'മനുഷ്യാവകാശത്തെ ചവിട്ടിമെതിക്കുന്നത് കേരളത്തിലെന്നതിൽ ഉത്കണ്ഠയുണ്ട്' -അനുപമക്ക് ഐക്യദാർഢ്യവുമായി ദിവ്യ ദ്വിവേദി
text_fieldsകോഴിക്കോട്: അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പരാതിക്കാരി അനുപമക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി ഐ.ഐ.ടി പ്രഫ. ദിവ്യ ദ്വിവേദി. മാതൃ-ശിശു അവകാശങ്ങൾ ഉറപ്പു വരുത്തേണ്ട നിയമ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും ദുരുപയോഗം ചെയ്താണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന വസ്തുത അമ്പരപ്പിക്കുന്നതാണെന്ന് ദിവ്യ ദ്വിവേദി പറഞ്ഞു. ഒരു സ്ത്രീയെന്ന നിലയിൽ അനുപമയുടെ മനുഷ്യാവകാശത്തെ ഭരണകൂടം ചവിട്ടി മെതിക്കുന്നത് കേരളത്തിലാണെന്ന കാര്യം ഉത്കണ്ഠയിലാഴ്ത്തുന്നുവെന്നും ദിവ്യ ദ്വിവേദി അനുപമക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
കത്തിന്‍റെ പൂർണരൂപം:
പ്രിയപ്പെട്ട അനുപമ എസ്. ചന്ദ്രന്,
ചരിത്രപരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്ത്രീയുടെ അന്തസിനേയും സ്വാതന്ത്ര്യത്തേയും സംബന്ധിച്ച എല്ലാ മൂല്യങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും ഉടമ്പടികളെയുമെല്ലാം നഗ്നമായി ലംഘിച്ചു കൊണ്ട്, തന്‍റെ കുഞ്ഞിനെ തന്നിൽ നിന്ന് അപഹരിച്ചതിനെ കുറിച്ച് അനുപമയെന്നോട് ഫോണിൽ പറഞ്ഞപ്പോൾ അതെന്നെ ശരിക്കും വേദനിപ്പിക്കുകയും ദേഷ്യപ്പെടുത്തുകയും ചെയ്തു. ജന്മം നൽകിയ കുഞ്ഞിൽ നിന്നകറ്റപ്പെട്ട ഒരമ്മയുടെ തീവ്രദുഃഖമാണ് എന്നെ കരയിച്ചത്. ഈ സംഭവങ്ങളുടെ പേരിൽ ആ കുഞ്ഞ് ഭാവിയിൽ കടന്നു പോയേക്കാവുന്ന ആഘാതങ്ങളെ കുറിച്ചോർത്തപ്പോഴും എന്‍റെ കണ്ണുകൾ നിറഞ്ഞു. അമ്മയെന്ന നിലയിലുള്ള സ്ത്രീസ്വാതന്ത്ര്യം അലംഘനീയമായ മനുഷ്യാവകാശം തന്നെയാണ്. ഒരു സ്ത്രീയെന്ന നിലയിൽ അനുപമയുടെ മനുഷ്യാവകാശത്തെ ഭരണകൂടം ചവിട്ടിമെതിക്കുന്നത് കേരളത്തിലാണെന്ന കാര്യം എന്നെ ഉത്കണ്ഠയിലാഴ്ത്തുന്നു.
എന്‍റെ മനസിലുള്ള പ്രബുദ്ധ സാക്ഷര കേരളം വെറുമൊരു കാൽപനിക മോഹമല്ല; മറിച്ച് അനവധി ആക്സ്മിതകളുടെ നിസ്തുല സംഭാവനയാണ്. എന്നിക്ക് അനവധി സുഹൃത്തുക്കളുള്ള കേരളത്തിലാണിത് സംഭവിക്കുന്നതെന്നോർക്കുമ്പോൾ എന്‍റെ ദേഷ്യം വർധിക്കുകയാണ്. ഞാൻ ഏറെ ആരാധിക്കുന്ന ഡോ. പൽപ്പു, ഒ.വി. വിജയൻ, എം.ടി. വാസുദേവൻ നായർ, കമലാ സുരയ്യ, മഹാത്മ അയ്യൻകാളി എന്നിവരുടെയും മറ്റനവധി പുരോഗമന രാഷ്ട്രീയധാരകളുടേയും കേരളത്തിലാണല്ലോ അനുപമക്ക് ഇങ്ങനെയൊരു അനുഭവമുണ്ടാകുന്നത്. മാതൃ-ശിശു അവകാശങ്ങൾ ഉറപ്പു വരുത്തേണ്ട നിയമസ്ഥാപനങ്ങളേയും സംവിധാനങ്ങളേയും ദുരുപയോഗിച്ചു കൊണ്ടാണ് അനുപമയിൽ നിന്ന് അവളുടെ കുഞ്ഞിനെ തട്ടിയെടുത്തത് എന്ന വസ്തുത എന്നെ അമ്പരപ്പിക്കുന്നു.
കേരളത്തിൽ ഉടലെടുക്കുന്ന ഈ വൈചിത്ര്യം എന്നെ ഭയപ്പെടുത്തുന്നുമുണ്ട്. നവജാതതലമുറകൾ മോഷ്ടിക്കപ്പെടുന്നതും, രാഷ്ട്രീയ പ്രസ്ഥാനങ്ങളും നിയമസ്ഥാപനങ്ങളും ജാതികോടതികളായി രൂപാന്തരപ്പെടുന്ന ഭയാനകവൈചിത്ര്യം! മാത്രവുമല്ല, ആധുനിക നിയമവ്യവസ്ഥയുടെ അടിസ്ഥാന ഘടകമായ 'ഹേബിയസ് കോർപ്പസി'ന് പോലും അനുപമയെ അവളുടെ കുഞ്ഞുമായി ഒന്നിപ്പിക്കാനാകുന്നില്ലല്ലോ എന്ന വസ്തുത ലോകത്തെ എല്ലാ കോണിലുമുള്ള സമസ്ത മനുഷ്യരും ഗൗരവമായി കാണേണ്ടതാണ്.
പക്ഷെ അനുപമയോട് എന്നിക്ക് പറയാനുള്ളത് നിരാശപ്പെടരുതെന്നാണ്. നമ്മുടെ ഭരണഘടന സംവിധാനങ്ങളും അന്താരാഷ്ട്ര ഉടമ്പടികളും നീതിന്യായ വ്യവസ്ഥയുമെല്ലാം അനുപമക്കൊപ്പമുണ്ട്. അനുപമക്കും അവളുടെ കുഞ്ഞിനുമിടയിൽ മതിലുകൾ സൃഷ്ടിക്കുന്നവരുടെ പൊയ്മുഖം താമസിയാതെ ചീന്തിയെറിയപ്പെടുമെന്നതിൽ എനിക്ക് സംശയമില്ല. ലോകത്തിന്‍റെ പല ദേശങ്ങളേയും ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഫാസിസത്തിന്‍റെ അന്ധകാരത്തിന് കീഴ്പ്പെടുന്ന ചുടുവെണ്ണീരല്ല കേരളത്തിന്‍റെ മനസ്. ചരിത്രത്തിന്‍റെ പലതരം കൂടിച്ചേരലുകളിലൂടെയും പോരാട്ടങ്ങളിലൂടേയും നിരന്തരം പുതുക്കി കൊണ്ടിരിക്കുന്ന ഒരു വാഗ്ദാനമാണ് കേരളം. അനുപമയും നിമിഷ രാജുവും ദീപ മോഹനനും പാർവ്വതി തിരുവോത്തും ഉൾപ്പെടുന്ന പുതുതലമുറയാണ് ഈ വാഗ്ദാനത്തിന്‍റെ വാഹകർ. കൂടുതൽ ഉയർന്നതും ഭിന്നവുമായ ഒരു രാഷ്ട്രീയത്തിന്‍റെ മുന്നണി പോരാളികളാണ് നിങ്ങളെല്ലാവരും.
ജയ് ഭീം, നീൽ സലാം,
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.