വീട്ടമ്മയുടെ പരാതിയിൽ കാലതാമസം; എസ്.ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ
text_fieldsകോട്ടയം: പൊതുസ്ഥലത്ത് വീട്ടമ്മയെ ശല്യം ചെയ്തെന്ന പരാതിയിൽ കേസെടുത്ത് തുടർനടപടികൾ സ്വീകരിക്കാൻ കാലതാമസം വരുത്തിയതിന് വൈക്കം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ വീഴ്ച സംഭവിച്ചെന്ന ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. എസ്. ശ്രീനിവാസാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടത്. വൈക്കം സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ അജ്മൽ ഹുസൈൻ, അസി. സബ് ഇൻസ്പെക്ടർ വിനോദ്, സിവിൽ പൊലീസ് ഓഫിസർമാരായ ബിനോജ്, പി.ജെ. സാബു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
13നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് പോകവെ പ്രദേശവാസിയായ യുവാവ് തടഞ്ഞുനിർത്തി തന്നോട് മോശമായി സംസാരിച്ചെന്നും അതിക്രമത്തിന് ശ്രമിച്ചെന്നും വൈക്കം സ്വദേശിനിയായ വീട്ടമ്മ അന്ന് തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, പരാതി ലഭിച്ച് രണ്ടു ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസെടുക്കാൻ തയാറായില്ല. ഇതേതുടർന്ന് വീട്ടമ്മ ജില്ല പൊലീസ് മേധാവിക്കടക്കം പരാതി നൽകുകയായിരുന്നു.
അതിനുശേഷം 16ന് മാത്രമാണ് കേസെടുത്തത്. തുടർന്ന് പരാതിയിൽ പൊലീസ് സ്വീകരിച്ച നടപടിയെക്കുറിച്ച് ജില്ല പൊലീസ് റിപ്പോർട്ട് തേടിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി.ഐ.ജി നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
ഇവർക്കെതിരെ വകുപ്പുതല അന്വേഷണം തുടരും. കഴിഞ്ഞദിവസം കേസിലെ പ്രതിയെ പിടികൂടിയെന്നും പൊലീസ് അവകാശപ്പെടുന്നു. എന്നാൽ, സ്ത്രീകൾക്ക് നേരെ അതിക്രമമുണ്ടായെന്ന പരാതി ലഭിച്ചാൽ ഉടൻ കേസെടുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ, വീട്ടമ്മയുടെ പരാതിയിൽ കേസെടുക്കാൻ കാലതാമസമുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.