നാടിനൊപ്പം നിൽക്കണം നായകൻ - സംവിധായകൻ ജയരാജ്
text_fieldsയഥാർഥ ജനസേവകൻ മറ്റുള്ളവരുടെ സന്തോഷം സ്വന്തം സന്തോഷമായും മറ്റുള്ളവരുടെ ദുഃഖം സ്വന്തം ദുഃഖമായും കാണുന്നയാളാകണം. അതൊരു സന്യാസജീവിതമാണ്. മറ്റൊരാൾക്ക് വേദനിക്കുമ്പാൾ നമുക്കും മറ്റൊരാൾ സന്തോഷിക്കുേമ്പാൾ നമുക്കും സന്തോഷിക്കാൻ കഴിയണം. അത്തരത്തിലൊരാളായി മനസ്സ് പാകപ്പെട്ടവനാകണം ജനസേവകൻ.
പ്രജകൾക്ക് വേണ്ടിയുള്ള ഇറങ്ങിപ്പുറപ്പെടലാണ് ജനസേവകേൻറത്. ത്യാഗനിർഭരജീവിതത്തിലേക്കുള്ള പുറപ്പെടലാണത്. എല്ലാ യാത്രകളും വീട്ടിലേക്ക് മടങ്ങാനുള്ളതാണെങ്കിൽ ഇത് ജനങ്ങളിലേക്കുള്ള യാത്രയാണ്. ജനങ്ങളല്ലാതെ വീടോ കുടുംബമോ സ്വന്തം താൽപര്യങ്ങളോ മുന്നിലുണ്ടാകരുത്. നാടിെൻറ നിലനിൽപിനുവേണ്ടി നിൽക്കുന്നവനാരോ അവനാകണം നായകൻ. ശാശ്വതമായ, വരുംതലമുറയെക്കൂടി മുന്നിൽക്കണ്ടുള്ള ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് നാടിനു വേണ്ടത്.
ജനിച്ചുവീഴുന്ന കുഞ്ഞിെൻറ അവകാശമാണ് ശുദ്ധമായ വായു, വെള്ളം, ആകാശം, പ്രകൃതി, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ. അവന്/അവൾക്ക് അത് ഉറപ്പാക്കുക. അതാണ് യഥാർഥ വികസനം. മനുഷ്യനോട് ചേർന്നുനിൽക്കുന്ന പ്രകൃതിയെ നിലനിർത്തുന്ന അവസ്ഥ ഉണ്ടാകണം. മനുഷ്യനു മാത്രം അവകാശപ്പെട്ടതല്ല ഭൂമി. സർവചരാചരങ്ങൾക്കും അവകാശത്തോടെ ജീവിക്കാനാകണം. അതുറപ്പുവരുത്തുന്നവനെ ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്. അതിൽ പാർട്ടിയോ മതമോ ജാതിയോ വർണമോ കടന്നുവരരുത്. ആ വ്യക്തി നമുക്കുേവണ്ടി നിൽക്കുമോ എന്നത് മാത്രമാണ് ചോദ്യം. വികസനം എന്നത് അംബരചുംബികളായ കെട്ടിടങ്ങളോ വിമാനത്താവളങ്ങളോ അല്ല. വോട്ട് ചെയ്യാതിരിക്കൽ നല്ല പ്രവണതയല്ല. കോട്ടയം നിയോജക മണ്ഡലത്തിലാണ് വോട്ട്. ഇത്തവണയും വോട്ട് രേഖപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.