ജീര്‍ണത ബാധിച്ച സി.പി.എം തകര്‍ച്ചയിലേക്ക്-വി.ഡി. സതീശൻ
text_fieldsകൊച്ചി: ജീര്‍ണത ബാധിച്ച സി.പി.എം തകര്‍ച്ചയിലേക്ക് പോകുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എമ്മില്‍ നടക്കുന്ന കാര്യങ്ങള്‍ യു.ഡി.എഫ് ഗൗരവമായി നിരീക്ഷിക്കുന്നുണ്ട്. സി.പി.എമ്മിനെ ജീര്‍ണത ബാധിച്ചിരിക്കുകയാണെന്ന് പറഞ്ഞത് പ്രതിപക്ഷമാണ്. പക്ഷെ ഇപ്പോള്‍ നടക്കുന്നത് ആഭ്യന്തര പ്രശ്‌നങ്ങളാണ്. അതേക്കുറിച്ച് പ്രതികരിക്കുന്നതില്‍ അനൗചിത്യമുണ്ട്. പാര്‍ട്ടിയുടെ മുകളില്‍ നടക്കുന്ന കാര്യങ്ങളില്‍ നല്ല കമ്മ്യൂണിസ്റ്റുകാര്‍ സംതൃപ്തരല്ല. നല്ല കമ്മ്യൂണിസ്റ്റുകള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പിലും ഞങ്ങള്‍ക്ക് വോട്ട് ചെയ്തവരാണ്.
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡിനെ ലാഭത്തിലാക്കി കടം കുറച്ചുകൊണ്ടുവന്നു. 2016-ല്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ വൈദ്യുതി ബോര്‍ഡിന്റെ അതുവരെയുള്ള കടം 1083 കോടി രൂപയായിരുന്നു. ഇപ്പോള്‍ അത് 45000 കോടിയായി. കെടുകാര്യസ്ഥതയാണ് വൈദ്യുതി ബോര്‍ഡില്‍ നടക്കുന്നത്. സാധാരണക്കാരാണ് അതിന്റെ തിക്തഫലം അനുഭവിക്കുന്നത്.
ഇപ്പോള്‍ മൂന്നാമത്തെ തവണ ചാര്‍ജ്ജ് കൂട്ടാനാണ് വൈദ്യുതി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. കയ്യില്‍ പണമില്ലാത്ത സര്‍ക്കാരാണ് അനര്‍ഹരമായവര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നത്. അനര്‍ഹര്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്ന് സി.എ.ജി ചൂണ്ടിക്കാട്ടിയിട്ടും രണ്ടു വര്‍ഷമായി ഈ സര്‍ക്കാര്‍ എവിടെയായിരുന്നു. ശമ്പളം കൈപ്പറ്റുന്നതിനൊപ്പം സാമൂഹിക സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നത് ഗുരുതര കുറ്റകൃത്യമാണ്.
അത്തരക്കാരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തട്ടിപ്പ് കാട്ടിയവരുടെ പേരുകള്‍ പുറത്തു വിടണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ എന്തുകൊണ്ട് വൈകുന്നു എന്നതു സംശയകരമാണ്. എയ്ഡഡ് സ്‌കൂളുകളില്‍ മൂന്ന് വര്‍ഷം മുന്‍പ് സ്ഥിര നിയമനം കിട്ടിയ അധ്യാപകരെ ദിവസ വേതനക്കാരാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സര്‍ക്കാരിനല്ലാതെ ആര്‍ക്ക് ഇത്തരം തലതിരിഞ്ഞ തീരുമാനങ്ങള്‍ എടുക്കാനാകും.
മന്ത്രിയായിരുന്നപ്പോള്‍ നീതിപൂര്‍വകമായി പെരുമാറിയിരുന്ന ആളായിരുന്നു ജി. സുധാകരന്‍. അദ്ദേഹത്തിനോട് ഞങ്ങള്‍ക്കൊക്കെ ആദരവും സ്‌നേഹവും ബഹുമാനവുമുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ അസ്തിത്വത്തെയോ പാര്‍ട്ടി കൂറിനെയോ ഞങ്ങള്‍ ആരും ചോദ്യം ചെയ്യില്ല. കെ.സി വേണുഗോപാലും ജി സുധാകരനും തമ്മില്‍ വ്യക്തിപരമായ അടുപ്പമുണ്ട്. അവരുടെ കൂടിക്കാഴ്ചയെ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കേണ്ടതില്ല.
കേരള കോണ്‍ഗ്രസ് മാണി വിഭാഗവുമായി യു.ഡി.എഫ് ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. എല്‍.ഡി.എഫില്‍ നില്‍ക്കുന്ന ജോസ് കെ. മാണിയുടെ വിശ്വാസ്യത ചോദ്യ ചെയ്യേണ്ട ആവശ്യം ഞങ്ങള്‍ക്കില്ല. വാര്‍ത്തായ്ക്ക് പിന്നില്‍ ഞങ്ങളല്ല. അപ്പുറത്ത് നില്‍ക്കുന്ന ഒരാളുടെ വിശ്വാസ്യത തകര്‍ക്കുന്ന പ്രചരണം ഞങ്ങള്‍ നടത്തില്ല. ചര്‍ച്ച നടത്തേണ്ട ഒരു രാഷ്ട്രീയ സാഹചര്യം ഉണ്ടായാല്‍ അപ്പോള്‍ ആലോചിക്കാം. ഇപ്പോള്‍ അത്തരമൊരു സാഹചര്യമില്ല.
വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാട് എടുക്കുന്ന പ്രസ്ഥാനമാണ് യു.ഡി.എഫ്. ആ നിലപാടില്‍ ആകൃഷ്ടരായി ആരെങ്കിലും വന്നാല്‍ അവരെ പാര്‍ട്ടിയിലേക്ക് എടുക്കുന്നതിനെ കുറിച്ച് ആലോചിക്കാം. ഏതെങ്കിലും പാര്‍ട്ടി നേതാക്കള്‍ക്ക് പിന്നാലെ നടന്ന് അവരെ കോണ്‍ഗ്രസിലേക്കോ യു.ഡി.എഫിലേക്കോ കൊണ്ടുവരാന്‍ ഞങ്ങള്‍ ശ്രമിക്കില്ല. അത്തരത്തില്‍ ധാരാളം പേര്‍ കോണ്‍ഗ്രസിലേക്ക് വരുന്നുണ്ട്. ഉദയംപേരൂരില്‍ 73 പേരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേതാക്കള്‍ മാത്രമല്ല പ്രവര്‍ത്തകര്‍ ഉള്‍പ്പെടയുള്ളവര്‍ കോണ്‍ഗ്രസിലേക്ക് വരുന്നുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.