വയനാട്ടിൽ ടൗൺഷിപ്പിന് ഭൂമി കണ്ടെത്താൻ വൈകുന്നു; സ്വന്തംനിലയിൽ ഭൂമി കണ്ടെത്തി പുനരധിവാസം നടത്താൻ മുസ്‌ലിം ലീഗ്
text_fieldsകോഴിക്കോട്: വയനാട് പുനരധിവാസത്തിനായി ടൗൺഷിപ്പിന് ഭൂമി കണ്ടെത്താൻ വൈകുന്നതിനാൽ സ്വന്തംനിലയിൽ ഭൂമി കണ്ടെത്തി പുനരധിവാസം നടത്താനുള്ള നീക്കവുമായി മുസ്‌ലിം ലീഗ്. ഇന്ന് ചേരുന്ന ഉപസമിതി യോഗത്തിൽ റിപ്പോർട്ട് തയാറാക്കി വ്യാഴാഴ്ച കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ സമർപ്പിക്കും. അന്തിമ തീരുമാനം ഇതിനുശേഷമാകും സ്വീകരിക്കുക. ദുരന്താധിതരോടുള്ള കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ അവഗണനക്കെതിരെ യൂത്ത് ലീഗ് ഇന്ന് സമരം നടത്തും.
ദുരന്തബാധിതർക്കായി 100 വീടുകൾ നിർമിച്ച് നൽകുമെന്നായിരുന്നു മുസ്‌ലിം ലീഗ് അറിയിച്ചിരുന്നത്. പിന്നീടാണഅ സർക്കാർ ടൗൺഷിപ് പ്രഖ്യാപിച്ചത്. ഇതോടെ സർക്കാർ കണ്ടെത്തുന്ന ഭൂമിയിൽ വീട് വെക്കാമെന്നായിരുന്നു തീരുമാനം. എന്നാൽ ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കാൻ സർക്കാറിനു മുന്നിൽ നിയമപ്രശ്നം വരികയും തുടർനടപടി നീളുകയുമാണ്. ഇതോടെയാണ് സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി വീടുകൾ നിർമിച്ചുനൽകാൻ ലീഗ് ആലോചിക്കുന്നത്.
കഴിഞ്ഞദിവസം, 100 വീട് നിർമിച്ച് നൽകാമെന്ന കർണാടകയുടെ വാഗ്ദാനത്തിൽ കേരള സർക്കാറിന്‍റെ ഭാഗത്തുനിന്ന് മറുപടി ലഭിച്ചില്ലെന്ന് കാണിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. കേരള സര്‍ക്കാറിന് നൽകിയ വാഗ്ദാനത്തിൽ നാളിതുവരെ മറുപടി ലഭിക്കാത്തതിനാൽ പദ്ധതി നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. വീട് നിര്‍മിക്കാനുള്ള സ്ഥലം പണം നൽകി വാങ്ങാനും നിര്‍മാണം നടത്താനും കര്‍ണാടക തയാറാണെന്നും സിദ്ധരാമയ്യ കത്തിൽ ചൂണ്ടിക്കാട്ടി. ചീഫ് സെക്രട്ടറി തലത്തിലും വിഷയം സംസാരിച്ചിരുന്നു. വീട് നിർമിച്ച് നൽകാമെന്ന വാഗ്ദാനം നടപ്പാക്കാൻ കർണാടക ഇപ്പോഴും തയാറാണെന്ന് കത്തിൽ പറയുന്നു.
വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായതിന് പിന്നാലെ 100 വീട് നിർമിച്ച് നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് മുഖ്യമന്ത്രി സിദ്ധരാമയ്യ വാഗ്ദാനം ചെയ്തിരുന്നു. കൂടാതെ, ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന സഹായത്തിനായി മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരെ വയനാട്ടിലേക്ക് നിയോഗിക്കുകയും ചെയ്തു.
കേരള സർക്കാറിന്‍റെ വയനാട് പുനരധിവാസ പ്രവർത്തനങ്ങൾ വൈകുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. വീട് നിർമിക്കാനുള്ള ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ സർക്കാറിനോട് ആവശ്യപ്പെട്ടു. കൂടാതെ, ദുരിതാശ്വാസ സഹായം ഉടൻ പൂർത്തിയാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധ സൂചകമായി മേപ്പാടി മുതൽ കൽപ്പറ്റ വരെ വെള്ളിയാഴ്ച യൂത്ത് കോൺഗ്രസ് ലോങ് മാർച്ച് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.