ഡൽഹി നിവാസികൾ ഭയപ്പെടേണ്ട; കേരളത്തിൽ നിന്നും ഒാക്സിജൻ എത്തും
text_fieldsതിരുവനന്തപുരം: ഒാക്സിജൻ ക്ഷാമം അനുഭവപ്പെടുന്ന രാജ്യതലസ്ഥാനമായ ഡൽഹിക്ക് സഹായം വാഗ്ദാനം ചെയ്ത് കേരള സർക്കാർ. ഡൽഹിക്ക് ഒാക്സിജൻ നൽകാൻ സന്നദ്ധമാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി വി.പി ജോയ് വ്യക്തമാക്കി. എന്നാൽ, കേരളത്തിൽ നിന്ന് ഒാക്സിജൻ ഡൽഹിയിൽ എത്തിക്കുന്നതിനുള്ള മാർഗമാണ് വെല്ലുവിളി നേരിടുന്നതെന്നും ചീഫ് സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.
ഒാക്സിജൻ എത്തുന്നതിനുള്ള മാർഗം സംബന്ധിച്ച് ഡൽഹി-കേരള ചീഫ് സെക്രട്ടറിമാർ തമ്മിലുള്ള ചർച്ച പുരോഗമിക്കുകയാണ്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേരളാ മുഖ്യമന്ത്രിയുടെ ഒാഫീസുമായി നിരന്തരം ബന്ധപ്പെട്ടു വരികയാണ്. ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക കത്ത് ലഭിച്ചാലുടൻ ഒാക്സിജൻ അയക്കാനുള്ള നീക്കം തുടങ്ങാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഒാക്സിജൻ നൽകണമെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്‍റെയും വിവിധ മലയാളി സംഘടനകളുടെയും അഭ്യർഥന മാനിച്ചാണ് കേരള സർക്കാറിന്‍റെ തീരുമാനം. കൂടാതെ, ഡൽഹി മലയാളികളുെട ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് ജന സംസ്കൃതി, ഡിസ്ട്രസ് മാനേജ്മെന്‍റ് കളക്ടീവ് അടക്കമുള്ള മലയാള കൂട്ടായ്മകൾ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു.
ഒാക്സിജൻ ക്ഷാമം നേരിടുന്ന ഡൽഹിക്ക് കേരളം ഒാക്സിജൻ നൽകി സഹായിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഏകദേശം 10 ലക്ഷം മലയാളികള്‍ക്ക് ആശ്രയമരുളുന്ന ഡല്‍ഹി ഇന്നുവരെ അനുഭവിച്ചിട്ടില്ലാത്ത വിഷമഘട്ടത്തില്‍ കൂടെ കടന്നു പോവുകയാണ്. നൂറുകണക്കിന് ആള്‍ക്കാര്‍ ഓക്‌സിജന്‍റെ അഭാവംമൂലം പിടഞ്ഞു മരിക്കുന്നു. കേരളത്തില്‍ അധികമുള്ള ഒാക്സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡൽഹിയിൽ എത്തിക്കണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.