വിവരാവകാശ അപേക്ഷക്ക് മറുപടി വൈകിപ്പിച്ചു; എക്‌സിക്യൂട്ടിവ് എൻജിനീയര്‍ക്ക് 25,000 രൂപ പിഴ
text_fieldsആമ്പല്ലൂര്‍: വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് മറുപടി ലഭിച്ചില്ലെന്ന് കാട്ടിയുള്ള പരാതിയിൽ 25,000 രൂപ പിഴയൊടുക്കാൻ ഉത്തരവ്. പൊതുപ്രവര്‍ത്തകനായ മുപ്ലിയം സ്വദേശി കെ.ജി. രവീന്ദ്രനാഥിന്റെ പരാതിയിലാണ് എറണാകുളത്തെ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയറോട് സംസ്ഥാന വിവരാവകാശ കമീഷന്‍ പിഴയടക്കാന്‍ ഉത്തരവിട്ടത്. മുപ്ലിയം പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടി എന്താണെന്ന് ചോദിച്ചാണ് രവീന്ദ്രനാഥ് അപേക്ഷ നല്‍കിയത്. നല്‍കിയ അപേക്ഷക്ക് നിശ്ചിതസമയം കഴിഞ്ഞ ശേഷമാണ് മറുപടി ലഭിച്ചത്.
തുടര്‍ന്നാണ് യഥാസമയം മറുപടി ലഭിച്ചില്ലെന്ന പരാതിയുമായി സംസ്ഥാന കമീഷനെ സമീപിച്ചത്. കമീഷന്‍ കക്ഷികളെ എറണാകുളത്ത് ഹിയറിങ്ങിന് വിളിപ്പിച്ച് വാദം കേള്‍ക്കുകയും ചെയ്തു. രവീന്ദ്രനാഥ് മന്ത്രിക്കുനല്‍കിയ പരാതി പരിശോധിച്ച് നടപടി എടുത്ത ശേഷമാണ് അദ്ദേഹത്തിന് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി നല്‍കിയതെന്ന എക്സിക്യൂട്ടിവ് എന്‍ജിനീയറുടെ വാദം കമീഷന്‍ അംഗീകരിച്ചില്ല. വിവരാവകാശ അപേക്ഷയില്‍ നിശ്ചിത സമയ പരിധിക്കുള്ളില്‍ മറുപടി നല്‍കുകയെന്നതാണ് പ്രധാനമെന്ന് കമീഷന്‍ ഓര്‍മിപ്പിച്ചു.
30 ദിവസത്തിനുള്ളില്‍ നല്‍കേണ്ട മറുപടി ഒമ്പതുമാസം കഴിഞ്ഞ് നല്‍കിയത് ഗുരുതര കൃത്യവിലോപം ആണെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. ബലക്ഷയം സംഭവിച്ച മുപ്ലിയം പാലത്തിലൂടെ അനുവദിക്കപ്പെട്ടതിനെക്കാള്‍ കൂടുതല്‍ ഭാരവുമായി നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് രവീന്ദ്രനാഥ് പൊതുമരാമത്ത് മന്ത്രിക്ക് പരാതി നല്‍കിയിരുന്നത്. എത്ര ടണ്‍ ഭാരമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത് എന്ന ബോര്‍ഡ് സ്ഥാപിക്കണമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
പാലത്തില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കണമെന്നും അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്നും മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാതെ വന്നപ്പോഴാണ് എന്തുനടപടിയാണ് ഇക്കാര്യത്തില്‍ കൈക്കൊണ്ടത് എന്നറിയാന്‍ വിവരാവകാശ അപേക്ഷ നല്‍കിയത്.ഇതിനും മറുപടി ലഭിക്കാതെ വന്നതോടെയാണ് സംസ്ഥാന വിവരാവകാശ കമീഷണര്‍ക്ക് പരാതി നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.