ലാതെ തൊഴിൽ തർക്കങ്ങളിൽപെട്ട് കിടക്കുകയായിരുന്നു.
ആന്ധ്ര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം 2021ൽ കട്ടപ്പന സ്വദേശികൾ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. ഇതിന്റെ മറവിലാണ് വൻതോതിൽ മരങ്ങളുടെ ശിഖരം മുറിച്ചത്.പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ് കല്ലാർവാലി എസ്റ്റേറ്റ് ഉൾപ്പെടുന്ന പ്രദേശം. അടിമാലി റേഞ്ചിൽ കുരിശുപാറയിൽ നെല്ലിത്താനം എസ്റ്റേറ്റിലും അടുത്തിടെ വലിയതോതിൽ വന നശീകരണം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.