ഡൽഹി സമരം: കേരളത്തിലെ കോൺഗ്രസുകാർ കർണാടകയെ കണ്ടുപഠിക്കണമെന്ന് ഇ.പി. ജയരാജൻ
text_fieldsന്യൂഡൽഹി: കേരളത്തിലെ കോൺഗ്രസുകാർ കർണാടകയെ കണ്ടുപഠിക്കണമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. സംസ്ഥാന സർക്കാറിന്റെ വികസനത്തെ മുരടിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. കേരളത്തിലെ കോൺഗ്രസ് ഒറ്റപ്പെടുമെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
കേന്ദ്ര സർക്കാർ കേരളത്തോട് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ്. സംസ്ഥാനത്തിന്റെ വികസന പ്രവർത്തനത്തെ തളർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി.
ബി.ജെ.പിയിതര സംസ്ഥാന സർക്കാറുകൾക്ക് കൂച്ചുവിലങ്ങിടാൻ ശ്രമിക്കുന്ന മോദി സർക്കാർ നയങ്ങൾക്കെതിരെ ഇടതു മുന്നണിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്നാണ് പ്രതിഷേധം നടക്കുക. ബി.ജെ.പി നേരിട്ടോ പങ്കാളിത്തത്തോടെയോ ഭരിക്കുന്ന 17 സംസ്ഥാനങ്ങളോട് ലാളനയും മറ്റിടങ്ങളിൽ പീഡനവും എന്ന കേന്ദ്ര സമീപനത്തിനെതിരെയാണ് പ്രതിഷേധം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിസഭാംഗങ്ങൾ, എം.പി-എം.എൽ.എമാർ തുടങ്ങിയവരും ഡി.എം.കെ, ആം ആദ്മി പാർട്ടി, ആർ.ജെ.ഡി, എൻ.സി.പി, ജെ.എം.എം, ഇടത് പാർട്ടി പ്രതിനിധികളും പങ്കെടുക്കും.
കേന്ദ്രത്തിനെതിരെ കർണാടക സർക്കാറിന്റെ സമരം ബുധനാഴ്ച ജന്തർമന്തറിൽ നടന്നിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അടക്കം മന്ത്രിമാരും ഭരണപക്ഷ എം.എൽ.എമാരും സമരത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.