വർഗീയശക്തികളെ അധികാരത്തിൽ എത്തിക്കുന്നത് ഭിന്നതയും ദുരഭിമാന ചിന്തയും; മതേതര പാർട്ടികൾ അഹന്ത വെടിയണം -കെ.എൻ.എം
text_fieldsകോഴിക്കോട്: മതേതര പാർട്ടികളിലെ ഭിന്നതയും ദുരഭിമാന ചിന്തയുമാണ് വർഗീയശക്തികളെ അധികാരത്തിൽ എത്തിക്കുന്നത് എന്നതിന്റെ അവസാന തെളിവാണ് ഡൽഹി തെരെഞ്ഞെടുപ്പ് ഫലമെന്ന് കെ.എൻ.എം സംസ്ഥാന പ്രതിനിധി സമ്മേളനം. പരാജയം മുന്നിൽ കാണുമ്പോഴും ആരാണ് വലുത് എന്ന തർക്കമാണ് മതേതര പക്ഷത്ത് നടക്കുന്നത്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉണ്ടായ ഐക്യമെങ്കിലും കാത്തുസൂക്ഷിക്കാൻ മതേതര പാർട്ടികൾ തയാറാവണം. ഫലസ്തീൻ ജനതയുടെ പ്രയാസങ്ങൾ ദൂരീകരിക്കാനാണ് ലോകം ഇപ്പോൾ കൈകോർക്കേണ്ടതെന്നും കോഴിക്കോട്ട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ആവശ്യപ്പെട്ടു.
നവോത്ഥാനം, പ്രവാചക മാതൃക എന്ന പ്രമേയത്തിൽ ഫെബ്രുവരി മുതൽ ഏപ്രിൽ വരെ സംസ്ഥാനത്തെ മുഴുവൻ കെ.എൻ.എം മണ്ഡലങ്ങളിലും സമ്മേളനം നടക്കും. തിരഞ്ഞെടുത്ത നഗരങ്ങളിൽ നവോത്ഥാന സമ്മേളനം സംഘടിപ്പിക്കും. ഫെബ്രുവരി 22ന് വൈകീട്ട് നാല് മണിക്ക് മുതലക്കുളത്ത് കെ.എൻ.എം നവോത്ഥാന സമ്മേളനം സംഘടിപ്പിക്കും. കെ.എൻ.എം ജനറൽ സെക്രട്ടറിയായിരുന്ന എം. മുഹമ്മദ് മദനിയുടെ പേരിൽ വിചിന്തനം വാരിക പുറത്തിറക്കുന്ന സ്പെഷൽ പതിപ്പ് സമ്മേളനത്തിൽ പ്രകാശനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ല കോയ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. നൂർ മുഹമ്മദ് നൂർഷ, എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട്, പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, ഡോ. ഹുസൈൻ മടവൂർ, പി.കെ. ഇബ്രാഹിം ഹാജി, പി.വി. ആരിഫ്, അഷ്റഫ് ഷാഹി, എം.ടി. അബ്ദു സമദ് സുല്ലമി, എ. അസ്ഗർ അലി, ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, ഡോ. സുൾഫിക്കർ അലി, അബ്ദുറഹ്മാൻ മദനി പാലത്ത്, എം. സ്വലാഹുദ്ദീൻ മദനി, ഡോ. അബ്ദുൽ ഹസീബ് മദനി, ഡോ. പി.പി. അബ്ദുൽ ഹഖ്, ഹനീഫ് കായക്കൊടി, ശരീഫ് മേലെതിൽ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.