ഡൽഹി കൂടിക്കാഴ്ച: ബി.ജെ.പിയുമായി കൈകോർക്കാനുള്ള റിഹേഴ്സലെന്ന് ചെന്നിത്തല, ബ്രേക്ക്ഫാസ്റ്റ് മീറ്റിങ് മാത്രം-മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ദേശീയതലത്തിൽ ഇൻഡ്യ മുന്നണിയിൽ നിൽക്കുമ്പോൾ തന്നെ കേരളത്തിൽ ബി.ജെ.പിയുമായി കൈകോർത്തു പിടിക്കാനുള്ള ശ്രമങ്ങളുടെ റിഹേഴ്സലാണ് ഡൽഹി കേരള ഹൗസിൽ നടന്നതെന്ന് രമേശ് ചെന്നിത്തല. കാബിനറ്റ് ശ്രേണിയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന കേന്ദ്ര ധനമന്ത്രിയുമായി എന്ത് അനൗദ്യോഗിക കൂടിക്കാഴ്ചയാണ് നടത്തിയതെന്ന് കേരള മുഖ്യമന്ത്രി വിശദീകരിക്കണം.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ച ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്ന അഭിസംബോധനയോടെയായിരുന്നു ചെന്നിത്തലയുടെ പരാമർശങ്ങൾ. ‘മുഖ്യമന്ത്രി എന്താണ് കേന്ദ്ര ധനമന്ത്രിയുമായി ചർച്ച ചെയ്തതെന്ന് പി.ആർ.ഡിയുടെ വാർത്തക്കുറിപ്പിൽ പറയുന്നില്ല.
കേന്ദ്ര ധനമന്ത്രി കേരളത്തിന്റെ മുഖ്യമന്ത്രിയെ കേരള ഹൗസിൽ വന്ന് കൂടിക്കാഴ്ച നടത്തിയതിൽ രാഷ്ട്രീയം കാണുന്നെങ്കിൽ എന്താണ് തെറ്റ്. ഗവർണർക്ക് രാഷ്ട്രീയമുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ഗവർണർമാർ രാഷ്ട്രീയം കളിക്കുകയാണ്. കേരളത്തിന്റെ ഗവർണർ ഒരു പാലമായി പ്രവർത്തിക്കുന്നെന്ന് പറഞ്ഞാൽ തെറ്റാണെന്ന് പറയാനാകുമോ -ചെന്നിത്തല പറഞ്ഞു.
അത് ബ്രേക്ക്ഫാസ്റ്റ് മീറ്റിങ് മാത്രം-മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് ഉയർന്ന വിമർശനങ്ങൾക്ക് വിശദീകരണവും മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്തും സൗഹൃദ സംഭാഷണം മാത്രമാണ് നടന്നതെന്നും അതൊരു ബ്രേക്ക്ഫാസ്റ്റ് മീറ്റിങ് മാത്രമായിരുന്നെന്നും ധനാഭ്യർഥന മറുപടിയിൽ മുഖ്യമന്ത്രി വിശദീകരിച്ചു.
നിർമല സീതാരാമനെ കണ്ടതിൽ എന്തോ വലിയ സംഭവം നടന്നതു പോലെയാണ് പ്രതിപക്ഷം അവതരിപ്പിക്കുന്നത്. എനിക്ക് എന്റെ രാഷ്ട്രീയമുണ്ട്. ഗവർണർക്ക് അദ്ദേഹത്തിന്റേതും കേന്ദ്ര ധനമന്ത്രിക്ക് അവരുടേതും. രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങൾ തമ്മിൽ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകുന്ന അവസ്ഥയുണ്ടാകുമോ.
കൂടിക്കാഴ്ചയിൽ പൊതുവായ കാര്യങ്ങളാണ് സംസാരിച്ചത്. നാടിനെതിരായ ചർച്ചയല്ല. നാടിന്റെ നിരവധി പ്രശ്നങ്ങൾ ചർച്ച ചെയ്തു. കേരളത്തിന്റെ കാര്യങ്ങളിൽ ധനമന്ത്രി ഗൗരവമായ അഭിപ്രായങ്ങളും പ്രകടിപ്പിച്ചു. മറ്റുതരത്തിൽ ഒരു നിവേദനം കൊടുക്കലിനുള്ള അവസരമായി ആ ‘ബ്രേക്ക് ഫാസ്റ്റ് മീറ്റിങ്ങി’നെ മാറ്റിയില്ല. ഗവർണർ പാലമായി നിൽക്കുന്നെന്നാണ് പ്രതിപക്ഷ വിമർശനം. ഗവർണർ ക്ഷണിച്ചിട്ടല്ല, ഞാൻ കൂടിക്കാഴ്ചക്ക് ചെന്നത്. ഞാൻ ക്ഷണിച്ച പ്രകാരമാണ് ഗവർണർ എത്തിയത് -അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.